പട്ടണക്കാട്

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് (സ്പെഷ്യല്‍ ഗ്രേഡ്). പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 15.34 ചതുരശ്ര കിലോമീറ്ററാണ്. പട്ടണക്കാട് റവന്യൂവില്ലേജ് മുഴുവന്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടും. പ്രസിദ്ധമായ അന്ധകാരനഴി ഈ പഞ്ചായത്തിന്റെ ഒന്നാംവാര്‍ഡിലാണ്. പഞ്ചായത്തിന്റെ ഒന്നും രണ്ടും വാര്‍ഡുകള്‍ കടല്‍തീരത്തോട് ചേര്‍ന്നു കിടക്കുന്നു. സമതലത്തില്‍ അങ്ങിങ്ങായി കാണുന്ന ചാലുകളും നിലങ്ങളുമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രത്യേകത. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് വയലാര്‍ പഞ്ചായത്തും തെക്ക് കടക്കരപ്പള്ളി പഞ്ചായത്തും വടക്ക് തുറവൂര്‍ പഞ്ചായത്തുമാണ്. പഞ്ചായത്തില്‍ ആകമാനം മണ്ണിന്റെ അമ്ളാംശം വളരെ കൂടുതലാണ്. പട്ടണക്കാട് പഞ്ചായത്ത് എന്നും ഒരു കാര്‍ഷിക ഗ്രാമമായിരുന്നു. തെങ്ങ്, നെല്ല്, ഇടവിളകള്‍ എന്നിവയായിരുന്നു ഇവിടുത്തെ കൃഷി. 4 കിലോമീറ്ററോളം നീളം വരുന്ന സമുദ്രതീരത്തെ ഏതാണ്ട് 4000 ത്തോളം ആളുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്പാദനവും അനുബന്ധചെറുകിടവ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നു. 13-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്ത് കപ്പല്‍ നിര്‍മ്മാണത്തിന് കയര്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ലോകപ്രസിദ്ധ ചരിത്രകാരന്‍ മാര്‍ക്കോ പോളോ അറബ് രാജ്യങ്ങളില്‍ കയര്‍ തടുക്ക് ഉപയോഗിച്ചിരുന്നതായി വിവരിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം അറബ് രാഷ്ട്രങ്ങള്‍ കയര്‍ വാങ്ങുന്നത് എവിടെനിന്നാണെന്ന് മനസിലാക്കുകയും നാളികേര തൊണ്ടിന്റെ ചകിരികൊണ്ട് കയര്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ആലപ്പുഴയില്‍ കയര്‍ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ചുതുടങ്ങിയത് 1859 ല്‍ ജയിംസ് ഡാറ എന്ന വിദേശിയായിരുന്നു. ബ്രിട്ടണിലേയും പശ്ചിമ ഉപഭൂഖണ്ഡത്തിലേയും തണുപ്പുള്ള സാഹചര്യത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ അല്പം സുഖകരമായ തറവിരിപ്പ് നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.