പട്ടാമ്പി

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, നെല്ലായ, ഓങ്ങല്ലൂര്‍, പട്ടാമ്പി, പരുതൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂര്‍ എന്നീ പത്തു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത്. കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, നെല്ലായ, ഓങ്ങല്ലൂര്‍, പട്ടാമ്പി, പരുതൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പട്ടാമ്പി ബ്ളോക്ക് പഞ്ചായത്തിന് 224.21 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 15 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് തൂതപ്പുഴയും, കിഴക്കുഭാഗത്ത് ഷൊര്‍ണ്ണൂര്‍ നഗരസഭയും, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ളോക്കുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഭാരതപ്പുഴയും, തൂതപ്പുഴയുമാണ് പട്ടാമ്പി ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ബ്ളോക്ക് പഞ്ചായത്തുകളിലൊന്നാണ്, ജില്ലയുടെ വടക്കുപടിഞ്ഞാറെയറ്റത്ത് നിളയുടെയും തൂതയുടെ തലോടലേറ്റു സ്ഥിതി ചെയ്യുന്ന പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 180 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടാമ്പി ബ്ളോക്ക്, കേരളത്തിലെ 13 കാര്‍ഷിക കാലാവസ്ഥ മേഖലകളില്‍ സെന്‍ട്രല്‍ മിഡ്ലാന്റ് സോണില്‍ ഉള്‍പ്പെടുന്നു. ബ്ളോക്ക് പ്രദേശത്ത് കൂടുതലായി ചരല്‍ കലര്‍ന്ന ചുമന്ന മണ്ണും, സമതലങ്ങളില്‍ ചുവന്ന പശിമരാശി മണ്ണൂം പാടങ്ങളില്‍ മണല്‍ കലര്‍ന്ന കളിമണ്ണും കണ്ടുവരുന്നു. ബ്ളോക്ക് പ്രദേശത്ത് മറ്റ് പാലക്കാടന്‍ ഗ്രാമങ്ങളെപ്പോലെ തന്നെ പൊതുവെ മഴയുടെ ലഭ്യത കുറവാണ്. ഈ ബ്ളോക്കുപ്രദേശത്ത് നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, സുഗന്ധവിളകള്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, കശുമാവ് മുതലായവയാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത്. പുതിയ കാലഘട്ടത്തില്‍ പതുക്കെ പതുക്കെ റബ്ബര്‍കൃഷിയും ഈ ഭാഗത്ത് വ്യാപിച്ചുവരുന്നു. പ്രശസ്തമായ മധ്യമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, മണ്ണു പരിശോധനാകേന്ദ്രം എന്നിവ പട്ടാമ്പിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1956 ഒക്ടോബര്‍ രണ്ടാം തീയതിയാണ് പട്ടാമ്പി ബ്ളോക്ക് നിലവില്‍ വന്നത്. ഇന്നത്തെ പരൂതൂര്‍ ഒഴികെയുള്ള ഒമ്പത് പഞ്ചായത്തുകളും പിന്നീട് മുനിസിപ്പാലിറ്റിയായി മാറിയ ഷൊര്‍ണ്ണൂര്‍ പഞ്ചായത്തും ഉള്‍പ്പെട്ടതായിരുന്നു ആദ്യകാലത്ത് പട്ടാമ്പി ബ്ളോക്ക്.