ചരിത്രം

ഖാണ്ഡവദാഹകാലത്ത് “കത്തിയ ഊര്” എന്ന സ്ഥലനാമം “കത്തിയൂരം”പിന്നീട് പത്തിയൂരായി മാറി എന്നാണ് ഐതിഹ്യം.  കായംകുളം രാജാവും ഈ പ്രദേശത്തിന്റെ ചരിത്രവുമായി വളരെ ബന്ധം നില്‍ക്കുന്നു. പഴയ ഓടനാടു രാജവംശത്തിന്റെ പിന്‍തുടര്‍ച്ചയാണ് കായംകുളം രാജവംശം. രാജാവിന്റെ ആരാധനമൂര്‍ത്തിയായിരുന്ന എരുവ ശ്രീകൃഷ്ണസ്വാമിയും ക്ഷേത്രവും ഇന്നും ഐശ്വര്യത്തോടെ പത്തിയൂര്‍ ഗ്രാമത്തോട് തോളുരുമ്മി നിലകൊള്ളുന്നു. കായംകുളം രാജവംശത്തിന്റെ ഐശ്വര്യത്തിന് നിദാനമായ “ശ്രീചക്രം” രാമനയ്യനാല്‍ അപഹരിക്കുകപ്പെടുകയും വേണാടിന് പേടിസ്വപ്നമായിരുന്ന സമരചതുരനായ എരുവ അച്ചുതവാര്യര്‍ ചതിവില്‍ കൊല്ലപ്പെടുകയും ചെയ്തതേടെ കായംകുളം രാജാവ് പരാജയപ്പെടുകയും ആ പ്രദേശം വേണാടിനോട് ചേര്‍ക്കപ്പെടുകയും ചെയ്തു. കായംകുളം രാജാവിന്റെ കച്ചേരി (സര്‍ക്കാര്‍ ഓഫീസ്) പത്തിയൂരായിരുന്നു എന്നു പറയപ്പെടുന്നു. “പത്തി” അഥവാ സേനാഘടകം പാര്‍ത്തിരുന്നിടം പത്തിയൂരായി എന്ന് കരുതാം. സേനയെ പരിശീലിപ്പിക്കാന്‍ അമ്പലപ്പുഴയില്‍ നിന്നു കൊണ്ടുവന്ന മാത്തൂര്‍ പണിക്കര്‍മാര്‍ക്ക് കരം ഒഴിവായി  കിട്ടിയ സ്ഥലത്തിന്റെ സാമീപ്യം ഇതിനു തെളിവായി കാണാം. രാജാവ് കുറ്റവാളികളെ കഴുവേറ്റിയിരുന്ന (തൂക്കിലിട്ടിരുന്ന) സ്ഥലം കഴുവേറ്റും കുഴിയും പിന്നീട് കരുവറ്റുംകുഴിയുമായി എന്ന് കരുതാം. ആയിരക്കണക്കിന് യുദ്ധവീരന്മാരെ ആയുധാഭ്യാസം ചെയ്യിപ്പിച്ചിരുന്ന കളരികളും അതിനോടു ചേര്‍ന്ന കളരിഭഗവതി ക്ഷേത്രങ്ങളും നാടെങ്ങും ഉണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ഉറക്കം കെടുത്തിയിരുന്ന കായംകുളം കൊച്ചുണ്ണിയുടെ ഒളിസങ്കേതങ്ങളായിരുന്ന കാട്ടുപ്രദേശങ്ങള്‍ കുറ്റിക്കാടുകളായി ചുരുങ്ങി. നാടിന് അഭിമാനിക്കത്തക്ക സംഭാവനകള്‍ നല്‍കിയ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ മഹത് വ്യക്തി‍കളുടെ  ഒരു നീണ്ട പട്ടിക തന്നെ ഈ ഗ്രാമത്തിനു പറയാനുണ്ട്. കാര്‍ഷിക ശാസ്ത്രരംഗത്ത് ദേശീയ തലത്തില്‍  അംഗീകാരം നേടിയ യുവശാസ്ത്രജ്ഞനായ പത്തിയൂര്‍ ഗോപിനാഥ് ആദ്യമായി  മലയാള സാഹിത്യത്തില്‍ ഒരു സംഗീതനാടകം രചിക്കുകയും ഭാഷയ്ക്ക് അഭിമാനിക്കത്തക്ക മറ്റ് അനവധി സംഭാവനകള്‍ നല്‍കുകയും ചെയ്ത എരുവചക്രപാണി വാര്യര്‍, പഴയ ആട്ടക്കഥകളോട്  കിടപിടിക്കുന്ന ആട്ടക്കഥകള്‍ രചിച്ച എ.കെ.ഗോപാലകൃഷ്ണ പിള്ള, കലാമണ്ഡലം ശങ്കരന്‍കുട്ടി, ഏവൂര്‍ ദാമോദരന്‍ നായര്‍, കെ.പി.എ.സി.ലളിത ഇങ്ങനെ നീണ്ട പട്ടിക തന്നെ ഉദാഹരണമാണ്. ബുദ്ധമതത്തിന്റെ അവശിഷ്ടങ്ങള്‍ സമീപ പ്രദേശങ്ങളില്‍ കാണാറുണ്ട്. പഞ്ചായത്തിലാകെ രണ്ട് പ്രധാന മുസ്ളിംപളളികളുണ്ട്. നാല് ക്രിസ്ത്യന്‍പള്ളികളും അഞ്ച് ദേവിക്ഷേത്രങ്ങളും മൂന്ന് ശിവക്ഷേത്രങ്ങളും ഒരു ശാസ്താക്ഷേത്രവും ഉള്‍പ്പെടെ ഒന്‍പത് ഹിന്ദുദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. പത്തിയൂര്‍  പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് നാടിന് ഐശ്വര്യം പകര്‍ന്ന് ഹൈന്ദവ-ഇസ്ളാമിക ക്രൈസ്തവ ദേവാലയങ്ങളും  വര്‍ത്തിക്കുന്നു. പത്തിയൂര്‍ പഞ്ചായത്ത് ആലപ്പുഴ ജില്ലയില്‍ കായംകുളം, ഹരിപ്പാടു ടൌണുകള്‍ക്ക് ഏകദേശം മദ്ധ്യത്തില്‍ ഹൈവേക്ക് കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. 1953 കാലത്ത് ഇന്നത്തെ പത്തിയൂര്‍ പഞ്ചായത്ത് പത്തിയൂര്‍, കീരിക്കാട് എന്നീ രണ്ടു പഞ്ചായത്തുകളായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ കൃഷ്ണന്‍നായര്‍ പ്രസിഡന്റാകുകയും  ചെയ്തു. പത്തിയൂര്‍, കീരിക്കാട് പഞ്ചായത്തുകളുടെ ചില ഭാഗങ്ങള്‍  ചേര്‍ത്ത് കായംകുളം മുന്‍സിപ്പാലിറ്റി വികസിപ്പിച്ചപ്പോള്‍ കീരിക്കാട് പഞ്ചായത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേര്‍ത്ത് പത്തിയൂര്‍ പഞ്ചായത്ത് പുനര്‍നിര്‍ണ്ണയം ചെയ്തു.