പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

കാര്‍ത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി എന്നീ താലൂക്കുകള്‍ ചേര്‍ന്ന പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകരയുടെ  ഏകദേശം മദ്ധ്യത്തായിട്ടാണ് പത്തിയൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടല്‍ തീരത്ത് നിന്നും 5 കി.മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന പത്തിയൂര്‍ പഞ്ചായത്തിനെ എന്‍.എച്ച് 47 നെടുകേ മുറിച്ച് കടന്നു പോകുന്നു. ആണ്ടില്‍ രണ്ടു പ്രാവശ്യം കാലാവസ്ഥയെ മാത്രം ആശ്രയിച്ച് ഇവിടെ നെല്‍കൃഷി ചെയ്യുന്നു. മകരം, കുംഭം, മീനം എന്നീ മാസങ്ങളില്‍ കാലാവസ്ഥ അനുകൂലമെങ്കില്‍ എള്ള്കൃഷിയും ചെയ്യാറുണ്ട്. വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും പഞ്ചായത്ത് ഹരിതഭംഗിയാല്‍ മൂടപ്പെട്ടിരിക്കുന്നു. പത്തിയൂര്‍പഞ്ചായത്തിന്റെ ബഹുഭൂരിപക്ഷം ഭാഗവും ചെളി കലര്‍ന്ന മണലാണ്. 12-ാം വാര്‍ഡിന്റെ നാമമാത്രമായ  സ്ഥലം കായംകുളം കായലിനോട്  ചേര്‍ന്ന് കിടക്കുന്നു. ഈ പ്രദേശത്തുള്ള വയലുകളില്‍ മുണ്ടകന്‍ കൃഷി നടത്തിയിരുന്നു. നെല്‍കൃഷി ലാഭകരമല്ലാതായപ്പോള്‍ കര്‍ഷകര്‍ ഇപ്പോള്‍ കൃഷി പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. മറ്റ് പ്രദേശങ്ങള്‍ നെല്‍കൃഷിക്കും തെങ്ങ് കൃഷിക്കും അനുയോജ്യമാണ്. പ്രധാന കൃഷി തെങ്ങും നെല്ലും കൂടാതെ പുരയിടങ്ങളില്‍ കശുമാവ്, മാവ്, കമുക്, വാഴ, കപ്പ, കുരുമുളക് എന്നിവയും കൃഷിയും ചെയ്യുന്നു. ഈ പഞ്ചായത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളില്‍  ഇടവപ്പാതിയും സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവും ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളില്‍ മിതശീതോഷ്ണവും  മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ മാസങ്ങളില്‍  ചൂടും അനുഭവപ്പെടുന്നു. നെല്‍വയലുകളും പുരയിടങ്ങളും മാത്രം അടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം.

അടിസ്ഥാനമേഖല

ഗ്രാമീണ ജനതയില്‍ 5% മാത്രമാണ് വ്യവസായ മേഖലയില്‍  പ്രവര്‍ത്തിയെടുക്കുന്നത്. അതുതന്നെ പരമ്പരാഗത വ്യവാസയ മേഖലയായ കശുവണ്ടിയിലും കയര്‍രംഗത്തും മാത്രമായി ഒതുങ്ങി നില്‍ക്കുന്നു. കശുവണ്ടി വ്യവസായ രംഗത്ത് പ്രധാനമായി രണ്ട് ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒന്ന് 49 വര്‍ഷം പഴക്കമുള്ളതാണ്. 1987 ല്‍ ഫാക്ടറി കാപ്പെക്സ് ഏറ്റെടുത്തു. രണ്ടാമെത്ത ഫാക്ടറി സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ 8,11,12 എന്നീ വാര്‍ഡുകളില്‍ കയര്‍പിരി നടക്കുന്നുണ്ട്. യന്ത്രവല്‍കൃത റാട്ട് ഇവിടെ നാമമാത്രമായി ഉപയോഗിക്കുന്നു. 38 വര്‍ഷം പഴക്കമുള്ള ഒരു മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പഞ്ചായത്തിന്റെ ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. പത്തിയൂര്‍ പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗ്ഗം റോഡു ഗതാഗതം തന്നെ. കായംകുളം, ആലപ്പുഴ തീരദേശ റയില്‍വേ ഇതുവഴി കടന്നുപോകുന്നു. ഏതാണ്ട് 5 കി.മീ ആണ് റെയില്‍വേ പാതയുടെ ഈ പഞ്ചായത്തിലെ ആകെ നീളം. എന്‍.എച്ച് 47  ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ഏതാണ്ട് 4 കി.മീ ദൂരമാണ് എന്‍.എച്ച് ന്റെ പഞ്ചായത്തിലെ ആകെ നീളം. കായംകുളം-മുട്ടം റോഡ് പഞ്ചായത്തിന്റെ  ഏതാണ്ട് മദ്ധ്യഭാഗത്തു കൂടിയാണ് കടന്നു പോകുന്നത്. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ്സുകള്‍ ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ് പഞ്ചായത്തില്‍ അധികം  സ്കൂളുകളും ഉണ്ടായത്. പ്രത്യേകിച്ചും ഹൈസ്കൂളുകള്‍. രാമപുരം ഗവ. യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയതൊഴിച്ചാല്‍ മറ്റ് മൂന്ന് ഹൈസ്കൂളും സ്വകാര്യമേഖലയിലാണ് ഉണ്ടായത്. ഇതില്‍ ഒന്ന് പത്തിയൂര്‍ പഞ്ചായത്തിന്റെ ഭരണത്തിന്‍ കീഴിലാണെന്നു മാത്രം. അങ്ങനെ  പഞ്ചായത്തിലാകെ  4 ഹൈസ്കൂളും ഒരു യു.പി സ്കൂളും 7 എല്‍.പി സ്കൂളും ചേര്‍ത്ത് 12 സ്കൂളുകളുണ്ട്. 1964 മുതല്‍ രോഗചികിത്സാരംഗവും പൊതുജന ആരോഗ്യപ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം  കേരളത്തിലാകെ  ആരംഭിച്ചതോടൊപ്പം പഞ്ചായത്തിലും ഈ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങി. 1985 മുതല്‍  പഞ്ചായത്തിലുള്ള പി.എച്ച്.സി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പത്തിയൂര്‍ പഞ്ചായത്തിന്റെ  വിവിധ ഭാഗങ്ങളിലായി  പൊതുമേഖലയിലും  സ്വകാര്യമേഖലയിലും  ചികിത്സാസൌകര്യങ്ങള്‍ നിലവിലുണ്ട്. പൊതുമേഖലയില്‍  പത്തിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം 3-ാം വാര്‍ഡിലും ഗവണ്‍മെന്റ് ഹോമിയോ  ഡിസ്പെന്‍സറി  രണ്ടാം വാര്‍ഡിലും  ഗവണ്‍മെന്റ്  ആയൂര്‍വേദ ഡിസ്പെന്‍സറി 11-ാം വാര്‍ഡിലും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ഫാക്ടറി തൊഴിലാളികള്‍ക്കു വേണ്ടി ഒരു ഇ.എസ്.ഐ ഡിസ്പെന്‍സറി മൂന്നാം വാര്‍ഡിലുണ്ട്. സ്വകാര്യ മേഖലയില്‍ പരിമിത സൌകര്യത്തോട് കൂടി കരീലകുളങ്ങരയില്‍ ലക്ഷ്മി ഹോസ്പിറ്റലും ഭഗവതിപ്പടിയില്‍ നിഷാഹോസ്പിറ്റലും  പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാനും ആയൂര്‍വേദ-ഹോമിയോ ക്ളിനിക്കുകളും പഞ്ചായത്തിലുണ്ട്.