പത്തിയൂര്‍

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന മുതുകുളം ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് പത്തിയൂര്‍ ഗ്രാമപഞ്ചായത്ത്. 16.27 ച.കി.മീ.വിസ്തൃതിയുള്ള  ഈ പഞ്ചായത്തിന്റെ  വടക്ക്: ചേപ്പാട് പഞ്ചായത്തും തെക്ക്: കായംകുളം മുനിസിപ്പാലിറ്റിയും പടിഞ്ഞാറ്: കണ്ടല്ലൂര്‍, മുതുക്കുളം പഞ്ചായത്തുകളും കിഴക്ക്: ചെട്ടിക്കുളങ്ങര പഞ്ചായത്തും കായംകുളം മുനിസിപ്പാലിറ്റിയും  സ്ഥിതി ചെയ്യുന്നു.  കായംകുളം രാജാവിന്റെ കച്ചേരി (സര്‍ക്കാര്‍ ഓഫീസ്) പത്തിയൂരായിരുന്നു എന്നു പറയപ്പെടുന്നു. “പത്തി” അഥവാ സേനാഘടകം പാര്‍ത്തിരുന്നിടം പത്തിയൂരായി അറിയപ്പെട്ടു എന്ന് കരുതാം. സേനയെ പരിശീലിപ്പിക്കാന്‍ അമ്പലപ്പുഴയില്‍ നിന്നു കൊണ്ടുവന്ന മാത്തൂര്‍ പണിക്കര്‍മാര്‍ക്ക് കരം ഒഴിവായി  കിട്ടിയ സ്ഥലത്തിന്റെ സാമീപ്യം ഇതിനു തെളിവായി കാണാം. ആയിരക്കണക്കിന് യുദ്ധവീരന്മാരെ ആയുധാഭ്യാസം ചെയ്യിപ്പിച്ചിരുന്ന കളരികളും അതിനോടു ചേര്‍ന്ന കളരിഭഗവതി ക്ഷേത്രങ്ങളും നാടെങ്ങും ഉണ്ടായിരുന്നു. നാടിന് അഭിമാനിക്കത്തക്ക സംഭാവനകള്‍ നല്‍കിയ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ മഹത് വ്യക്തികള്‍‍   ഈ ഗ്രാമത്തിലുണ്ട്. ആദ്യമായി  മലയാള സാഹിത്യത്തില്‍ ഒരു സംഗീതനാടകം രചിക്കുകയും ഭാഷയ്ക്ക് അഭിമാനിക്കത്തക്ക മറ്റ് അനവധി സംഭാവനകള്‍ നല്‍കുകയും ചെയ്ത എരുവചക്രപാണി വാര്യര്‍, പഴയ ആട്ടക്കഥകളോട്  കിടപിടിക്കുന്ന ആട്ടക്കഥകള്‍ രചിച്ച എ.കെ.ഗോപാലകൃഷ്ണ പിള്ള, കലാമണ്ഡലം ശങ്കരന്‍കുട്ടി, ഏവൂര്‍ ദാമോദരന്‍ നായര്‍, കെ.പി.എ.സി.ലളിത എന്നിവരുടെ  പേരുകള്‍ തന്നെ എടുത്തു പറയേണ്ടവയാണ്.