പരുതൂര്‍

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി ബ്ളോക്കിലാണ് പരുതൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964 ലാണ് 15 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന പഞ്ചായത്ത് നിലവില്‍ വന്നത്. 20.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന്റെ വടക്ക് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തും തെക്ക് പട്ടിത്തറ, തൃത്താല പഞ്ചായത്തുകളും കിഴക്ക് തൃത്താല, മുതുതല ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് ആനക്കര പഞ്ടായത്തും, മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തുമാണ്. വൈവിധ്യമാര്‍ന്ന പ്രകൃതി ചാരുതയാല്‍ അനുഗ്രഹീതമാണ് ഈ പട്ടാമ്പി ബ്ളോക്ക് പരിധിയില്‍ വരുന്ന പരുതൂര്‍ പഞ്ചായത്ത്. ഭാരതപ്പുഴയുടെ വടക്കേക്കരയിലെ പത്ത് വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെട്ടതാണ് പരുതൂര്‍. ഒട്ടേറെ കാര്‍ഷിക അനുബന്ധ നാടന്‍ കലകളുടെ നാടായിരുന്നു വള്ളുവനാട്. സംസ്കൃത ഭാഷാപണ്ഡിതന്മാരായ ഭട്ടനമ്പികളുടെ കേന്ദ്രം എന്ന നിലയ്ക്കാണ് പരുതൂര്‍ ഉള്‍പ്പടുന്ന സ്ഥലം പട്ടാമ്പിയായത് എന്ന് പറയപ്പെടുന്നു. പട്ടാമ്പിയുടെ സമീപ പ്രദേശങ്ങള്‍ വിജ്ഞാനകേന്ദ്രം എന്ന പദവി പാരമ്പര്യമായി വഹിച്ചുപോരുന്നുണ്ട്. സംസ്കൃതപണ്ഡിതനായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ 1888-ല്‍ സ്ഥാപിച്ച സാരസ്വതദ്യോതിനി എന്ന സംസ്കൃത പാഠശാലയാണ് 1911-ല്‍ സംസ്കൃതകോളേജായി പിന്നീട് പ്രശസ്തമായത്. വി.ടി.പ്രേംജി, എം.ആര്‍.ബി. പള്ളം, ആര്യപള്ളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിധവാ വിവാഹം, മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത് കേരളക്കരയിലെ തന്നെ മാറ്റത്തിന്റെ പ്രതീകങ്ങളായി എക്കാലത്തും അറിയപ്പെടുന്നു. കാര്‍ഷിക പ്രധാനമായ ഒരു പ്രദേശമാണിത്. നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, റബ്ബര്‍ മുതലായവയാണ് മുഖ്യവിളകള്‍. കേരളത്തിലെ 13 കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ സെന്‍ട്രല്‍ മിഡ്ലാന്റ് സോണില്‍പ്പെടുന്നതാണ് ഈ ഭൂപ്രദേശം. മണ്ണിന്റെ തരം റെഡ് ലോം ആണ്. പരുതൂര്‍ ഗ്രാമ പ്രദേശത്ത് മറ്റ് പാലക്കാടന്‍ ഗ്രാമങ്ങളെപ്പോലെ മഴയുടെ ലഭ്യതകുറവാണ്. എങ്കിലും നെല്ല്, കവുങ്ങ്, വാഴ, സുഗന്ധവിളകള്‍ പഴവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പച്ചക്കറി മുതലായവ കൃഷി ചെയ്തുവരുന്നു. പ്രശസ്തിയാര്‍ജ്ജിച്ച കേന്ദ്രഫലവൃക്ഷതൈ തോട്ടത്തിന്റെയും മണ്ണു പരിശോധനാ കേന്ദ്രത്തിന്റെയും പ്രവര്‍ത്തന കേന്ദ്രം പരുതൂര്‍ ഉള്‍പ്പെടുന്ന പട്ടാമ്പിയില്‍ തന്നെയാണ്. നരിപ്പറ്റകുന്ന് - ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, വെള്ളിയാങ്കല്‍ - കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കൂട്ടുകടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കുളമുക്കു കായല്‍- ജലസേചന പദ്ധതി എന്നിവ പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന പദ്ധതികളാണ്. പരുതൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ബാഗ് നിര്‍മ്മാണയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായവകുപ്പിന്റെ സാമ്പത്തിക സഹായത്തോടുകൂടി ഒരു ബാഗുനിര്‍മ്മാണസഹകരണസംഘം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. പൊന്നാനി-പാലക്കാട്, പട്ടാമ്പി-പെരിന്തല്‍മണ്ണ, പട്ടാമ്പി-വളാഞ്ചേരി, പട്ടാമ്പി-കോഴിക്കോട്, എന്നീ സംസ്ഥാനപാതകളും ഷൊര്‍ണ്ണൂര്‍-മംഗലാപുരം, ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ എന്നീ റെയില്‍പാതകളും പരുതൂര്‍ പഞ്ചായത്തിന്റെ ഗതാഗത സൌകര്യങ്ങളാണ്.