ചരിത്രം

ഭാരതപ്പുഴയുടെയും കുന്തിപ്പുഴയുടേയും ഇടയില്‍ കിടക്കുന്ന ഈ നദീതട പ്രദേശത്തിനുമുണ്ട് പുരാതനവും സമ്പന്നവുമായ ഒരു സാംസ്ക്കാരിക പാരമ്പര്യം. ശുദ്ധമായ മലയാളഭാഷ സംസാരിക്കുന്ന ഈ മധ്യകേരളദേശം ഉയര്‍ന്ന മലനിരകളാലും താഴ്വരകളാലും കൊച്ചരുവികളാലും അവക്കിടയിലെ പാടശേഖരങ്ങളാലും മനോഹരമാണ്. ഇവിടുത്തെ സംസ്കാരവും കാര്‍ഷിക ഉല്‍പ്പാദനരംഗവുമായി ബന്ധപ്പെട്ട് വളര്‍ന്ന് വികസിച്ചതാണ്. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി ബാലകൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയ ഒട്ടനവധി സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ പ്രവര്‍ത്തന രംഗത്തുവന്ന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് വഴികാട്ടികളായിത്തീര്‍ന്നു. വിദ്യാഭ്യാസരംഗത്തും, സാഹിത്യരംഗത്തുമാകട്ടെ പുന്നശ്ശേരി നീലകണ്ഠശര്‍മ്മ ജാതി മത ഭേദമെന്യേ അധ:സ്ഥിതരായവര്‍ക്ക് സംസ്കൃതം പഠിപ്പിക്കാന്‍ തുടങ്ങിയ കലാശാലയാണ് ഇന്നത്തെ ഗവണ്‍മെന്റ് സംസ്കൃത കോളേജ് ആയിത്തീര്‍ന്നത്. പ്രശസ്ത സാഹിത്യകാരന്‍മാരായ “കുന്ദലത” യുടെ കര്‍ത്താവ് അപ്പുനെടുങ്ങാടി, കെ.പി.നാരായണപിഷാരടി, സി.പി. അച്ച്യുതപിഷാരടി, ചെമ്പ്ര എഴുത്തച്ഛന്‍, കെ.ദാമോദരന്റെ ഇന്ത്യയുടെ ആത്മാവിന് ഹിന്ദി വിവര്‍ത്തനം എഴുതിയ സി.ആര്‍.നാണപ്പ, കുറുവാന്തൊടി എഴുത്തച്ഛന്മാര്‍, അറബിസാഹിത്യരംഗത്തെ മാമുണ്ണി മൊല്ല, മുഹമ്മദ് മൌലവി, പുലക്കാട്ട് രവീന്ദ്രന്‍ ഉണ്ണികൃഷ്ണന്‍, എഴുന്തല പി.ആര്‍.നാഥന്‍, സുപ്രീംകോടതിയിലെ ആദ്യമലയാളി ന്യായാധിപന്‍ പറക്കുളം ഗോവിന്ദമേനോന്‍ (പരുതൂര്‍) തുടങ്ങിയവയെല്ലാം ഈ നാടിന്റെ അഭിമാനങ്ങളാണ്. വള്ളുവനാടിന്റെ തനതു ആഘോഷമായ വേലകളും പൂരങ്ങളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളെക്കൊണ്ട് നിറപ്പകിട്ടാര്‍ന്നതാണ്. ഇവിടുത്തെ കാവുകളിലെ കാളവേലയും മറ്റുഭഗവതിക്കാവുകളിലെ വേലകളും, തൈപ്പൂയ മഹോത്സവങ്ങളും നേര്‍ച്ചയും മറ്റു നേര്‍ച്ചകളും, ആണ്ടറുതികളിലെ ഉത്സവങ്ങളും തികച്ചും ഗ്രാമീണ സംസ്കാരത്തിന്റെ പ്രതിഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മിക്ക ആഘോഷങ്ങള്‍ക്കും കൊഴുപ്പുകൂട്ടിക്കൊണ്ട് ചവിട്ടുകളി തിറ, പൂതന്‍, കാളയുടെ കോലം കെട്ടി എഴുന്നള്ളിക്കല്‍, തായമ്പക, പഞ്ചവാദ്യം, ബാന്റ് വാദ്യം, തകില്‍, നാദസ്വരം, ആനഎഴുന്നള്ളിപ്പ് , വെടക്കെട്ട് എന്നിവ ഉണ്ടാകാറുണ്ട്. ചവിട്ടുകളി, പുള്ളുവന്‍പാട്ട്, കളമെഴുത്തും കളം പാട്ടും, നാഗപ്പാട്ട്, വേട്ടക്കൊരുമകന്‍ പാട്ട്, ഭഗവതിപ്പാട്ട്, കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, അയ്യപ്പന്‍പാട്ട്, കോല്‍കളി, ദഫ്മുട്ട്, അരമനമുട്ട്, പരിചമുട്ട് കളി എന്നീ കലാ രൂപങ്ങള്‍ ഇന്നും ഇവിടെ ചൈതന്യത്തോടെ അവതരിപ്പിക്കുന്നു.