പഞ്ചായത്തിലൂടെ

പരുതൂര്‍ - 2010

പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് മലപ്പുറം ജില്ലയോടു ചേര്‍ന്നുകിടക്കുന്ന പരുതൂര്‍ ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 1/4 ഭാഗവും കുന്നിന്‍ പ്രദേശമാണ്. നിള തെക്കുഭാഗത്തുകൂടി കടന്നുപോകുമ്പോള്‍ തൂതപ്പുഴ തെക്കുഭാഗത്തുകൂടി വന്ന് പടിഞ്ഞാറ് ഭാരതപ്പുഴയില്‍ ചേരുന്നു.  സമുദ്രനിരപ്പില്‍ നിന്നും 15 മീറ്റര്‍ ഉയരത്തിലാണ് പരുതൂര്‍ സ്ഥിതി ചെയ്യുന്നത്. സമതലത്തില്‍ നിന്നും 60 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ കുന്നുകളുണ്ട്. പാറകള്‍ നിറഞ്ഞ ചെമ്മണ്ണാണ് ഇവിടെയുള്ളത്. തരിശുഭൂമിയാണ് ഈ കുന്നിന്‍ പ്രദേശങ്ങളില്‍ പ്രധാനമായും കാണുന്നത്. ജനവാസം കൂടുതലുമാണ്. ഭൂവിസ്തൃതിയുടെ 40 ശതമാനം ചെരിഞ്ഞ പ്രദേശങ്ങളാണ്. ഭൂവിസ്തൃതിയുടെ 25 ശതമാനം വരുന്ന സമതലങ്ങളില്‍ ഫലഭൂയിഷ്ഠമായ ചെളിമണ്ണ് കാണുന്നു. മംഗലാംകുന്ന്, ഓട്പാറകുന്ന്, കോല്‍കുന്ന്, മുണ്ടിയാര്‍കുന്ന്, പൊന്‍മലകുന്ന്, മൊട്ടകുന്ന്, കൈതകുന്ന് എന്നിങ്ങനെ നിരവധി കുന്നുകുള്‍ ഇവിടുത്തെ ഭൂവിസ്തൃതിയുടെ ഭാഗമാണ്. കാര്‍ഷികമേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ഈ പഞ്ചായത്തില്‍ തെങ്ങ്, നെല്ല്, വാഴ, കവുങ്ങ് തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്തു പോരുന്നത്. ഭാരതപ്പുഴയും തൂതപ്പുഴയും പഞ്ചായത്തിന്റെ ജലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ടവയാണ്. ഇവയ്ക്കുപുറമേ 37ഓളം വരുന്ന കുളങ്ങളും, കുളമുക്ക് കായലും കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കൂട്ടക്കടവ്, വെള്ളിയാംകല്ല്, നമ്പ്രതൊടി, കരിയന്നൂര്‍, വള്ളിക്കാട് തോട് എന്നീ കനാലുകളും കൃഷിയിടങ്ങളെ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പഞ്ചായത്തിന്റെ മൃഗസംരക്ഷണ മേഖലയില്‍ ഒരു സര്‍ക്കാര്‍ മൃഗാശുപത്രി പ്രവര്‍ത്തനയോഗ്യമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി ബ്ളോക്കിലാണ് പരുതൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964 ലാണ് 16 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന പഞ്ചായത്ത് നിലവില്‍ വന്നത്. 20.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള  ഗ്രാമപഞ്ചായത്തിന്റെ വടക്ക് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തും തെക്ക് ഭാരതപ്പുഴയും, കിഴക്ക് കോല്‍ക്കുന്ന്, മുതുതല ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് ഭാരതപ്പുഴയും, തൂതപ്പുഴയുമാണ്. 24,345 വരുന്ന ഇവിടുത്തെ മൊത്തം ജനസംഖ്യയില്‍ 12,773 പേര്‍ സ്ത്രീകളും 11,572 പേര്‍ പുരുഷന്‍മാരുമാണ്. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാനിരക്ക് 95 ശതമാനമാണ്. 17 പൊതുകിണറുകളും 579 പൊതു കുടിവെള്ള ടാപ്പുകളും ഇവിടുത്തെ മുഖ്യ കുടിനീര്‍ജലസ്രോതസ്സുകളാണ്. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 75 ഓളം വരുന്ന തെരുവുവിളക്കുകള്‍ നിരത്തുകളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. മൂന്നുഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പരുതൂരിന്റെ പ്രകൃതിരമണീയത വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ഇതിനുദാഹരണങ്ങളാണ് ഇവിടുത്തെ വെള്ളിയാകല്ല് പാലവും, കൊളമുക്ക് പക്ഷിസങ്കേതവും. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 8 റേഷന്‍ കടകളും, ഒരു മാവേലി സ്റ്റോറും, ഒരു നീതി സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. പാലത്തറയില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിന്റെ ഭരണപരിധിയില്‍ വരുന്ന പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത് പള്ളിപ്പുറത്താണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാലു തപാല്‍ ഓഫീസുകളും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ബി.എസ്.എന്‍.എല്‍-ന്റെ കാര്യാലയം സ്ഥിതി ചെയ്യുന്നത് പാലത്തറയിലാണ്. പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയില്‍ പി.എന്‍.ബി യുടെ ഒരു ശാഖ കൂടാതെ പള്ളിപ്പുറത്ത് സര്‍വ്വീസ് സഹകരണ ബാങ്കും (പി.എസ്.സി.ബി) പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഇഷ്ടിക കമ്പനിയും, 3 താബൂക്ക് കമ്പനികളും, 3 മരമില്ലുകളുമാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യസ്ഥാപനങ്ങള്‍. പള്ളിപ്പുറം ബാങ്ക് ഹാള്‍ എന്ന പേരില്‍ ഒരു കമ്മ്യൂണിറ്റി ഹാളും പാലത്തറയില്‍ ടി.എസ്.എ. എന്ന പേരില്‍ ഒരു കല്ല്യാണമണ്ഡപവും ഈ പഞ്ചായത്തിലുണ്ട്. ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് അവിടുത്തെ ഗതാഗതമേഖല. ഒരു പ്രദേശത്തെ എത്ര ഫലപ്രദമായി പുറംലോകവുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നത് ആ പ്രദേശത്തിന്റെ പുരോഗതിയെ സ്വാധീനിക്കുന്നു. ഇത്തരത്തില്‍ ഗതാഗത സൌകര്യം ഒരുക്കുന്ന ഒരു പ്രധാന റോഡാണ് പഞ്ചായത്തിലെ പരുതൂര്‍-പട്ടാമ്പി റോഡ്. ഇവിടുത്തെ റോഡുഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം പള്ളിപ്പുറം ബസ് സ്റ്റാന്റാണ്. മൂന്നു ഭാഗങ്ങളും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്തില്‍ ജലഗതാഗതവും ഒരു പ്രധാന ഗതാഗതമാര്‍ഗ്ഗമാണ്. ഭാരതപ്പുഴയിലെ കൊടുമുണ്ട കടവ് ഇത്തരത്തില്‍ യാത്രാസൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു പ്രധാന ജലഗതാഗതകേന്ദ്രമാണ്. എന്നാല്‍ പഞ്ചായത്തിനടുത്ത് ഏതെങ്കിലും തുറമുഖം ഉണ്ടോ എന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍. കരിപ്പൂര്‍ വിമാനത്താവളത്തെയാണ് വിദേശയാത്രകള്‍ക്കായി ഇവിടുത്തെ ജനത പ്രധാനമായും ആശ്രയിക്കുന്നത്. വെള്ളിയാംകല്ല് പാലം പ്രദേശത്തെ പ്രധാന പാലമാണ്. കരുവാന്‍പടി, കൊടിക്കുന്ന്, അഞ്ചുമൂല, കൊളമുക്ക് എന്നിവയാണ് പരുതൂര്‍ പഞ്ചായത്തിലെ ജനതയ്ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങള്‍. ഇത്തരം കേന്ദ്രങ്ങളല്ലാതെ വ്യാപാര ആവശ്യങ്ങള്‍ക്കായി പ്രത്യേക ചന്തകളോ മാര്‍ക്കറ്റുകളോ ഒന്നും ഇവിടെ പ്രവര്‍ത്തിക്കുന്നതായി അറിവില്ല. കാര്‍ഷികവൃത്തി പ്രധാന ജീവിതോപാധിയായ പരുതൂര്‍ ഗ്രാമപഞ്ചായത്ത് വ്യവസായപരമായി അധികം പുരോഗതിയാര്‍ജ്ജിച്ചു എന്നു പറയാന്‍ കഴിയില്ല. പഞ്ചായത്തിന്റെ അങ്ങിങ്ങായി ചില ചെറുകിട ഇടത്തര വ്യവസായ സംരംഭങ്ങള്‍ രൂപപ്പെട്ടതൊഴിച്ചാല്‍ വ്യവസായരംഗത്ത് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. കുട്ടനെയ്ത്ത് പോലുള്ള പരമ്പരാഗത വ്യവസായങ്ങളും, പപ്പടനിര്‍മ്മാണം, ബാഗ് വ്യവസായം, റെഡിമെയ്ഡ്സ് തുടങ്ങി ചില ചെറുകിട-ഇടത്തര വ്യവസായങ്ങളും മാത്രമാണ് പരുതൂരിന്റെ വ്യവസായ മേഖലയുടെ ഭാഗമെന്നു പറയാം. കൊടിക്കുന്നിലും പാലത്തറ ഗെയ്റ്റിലുമായി രണ്ടു പെട്രോള്‍ ബങ്കുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന വിദ്യാഭ്യാസരംഗം ഈ പഞ്ചായത്തില്‍ അധികം വികസിച്ചിട്ടില്ലെന്നതാണ് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടുത്തെ ഔപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ തന്നെ ഇതു കൂടുതല്‍ വ്യക്തമാകുന്നു. സര്‍ക്കാര്‍ മേഖലയില്‍ 7 ഉം സ്വകാര്യ മേഖലയില്‍ 5 ഉം സ്ഥാപനങ്ങള്‍ മാത്രമാണ് പഞ്ചായത്തില്‍ വിദ്യാഭ്യാസസൌകര്യങ്ങള്‍ ഒരുക്കി നിലകൊള്ളുന്നത്. എന്നാല്‍ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന മാനദണ്ഡങ്ങളില്‍ ഒന്നാണ് അവിടുത്തെ ആരോഗ്യമേഖലയുടെ പുരോഗതി. പരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ ഉണ്ട്. ഇതില്‍ ഏറ്റവും പ്രധാനം പള്ളിപ്പുറത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രമാണ്. നാടപ്പറമ്പ്, കരുവാന്‍പടി, മൊടപ്പക്കാട്, പരുതൂര്‍ എന്നിവിടങ്ങളിലായി നാല് പി.എച്ച്.സി ഉപകേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ സര്‍ക്കാരിന്റെ കീഴില്‍ ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും പഞ്ചായത്തില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തിനാവശ്യമായ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത് പട്ടാമ്പിയിലെ സര്‍ക്കാര്‍ ആശുപത്രിയാണ്. വ്യത്യസ്ത മതവിഭാഗക്കാര്‍ വസിക്കുന്ന ഗ്രാമപഞ്ചായത്തില്‍ അവരുടേതായി നിരവധി ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നു. പള്ളിപ്പുറം പള്ളി, കൊളമുക്ക് പള്ളി, നാടപ്പറമ്പ് പള്ളി തുടങ്ങി മുസ്ളിം പള്ളികളും കൊടിക്കുന്ന് ക്ഷേത്രം, ചെറങ്ങര ക്ഷേത്രം പോലുള്ള ഹിന്ദു ആരാധനാലയങ്ങളും ഇവിടുത്തെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. ചെറങ്ങര പൂരം, കൊളമുക്ക് നേര്‍ച്ച തുടങ്ങി ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ പഞ്ചായത്തിന്റെ സാംസ്കാരിക തനിമയുടെ ദൃഷ്ടാന്തങ്ങളാണ്. കാര്‍ഷിക മേഖലയില്‍ പ്രശസ്തനായ കെ.എ.മോനുദ്ദീന്‍, നിര്‍മ്മല്‍ പുരസ്കാര ജേതാവായ കെ.ആര്‍.നായര്‍, സ്വാതന്ത്ര്യസമര സേനാനികളായിരുന്ന ചായിലത്ത് ദേവകിഅമ്മ, സി.ആര്‍.നമ്പ്യാര്‍, ചികിത്സാമേഖലയില്‍ പേരുകേട്ട ഗോപാലന്‍വൈദ്യര്‍, ബാലന്‍ വൈദ്യര്‍, അപ്പു വൈദ്യര്‍, വേലുക്കുട്ടി വൈദ്യര്‍ എന്നിവര്‍ പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയില്‍ പ്രശസ്തിയാര്‍ജ്ജിച്ച  വ്യക്തിത്വങ്ങളായിരുന്നു. ക്ളാസിക് ക്ളബ്, ക്ളാസിക് യുവധാര, യുവധാര പരുതൂര്‍ ലൈബ്രറി  എന്നിങ്ങനെ  കലാകായിക സാംസ്കാരികരംഗങ്ങളെ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏതാനും ചില സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്ത് സാംസ്കാരിക നിലയം എന്ന പേരില്‍ ഒരു ഗ്രന്ഥശാലയും, യുവധാര എന്ന പേരില്‍ ഒരു വായനശാലയും പഞ്ചായത്ത് പരിധിക്കുള്ളില്‍ വരുന്ന മറ്റു സാംസ്കാരിക സ്ഥാപനങ്ങളാണ്.