പരിയാരം

കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, തളിപ്പറമ്പ് ബ്ളോക്കിലാണ് പരിയാരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പരിയാരം, കുറ്റ്യേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പരിയാരം ഗ്രാമപഞ്ചായത്തിനു 54.77 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ, ചപ്പാരപ്പടവ് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, കുറുമാത്തൂര്‍ പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ഏഴോം, ചെറുതാഴം, കുറുമാത്തൂര്‍  പഞ്ചായത്തുകളും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളുമാണ്. പരിയാരം ഗ്രാമപഞ്ചായത്ത് ആദ്യകാലത്ത് കുറ്റ്യേരി അംശം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് കുറ്റ്യേരി, പരിയാരം, തിരുവട്ടൂര്‍ അംശങ്ങളായി വിഭജിക്കപ്പെട്ടു. 1954-55-ല്‍ ഗവണ്‍മെന്റ് ഉത്തരവു പ്രകാരം കുറ്റ്യേരി, പരിയാരം, തിരുവട്ടൂര്‍ എന്നീ മൂന്ന് അംശങ്ങളും പ്രത്യേകം പഞ്ചായത്തുകളായി നിലവില്‍ വരികയും ജനാധിപത്യരീതിയില്‍ കൈപൊക്കി വോട്ടവകാശം രേഖപ്പെടുത്തിക്കൊണ്ട് ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. 1960 വരെ പരിയാരം വില്ലേജ് കുറ്റ്യേരി, തിരുവട്ടൂര്‍, കുറ്റൂര്‍ എന്നീ റവന്യൂ വില്ലേജുകളുടെ ഭാഗമായിരുന്നു. 1961 ഡിസംബര്‍ 28-ന് പരിയാരം, കുറ്റ്യേരി, തിരുവട്ടൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പരിയാരം പഞ്ചായത്ത് നിലവില്‍ വന്നു. ഭൂപ്രകൃതി അനുസരിച്ച് പരിയാരം പഞ്ചായത്തിനെ വടക്കന്‍ ഇടനാട് മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുവേ വടക്കുനിന്ന് തെക്കോട്ട് ചെരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്. പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ കുന്നുകള്‍, ചെരിവുകള്‍, തീരസമതലങ്ങള്‍, സമതലങ്ങള്‍, പീഠഭൂമികള്‍ എന്നിങ്ങനെ തരംതിരിക്കാം. നെല്ല്, നാണ്യവിളകളായ തെങ്ങ്, കവുങ്ങ്, കശുമാവ്, റബ്ബര്‍, കുരുമുളക്, തുടങ്ങിയവയാണ് പ്രധാന വിളകള്‍. തെയ്യം കുലത്തൊഴിലായുള്ള നിരവധി കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. വണ്ണാന്‍, മലയന്‍, വേലര്‍, പുലയര്‍ തുടങ്ങിയ സമുദായങ്ങള്‍, വിവിധ കാവുകളിലായി കളിയാട്ടം അനുഷ്ഠിച്ചുപോരുന്നു. പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തേരുപണിത ശങ്കരന്‍ രവിവര്‍മ്മന്‍ തുടങ്ങി നിരവധി പ്രഗത്ഭമതികളായ ശില്‍പികള്‍ക്കും ജന്മമേകിയ നാടാണിത്.