പറവൂര്‍

എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കിലാണ് പറവൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പറവൂര്‍ ബ്ളോക്ക് പഞ്ചായത്ത്. ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, മൂത്തകുന്നം, പറവൂര്‍ വടക്കേക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പറവൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 67.63 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍ ജില്ല), പാറക്കടവ് ബ്ളോക്കുകളും, കിഴക്കുഭാഗത്ത് പാറക്കടവ്, ആലങ്ങാട് ബ്ളോക്കുകളും, തെക്കുഭാഗത്ത് ഇടപ്പള്ളി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് വൈപ്പിന്‍ ബ്ളോക്കുമാണ് പറവൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 10 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പൊതുവെ തീരസമതല മേഖലയില്‍ ഉള്‍പ്പെടുന്നു. ബ്ളോക്ക് പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മണല്‍ മണ്ണ് ചേര്‍ന്ന കളിമണ്ണും പടിഞ്ഞാറന്‍ മേഖലകളില്‍ ചെളികലര്‍ന്ന മണ്ണുമാണ് പ്രധാനമായും കാണപ്പെടുന്നത്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ചാലക്കുടി, കുന്നത്തുനാട് കമ്മ്യൂണിറ്റി പൈലറ്റ് പ്രോജക്ടിന്റെ കീഴിലായിരുന്നു പറവൂര്‍ ബ്ളോക്കുപ്രദേശം. 1951-ലാണ് പറവൂര്‍ ബ്ളോക്ക് രൂപീകൃതമായത്. പുരാതനകാലത്ത് കടല്‍ കടന്നുവന്ന നൌകകള്‍ പലതും കേരളതീരത്ത് വന്നടുത്തത് ധാരാളം കായലുകളുള്ള പറവൂരിന്റെ തീരപ്രദേശങ്ങളിലായിരുന്നു. “ചിലപ്പതികാരം”, “കോകസന്ദേശം” തുടങ്ങിയ പ്രാചീനഗ്രന്ഥങ്ങളില്‍ പോലും പറവൂരിനെക്കുറിച്ച് സൂചനകളുണ്ട്. പ്രാചീന തുറമുഖനഗരമായ കൊടുങ്ങല്ലൂരുമായുണ്ടായിരുന്ന സാമീപ്യവും യഹൂദ-ക്രൈസ്തവ ജനതയുമായുണ്ടായിരുന്ന ബന്ധവും പറവൂരിന്റെ വാണിജ്യപ്രാധാന്യത്തിന് വഴിതെളിച്ച ഘടകങ്ങളായിരുന്നു. അതിപുരാതന തറവാടായ കല്ലറയ്ക്കല്‍ വീട് പല ചരിത്രസംഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കല്ലറയ്ക്കല്‍ ഭവനം ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും സംഗമവേദിയായിരുന്നു.