പറപ്പൂര്‍

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര ബ്ളോക്കിലാണ് പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന പറപ്പൂര്‍ ഗ്രാമപഞ്ചായത്തിനു 15.11 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വേങ്ങര, ഊരകം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് ഒതുക്കുങ്ങല്‍ പഞ്ചായത്തും തെക്കുഭാഗത്ത് എടരിക്കോട്, കോട്ടക്കല്‍ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, വേങ്ങര പഞ്ചായത്തുകളുമാണ്. സമുദ്രത്തില്‍നിന്നും 45 മീറ്റര്‍ ഉയരത്തിലാണ് പറപ്പൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന സമതലം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ ഉയര്‍ന്ന സമതലം, ചെരിവുകള്‍, താഴ്വരകള്‍, സമതലങ്ങള്‍, പുഴ, തോടുകള്‍ എന്നിങ്ങനെ ആറായി തരം തിരിക്കാം. കേരളപ്പിറവി വര്‍ഷമായ 1956-ല്‍ തന്നെയാണ് പറപ്പൂര്‍ പഞ്ചായത്തും നിലവില്‍ വന്നത്. സഹ്യാദ്രിയില്‍ നിന്ന് ഉത്ഭവിച്ച് കരുവാരക്കുണ്ട് അടിവാരത്തിലൂടെയും മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളിലൂടെയും ഒഴുകി വരുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നു. ആദ്യപ്രസിഡന്റ് ടി.ഇ.മുഹമ്മദ് ഹാജി ആയിരുന്നു. വാര്‍ഡടിസ്ഥാനത്തിലായിരുന്നില്ല അക്കാലത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ബ്ളോക്കടിസ്ഥാടനത്തില്‍ നടന്നിരുന്ന കൈപൊക്കി വോട്ടെടുപ്പിലൂടെയായിരുന്നു പ്രതിനിധികളെ തെരഞ്ഞെടുത്തിരുന്നത്.