പറപ്പൂക്കര

തൃശ്ശൂര്‍ ജില്ലയിലെ, മുകുന്ദപുരം താലൂക്കില്‍, ഇരിങ്ങാലക്കുട ബ്ളോക്കിലാണ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ലായി, പറപ്പുക്കര, തൊട്ടിപ്പാള്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പറപ്പൂക്കര ഗ്രാമപഞ്ചായത്തിന് 22.02 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പൊറത്തുശ്ശേരി, വല്ലച്ചിറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടകര, മുരിയാട് പഞ്ചായത്തുകളും, വടക്കുഭാഗത്ത് കുറുമാലിപ്പുഴയുമാണ്. കൊച്ചിരാജ്യത്ത് ആദ്യം രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് പറപ്പൂക്കര. പറപോകുംകരയാണ് പറപ്പൂക്കരയായതെന്ന് പറയപ്പെടുന്നു. തൊട്ടിപ്പാള്‍, പറപ്പൂക്കര, നെല്ലായി, തൊറവ്, ചെങ്ങാലൂര്‍ എന്നീ അഞ്ചു വില്ലേജുകള്‍ ഉള്‍പ്പെട്ടതായിരുന്നു അക്കാലത്ത് പറപ്പൂക്കര പഞ്ചായത്ത്. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടീഷാധിപത്യത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും സ്വാതന്ത്ര്യപ്രാപ്തി വരെ രാജാവിന്റെ ഭരണത്തില്‍ തന്നെ നിലനിന്നിരുന്നു. പറപ്പൂക്കര പഞ്ചായത്തിന്റെ രൂപീകരണംതന്നെ, കൊച്ചിമഹാരാജാവിന്റെ ആസ്ഥാനകവികളില്‍ ഒരാളായിരുന്ന കവി തിലകന്‍ ചങ്ങരംകോത കൃഷ്ണന്‍ കര്‍ത്താവിന്റെ ശ്രമഫലമായിരുന്നു. 1914-ല്‍ രൂപീകരിക്കപ്പെട്ട ഈ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായിരുന്നു കവി തിലകന്‍ ചങ്ങരം കോത കൃഷ്ണന്‍ കര്‍ത്താവ്. പഞ്ചായത്താഫീസ്, അഞ്ചലാഫീസ്, വില്ലേജാഫീസ്, വില്ലേജുകോടതി, ആയൂര്‍വ്വേദാശുപത്രി എന്നീ സ്ഥാപനങ്ങള്‍ പറപ്പൂക്കരയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ട് ചടങ്ങ് ഒന്നിടവിട്ട കൊല്ലങ്ങളില്‍ ഈ പഞ്ചായത്തില്‍പ്പെട്ട രാപ്പാള്‍ ആറാട്ടുകടവിലാണ് നടക്കുന്നത്.