ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

പറപ്പൂക്കരപഞ്ചായത്തിന്റെ ചരിത്രത്തില്‍, ഇവിടുത്തെ നാടുവാഴികളായിരുന്ന ചങ്ങരംകോത കര്‍ത്താക്കന്‍മാര്‍ക്ക് അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്. ചങ്ങരംകോത എന്നപേരുണ്ടായതിന്റെ പിന്നിലും ഒരൈതിഹ്യമുണ്ട്.ഒരുകാലത്ത് നെടുമ്പാള്‍ പുലച്ചിരിയ്ക്കല്‍ത്തറ കേന്ദ്രീകരിച്ചുകൊണ്ട് സ്വാശ്രയശക്തിയുള്ള പുലയഗോത്രവര്‍ഗ്ഗക്കാര്‍ കൊച്ചി മഹാരാജാവിനും ബ്രാഹ്മണമേധാവിത്വത്തിനും കീഴ്വഴങ്ങാതെ ധീരമായി നിലനിന്നിരുന്നു. ഇവരെ അടിച്ചമര്‍ത്താന്‍ മഹാരാജാവ് ചങ്ങരചങ്ങരന്‍ കര്‍ത്താവിനെ നിയോഗിച്ചു. മൂന്നു സൈനികപാളയങ്ങളുടെ അധിപനായിരുന്നു അദ്ദേഹം. പാളയമെന്നത് പിന്നീട് പാള്‍ എന്നായിത്തീര്‍ന്നിരിക്കണം. അങ്ങനെയാണ് തൊട്ടിപ്പാള്‍, നെടുമ്പാള്‍, രാപ്പാള്‍ എന്നീ സ്ഥലനാമങ്ങളുടെ ഉത്ഭവമെന്ന് അനുമാനിക്കാം. ചങ്ങരചങ്ങരന്‍, പുലയസങ്കേതത്തിന്റെ തലവിയായ കോതയെ വധിച്ച്, ഈ പ്രദേശത്തിന്റെ അധികാരം പിടിച്ചെടുത്തു. അങ്ങനെയായിരിയ്ക്കണം ചങ്ങരചങ്ങരന്‍ കര്‍ത്താക്കന്മാര്‍ക്ക് ചങ്ങരംകോത-പീച്ചിരിക്കല്‍(പുലച്ചിയിരിക്കല്‍) എന്ന പേരുവന്നത്. ഈ പ്രദേശത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രധാനി കവിതിലകന്‍ ചങ്ങരംകോത കൃഷ്ണന്‍ കര്‍ത്താവായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യം രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിലൊന്നായ പറപ്പൂക്കര, ആദ്യകാലത്ത് പറപോകുംകരയെന്നാണത്രെ അറിയപ്പെട്ടത്. തൊട്ടിപ്പാള്‍, പറപ്പൂക്കര, നെല്ലായി, തൊറവ്, ചെങ്ങാലൂര്‍ എന്നീ അഞ്ചു വില്ലേജുകള്‍ ഉള്‍പ്പെട്ടതായിരുന്നു അക്കാലത്ത് പറപ്പൂക്കരപഞ്ചായത്ത്. 1914-ല്‍ രൂപീകരിക്കപ്പെട്ട ഈ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായിരുന്നു കവി തിലകന്‍ ചങ്ങരം കോത കൃഷ്ണന്‍ കര്‍ത്താവ്. പഞ്ചായത്താഫീസ്, അഞ്ചലാഫീസ്, വില്ലേജാഫീസ്, വില്ലേജ് കോടതി, ആയൂര്‍വ്വേദ ആസ്പത്രി എന്നീ സ്ഥാപനങ്ങള്‍ പറപ്പൂക്കരയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1924-ലെ (കൊല്ലവര്‍ഷം 1099) വെള്ളപ്പൊക്കത്തില്‍ ഈ കെട്ടിടങ്ങള്‍ തകര്‍ന്നുപോവുകയുണ്ടായി. ജനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ഭൂരിപക്ഷം മെമ്പര്‍മാരും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ഈ സ്ഥാപനങ്ങള്‍ പറപ്പൂക്കരയില്‍ നിന്നും മാറ്റപ്പെട്ടത്. അന്നുമുതല്‍ നന്തിക്കരയിലാണ് പഞ്ചായത്താഫീസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും അനാചാരങ്ങളുടെ കെട്ടുപാടില്‍പെട്ട് ഒരുപോലെ പീഡിതരായിരുന്ന ഒരു കാലഘട്ടം ഇവിടെയും നിലനിന്നിരുന്നു. ജാതിവ്യത്യാസത്തിനും ജാതിമര്‍ദ്ദനത്തിനും ഉച്ചനീചത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെ അവശജനവിഭാഗങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ അലയടികള്‍ പറപ്പൂക്കരയിലും എത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ സാന്നിധ്യവും, ശ്രീനാരായണീയപ്രസ്ഥാനങ്ങളും ഈ പോരാട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു. ചാതുര്‍വര്‍ണ്ണ്യത്തിന്റെ പേരില്‍ സമൂഹത്തിനു പുറത്ത് വിലക്കുകല്‍പിച്ച് നിറുത്തിയിരുന്ന അവര്‍ണ്ണരായിരുന്നു ജനസംഖ്യയില്‍ ഭൂരിഭാഗവും. ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും മേല്‍ജാതിക്കാരുടെ ആട്ടും തുപ്പും സഹിച്ച് ഇരുകാലിമൃഗങ്ങളെപ്പോലെ അവര്‍ക്ക് ജീവിക്കേണ്ടിവന്നു. ഓരോ ജാതിയ്ക്കും അയിത്തത്തിന്റെ അകലം നിശ്ചയിച്ചിരുന്നു. എന്നാല്‍ സവര്‍ണ്ണര്‍ തോന്നുമ്പോഴൊക്കെ ഈ അകലം മാറ്റി നിശ്ചയിച്ചിരുന്നു എന്നതാണ് ഏറെ വിചിത്രമായ വസ്തുത. 1901-ലേയും 1911-ലേയും കാനേഷുമാരികണക്കുകളാണ് ഇതിന് ആധാരം. 1901-ലും 11-ലും പുലയന്റെ തീണ്ടാപ്പാടകലം 64 അടിയായിരുന്നു. ഈഴവന്റേത് 1901-ല്‍ 36 അടിയും 1911-ല്‍ 14 അടിയുമായിരുന്നു. യാതൊരു പണിയുമെടുക്കാതെ കീഴാളന്റെ അധ്വാനഫലം അനുഭവിച്ച് സുഖിച്ചുകഴിഞ്ഞിരുന്ന നമ്പൂതിരിമാരായിരുന്നു ജാതിയുടെ മുകള്‍ത്തട്ടിലെ കേന്ദ്രബിന്ദു. നായര്‍, നമ്പൂതിരിയില്‍ നിന്നും അകന്നുനില്‍ക്കണം. നായരെ തൊട്ടാല്‍ നമ്പൂതിരി കുളിക്കണം. ഏതു കാര്യവും ജാതിയുടേയും മതത്തിന്റേയും കണ്ണാടിയിലൂടെ കണ്ടിരുന്ന ഒരു കാലമായിരുന്നു അത്. സര്‍ക്കാരിന്റെ വകയായി തണ്ണീര്‍പ്പന്തലുകള്‍ ഏര്‍പ്പെടുത്തുകയന്നത് അക്കാലത്തെ പതിവായിരുന്നു.അന്ന് നെല്ലായിയിലുണ്ടായിരുന്ന തണ്ണീര്‍പ്പന്തലിന്റെ ചുമതലക്കാരന്‍ ഒരു തമിഴുബ്രാഹ്മണനായിരുന്നു. തണ്ണീര്‍പന്തലിന് അകലെയുള്ള മരത്തിന്റെ ചുവട്ടില്‍ വച്ചിരുന്ന കുത്തുപാളയിലായിരുന്നു സംഭാരം നല്‍കിയിരുന്നത്. ജാതിതിരിച്ച് പ്രത്യേകം പ്രത്യേകം പാളകള്‍ ഉണ്ടായിരുന്നു. കീഴ്ജാതിക്കാരാകട്ടെ തങ്ങള്‍ക്കു നല്‍കിയിരുന്ന പാളകളെടുത്ത് തീണ്ടാപ്പാടകലത്തില്‍ വച്ച്, പിന്നോക്കം മാറിനില്‍ക്കണം. വെള്ളം വീഴ്ത്തി ബ്രാഹ്മണന്‍ പോയികഴിഞ്ഞാല്‍ അതെടുത്തുകുടിക്കാം. സ്വാതന്ത്ര്യലബ്ധിക്ക് ഏഴുവര്‍ഷം മാത്രം മുമ്പ് അന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന സഹോദരന്‍ അയ്യപ്പന്‍ രാജാവിനെ മുഖം കാണിക്കാന്‍ അനുവാദം ചോദിച്ചതിന്, പനിയായതിനാല്‍ രാജാവിന് കുളിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് അനുവാദം നിഷേധിക്കപ്പെട്ടിരുന്നു. നാടുവാഴികളും മനക്കാരും ദേവസ്വങ്ങളുമായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കി വച്ചിരുന്ന ജന്മികള്‍. ഭൂവുടമകള്‍ക്ക് കുടിയാന്മാര്‍ പാട്ടവും മിച്ചവാരവും കൊടുക്കണമായിരുന്നു. കുടിയാന്മാരായിരുന്നു കര്‍ഷകരില്‍ ഭൂരിഭാഗവും. ഭൂപരിഷ്കരണ നിയമം നടപ്പില്‍ വരുന്നതുവരെ ജന്മി-കുടിയാന്‍ സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തു കൂടിയാണ് കുറുമാലിപ്പുഴ ഒഴുകുന്നത്. അതുകൊണ്ട് വര്‍ഷകാലത്ത് വലിയ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു. 1824-ലും 1929-ലും 1941-ലും ഉണ്ടായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും വളരെയധികം വീടുകളും ഫലവൃക്ഷങ്ങളും നശിച്ചുപോയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ പ്രാചീനവിദ്യാഭ്യാസരീതി നിലനിന്നിരുന്നു.കുടിപ്പള്ളിക്കൂടങ്ങള്‍ എന്ന വ്യവസ്ഥയനുസരിച്ച് വിദ്യാഭ്യാസം ഉയര്‍ന്ന സമ്പന്നവിഭാഗക്കാര്‍ക്കു മാത്രമായി സംവരണം ചെയ്തിരുന്നു.1893-ല്‍ നെല്ലായി പ്രദേശത്ത് തൃശ്ശൂര്‍ സുറിയാനി പാലം പാഠശാലയാണ് ഈ പഞ്ചായത്തിലെ പ്രഥമവിദ്യാലയം. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടീഷാധിപത്യത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും സ്വാതന്ത്ര്യപ്രാപ്തി വരെ രാജാവിന്റെ ഭരണത്തില്‍ തന്നെ നിലനിന്നിരുന്നു. പറപ്പൂക്കര പഞ്ചായത്തിന്റെ രൂപീകരണംതന്നെ, കൊച്ചിമഹാരാജാവിന്റെ ആസ്ഥാനകവികളില്‍ ഒരാളായിരുന്ന കവിതിലകന്‍ ചങ്ങരംകോത കൃഷ്ണന്‍ കര്‍ത്താവിന്റെ ശ്രമഫലമായിരുന്നു. ശ്രീകൃഷ്ണന്‍ കര്‍ത്താവ് കൊച്ചിമഹാരാജാവിനെ മുഖം കാണിച്ച് ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ ദിവാനായിരുന്ന ജെ.ഡബ്ള്യൂ.ബ്രദര്‍ ഇവിടെ വരികയുണ്ടായി. ഈ സമയത്താണ് അഖിലേന്ത്യാ കരകൌശല, കാര്‍ഷിക പ്രദര്‍ശനം പരപ്പൂക്കരയില്‍ നടന്നത്. തൊട്ടിപ്പാള്‍, പറപ്പൂക്കര, നെല്ലായി, ചെങ്ങാലൂര്‍, തൊറവ്, നെന്മണിക്കര എന്നീ വില്ലേജുകള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു അന്നത്തെ പറപ്പൂക്കരപഞ്ചായത്ത്. ആദ്യകാലത്ത് 50 രൂപവരെയുള്ള സിവില്‍കേസുകളിലും, ക്രിമിനല്‍കേസുകളിലും ശിക്ഷ വിധിക്കുന്നതിനുള്ള അധികാരം പഞ്ചായത്തുകമമിറ്റിക്കുണ്ടായിരുന്നു. പഞ്ചായത്ത് കോടതി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള ആറാട്ടുചടങ്ങ് ഒന്നിടവിട്ട കൊല്ലങ്ങളില്‍ ഈ പഞ്ചായത്തില്‍പ്പെട്ട രാപ്പാള്‍ ആറാട്ടുകടവിലാണ് നടക്കുന്നത് (മറ്റുകൊല്ലങ്ങളില്‍ ചാലക്കുടി കൂടപ്പുഴക്കടവിലും). പ്രസിദ്ധമായ ഇരിങ്ങാലക്കുട കുട്ടന്‍കുളത്തിന്റെ നിര്‍മ്മാതാവെന്ന് ചരിത്രം ഉദ്ഘോഷിക്കുന്ന ചങ്ങരംകണ്ട കുട്ടന്‍ കര്‍ത്താവ് രാപ്പാള്‍ നിവാസിയായിരുന്നു. പഞ്ചായത്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ തൊട്ടിപ്പാള്‍ സെന്റ് മേരീസ് ദേവാലയം പ്രശസ്തമാണ്. കൊച്ചിസംസ്ഥാനത്ത് വിശുദ്ധയോഹന്നാന്റെ പ്രതിഷ്ഠയുള്ള രണ്ട് പള്ളികളിലൊന്നാണ് ഇത്. ഏകദേശം 500 വര്‍ഷങ്ങള്‍ക്കുമുമ്പ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നതായി ചരിത്രമുണ്ട്. വൈദ്യശാസ്ത്രരംഗത്ത് നിരവധി പ്രഗത്ഭന്മാര്‍ ഉണ്ടായിരുന്ന പ്രദേശമാണ് പറപ്പൂക്കര. കൊച്ചിമഹാരാജാവിന്റെ കൊട്ടാരം വൈദ്യനും തീപ്പൊള്ളല്‍ ചികിത്സയില്‍ പ്രഗത്ഭനുമായിരുന്ന ശങ്കരംകോതകൃഷ്ണന്‍ കര്‍ത്താവ്, ബാലചികിത്സാരംഗത്ത് പ്രഗത്ഭന്‍മാരായ രാപ്പാള്‍ വേലന്‍മാര്‍, തോട്ടുങ്ങല്‍ വൈദ്യര്‍, കുന്നത്തേരി കേശവന്‍കര്‍ത്താവ്, കണ്ണുചികിത്സയില്‍ പ്രഗത്ഭനായിരുന്ന കോമത്തുകാട്ടില്‍ തെയ്യംവൈദ്യര്‍, കാളന്‍ നെല്ലായി എന്നപേരില്‍ പ്രസിദ്ധരായ നെല്ലായികാളന്‍വൈദ്യന്മാര്‍, വാതചികത്സാവിദഗ്ദരായ പറാപറമ്പില്‍ ശങ്കരന്‍വൈദ്യര്‍, കുളത്തൂര്‍ മഠം രാമന്‍കര്‍ത്താവ് എന്നിവര്‍ അവരില്‍ പ്രമുഖരാണ്. കൊല്ലവര്‍ഷം 1112-ലാണ് പറപ്പൂക്കരകേന്ദ്രമാക്കി ഒരു സമുദായ സംഘടനയ്ക്ക് രൂപംകൊടുത്തത്. കെ.റ്റി.അച്ചുതനായിരുന്നു സെക്രട്ടറി. കെ.ആര്‍.ഭാസ്ക്കരന്‍, കെ.സി.കുമാരന്‍, കെ.എം.കുമാരന്‍ എന്നിവരായിരുന്നു മറ്റു ഭാരവാഹികള്‍, സാമൂഹ്യവും രഷ്ട്രീയവുമായ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള അച്ചുതന്‍ മുകുന്ദപുരം താലൂക്കിലെ ഈഴവരില്‍ ആദ്യത്തെ നിയമബിരുദധാരിയാണ്. ഈഴവപ്രാതിനിധ്യമില്ലാത്ത പഞ്ചായത്തുകളില്‍ നോമിനേഷന്‍ മൂലം പ്രാതിനിധ്യം നല്കപ്പെട്ടിരുന്നു. സാമൂഹ്യ-സാംസ്കാരികരംഗത്ത് മറക്കാനാവാത്ത സംഭാവനകള്‍ അര്‍പ്പിച്ച മണ്‍മറഞ്ഞ പ്രതിഭാശാലികളാണ് കവിതിലകന്‍ ചങ്ങരംകോത കൃഷ്ണന്‍കര്‍ത്താവും, പ്രസിദ്ധ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന കെ.ആര്‍.ഭാസ്കരനും. വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭമതികളായ മറ്റു പലരും ഈ പഞ്ചായത്തുകാരായുണ്ട്. പ്രമുഖ സാഹിത്യനിരൂപകയായ ഡോ.എം.ലീലാവതി, ലീലാ സര്‍താര്‍, എന്‍.വി.മാധവന്‍ ഐ.എ.എസ്, ഡോ.കെ.ആര്‍.വിശ്വനാഥന്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം പ്രസ്താവ്യമാണ്.