പറക്കോട്

പത്തനംതിട്ട ജില്ലയില്‍, അടൂര്‍ താലൂക്കിലാണ് പറക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിയ്ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്നു. ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, ഏനാത്ത്, കടമ്പനാട്, കലഞ്ഞൂര്‍, കൂടല്‍, കൊടുമണ്‍, അങ്ങാടിക്കല്‍, പള്ളിക്കല്‍, പെരിങ്ങനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പറക്കോട് ബ്ളോക്ക് പഞ്ചായത്തിന് 251.1 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഭൂപ്രകൃതി അനുസരിച്ച് പറക്കോട് ബ്ളോക്ക് പഞ്ചായത്തിനെ മലകള്‍, ഉയര്‍ന്ന പ്രദേശങ്ങള്‍, ചെരിവ് പ്രദേശങ്ങള്‍, ഉയര്‍ന്ന സമതലം, കൊടുംചെരിവ്, ചെറുചെരിവ്, സമതലം, താഴ്വരകള്‍, ആറ്റുനീര്‍ സമതലം, പാടങ്ങള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍ എന്നിങ്ങനെ തരംതിരിക്കാം. ചെങ്കല്‍ മണ്ണ്, ലാറ്ററേറ്റ് മണ്ണ്, മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്, എക്കല്‍മണ്ണ്, പാറക്കെട്ട്, ചരല്‍ മണ്ണ്, പശിമരാശി മണ്ണ്, ചേറ് എന്നിവയാണ് ബ്ളോക്കിലെ പ്രധാന മണ്ണിനങ്ങള്‍. പറക്കോട് ബ്ളോക്കിലെ ഓരോ ഗ്രാമത്തിനും തനതായ സ്ഥലനാമചരിത്രമുണ്ട്. ചാന്നാന്മാരില്‍ (ഈഴവരില്‍) ഒരു വിഭാഗമാണ് ഏനാദി എന്നും അവര്‍ വസിക്കുന്ന പ്രദേശമാണ് ഏനാദിമംഗലം എന്ന് അറിയപ്പെട്ടിരുന്നതെന്നും അതല്ല ഈ നാടിന്റെ അധിപനായിരുന്ന കായംകുളം രാജാവിന്റെ സേനാനായകന്‍ ആയ ഏനാദി ഉണ്ണിത്താനില്‍ നിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു ലഭിച്ചതെന്നും വ്യത്യസ്താഭിപ്രായമുണ്ട്. പുരാതനകാലത്ത് അടൂരിന്റെ പ്രാന്തപ്രദേശമായ ഏറത്ത് കളരിമുറകളും, മാന്ത്രിക വിദ്യയും പഠിപ്പിക്കുമായിരുന്നു. അതിനാല്‍ അടവുകളുടെ ഊര് അടൂരായി എന്ന് പറയപ്പെടുന്നു. ഏഴു കുളങ്ങളുളള സ്ഥലമായതിനാലാണ് ഏഴംകുളത്തിന് ആ പേര് ലഭിച്ചതെന്നു പറയപ്പെടുന്നു. എ.ഡി ആദ്യ നൂറ്റാണ്ടുകളില്‍ കടമ്പവംശജരായ ഭരണാധികാരികള്‍ (നാടുവാഴികള്‍) ഭരിച്ചിരുന്ന പ്രദേശമായതു കൊണ്ടാണ് കടമ്പനാടിനു പ്രസ്തുത പേര് ലഭിച്ചതത്രെ. ഒരു മഹാവ്യാധി ബാധയെത്തുടര്‍ന്നു ഊരും ദേശവും വിട്ട് ഓടിപോയവര്‍ തിരികെ വന്നു താമസിച്ചിടമാണ് കലഞ്ഞൂര്‍ എന്നു കേള്‍ക്കുന്നു. അങ്ങനെ ‘കളഞ്ഞ ഊരുകാര്‍ ഉളളിടം’ കലഞ്ഞൂര്‍ ആയെന്നും അതല്ല അഞ്ഞൂറുകലകളുടെ നാട് എന്ന അര്‍ഥത്തിലാണ് കലഞ്ഞൂരെന്നു പേരുണ്ടായതെന്നും വാദിക്കുന്നവരുണ്ട്. കൊടുമണ്‍ എന്ന വാക്കിനര്‍ത്ഥം സ്വര്‍ണഭൂമി എന്നാണ്. ഇവിടെ പുരാതനകാലത്ത് സ്വര്‍ണഖനനം ചെയ്തിരുന്നതായി കരുതപ്പെടുന്നു. ബുദ്ധവിഹാരകേന്ദ്രങ്ങളെയായിരുന്നു പ്രാചീനകാലത്ത് പള്ളി എന്ന് പറഞ്ഞിരുന്നത്. ബുദ്ധവിഹാരങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമെന്ന അര്‍ത്ഥത്തില്‍ പള്ളിക്കല്‍ എന്ന സ്ഥലനാമം ഉണ്ടായി.