എറണാകുളം ജില്ലയില്‍ പറവൂര്‍,ആലുവ എന്നീ താലൂക്കുകളിലായാണ് പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പുത്തന്‍വേലിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ്, കുന്നുകര എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത്. പുത്തന്‍വേലിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ്, കുന്നുകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാറക്കടവ് ബ്ളോക്ക് പഞ്ചായത്തിന് 101.62 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് മാള, ചാലക്കുടി ബ്ളോക്കുകളും, കിഴക്കുഭാഗത്ത് അങ്കമാലി ബ്ളോക്കും, അങ്കമാലി മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ആലുവ മുനിസിപ്പാലിറ്റിയും, ആലങ്ങാട്, വാഴക്കുളം ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് പറവൂര്‍, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എന്നീ ബ്ളോക്കുകളുമാണ് പാറക്കടവ് ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. എറണാകുളം ജില്ലയുടെ വടക്കേയറ്റത്ത് തൃശ്ശൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കുവെക്കുന്ന ബ്ളോക്കാണ് പാറക്കടവ്. ഭൂപ്രകൃതിയനുസരിച്ച് പാറക്കടവ് ബ്ളോക്ക് പ്രദേശത്തെ കുന്നിന് പ്രദേശം, ചെരിവു പ്രദേശം, സമതല പ്രദേശം, തീരസമതല പ്രദേശം എന്നിങ്ങനെ നാലായി തരംതിരിക്കം. മുകളില്‍ സൂചിപ്പിച്ച ഭൂപ്രകൃതി വിഭാഗങ്ങളെ കൂടാതെ ഏതാനും തുരുത്തുകളും ബ്ളോക്കുപരിധിയിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ കോഴിത്തുരുത്ത്, മുണ്ടന്‍തുരുത്ത്, വലിയ പഴമ്പള്ളി തുരുത്ത്, ധര്‍മ്മ തുരുത്ത്, ആലുവ തുരുത്ത്, ചെറിയ തേക്കാനം, കക്കമാടന്‍ തുരുത്ത് മുതലായവയാണ്. ബ്ളോക്കതിര്ത്തിയിലെ മുഖ്യജലസ്രോതസ്സുകള്‍ ചാലക്കുടിയാറും പെരിയാറുമാണ്. ഈ രണ്ടു നദികളും പുത്തന്‍വേലിക്കര പഞ്ചായത്തിലെ ഇളന്തിക്കരയില്‍ വച്ച് സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി കൊടുങ്ങല്ലൂര്‍ കായലില്‍ പതിക്കുന്നു. ഒരു കൃഷിവികസനഓഫീസായി 1957-ലാണ് പാറക്കടവ് എന്‍.ഇ.എസ് ബ്ളോക്ക് പ്രവര്‍ത്തനമാരംഭിച്ചത്.അക്കാലത്ത് പുത്തന്‍വേലിക്കര, ചെങ്ങമനാട്, പാറക്കടവ്, കുന്നുകര എന്നീ പഞ്ചായത്തുകളാണ് ബ്ളോക്കിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. അന്നത്തെ വില്ലേജുകള്‍ ചെങ്ങമനാട്, അയിരൂര്‍, പാറക്കടവ്, പുത്തന്‍വേലിക്കര എന്നിവയായിരുന്നു.പിന്നീട് ചെങ്ങമനാട് പഞ്ചായത്തിനെ രണ്ടായി വിഭജിച്ച് നെടുമ്പാശ്ശേരി പഞ്ചായത്തിന് രൂപം നല്കി. അയിരൂര്‍ വില്ലേജ് എന്ന പേര് അപ്രത്യക്ഷമായി. അത് കുന്നുകര വില്ലേജ് ആയിമാറി.