പാനൂര്‍

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ കുന്നാത്തുപറമ്പ് ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പാനൂര്‍ ഗ്രാമപഞ്ചായത്ത്. 8.54  ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കുന്നാത്തുപറമ്പ് ഗ്രാമപഞ്ചായത്ത്, പെരിങ്ങളം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് മൊകേരി ഗ്രാമപഞ്ചായത്ത്, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത്, തെക്ക് പെരിങ്ങളം ഗ്രാമപഞ്ചായത്ത്, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, വടക്ക് മൊകേരി ഗ്രാമപഞ്ചായത്ത്, കുന്നാത്തുപറമ്പ് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. കേരളത്തിന്റെ വടക്ക് കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സാമാന്യം ജനനിബിഡമായ പഞ്ചായത്ത് ഏറെക്കുറെ സമതലത്തോടുകൂടിയ കാര്‍ഷികമേഖലയാണ്. കടലോരമേഖലയായ തലശ്ശേരിയില്‍ നിന്നും 11 കിലോമീറ്റര്‍ കിഴക്കുമാറി നില്‍ക്കുന്ന ഒരു കൊച്ചു ഭൂപ്രദേശമായ പാനൂര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന ഏകപുഴ പാലത്തായി പുഴയാണ്.  പാനൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി സേവനം അനുഷ്ഠിച്ച പി.ആര്‍.കുറുപ്പ്, കെ.എം.സൂപ്പി എന്നിവര്‍ സംസ്ഥാന രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. പാനൂര്‍ പഞ്ചായത്ത് രൂപീകൃതമായത് 1937 ലായിരുന്നു. അന്ന് മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, പുത്തൂര്‍, കൊളവല്ലൂര്‍ എന്നീ അംശങ്ങള്‍ ചേര്‍ന്ന മേജര്‍ പഞ്ചായത്തായിരുന്നു പാനൂര്‍. 1963-ല്‍ ആണ് മേജര്‍ പഞ്ചായത്ത് വിഭജിച്ച് ഇന്നത്തെ പാനൂര്‍ പഞ്ചായത്തായി മാറിയത്. പി.ആര്‍. കുറുപ്പ് പ്രസിഡന്റായിരുന്ന കാലത്താണ് പാനൂരില്‍ വൈദ്യുതി ആദ്യമായി എത്തിച്ചേര്‍ന്നത്. ഇന്ന് ഉപയോഗപ്രദമായിത്തീര്‍ന്ന നിരവധി റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചതും ഇക്കാലയളവിലായിരുന്നു. ജനങ്ങളുടെ ചിരകാലസ്വപ്നമായിരുന്ന ബസ്സ്റ്റാന്റ് നിലവില്‍ വന്നത് 1990-ല്‍ കെ.എം.സൂപ്പി പ്രസിഡന്റായ കാലത്താണ്. ഒരു ഷോപ്പിംഗ് കോംപ്ളക്സ്, കിഴക്കേ എലാങ്കോട്ട് ഒരു സാംസ്കാരിക നിലയം, സബ്ട്രഷറി, കെ.എഫ്.സി. എന്നിവയും നിലവില്‍ വരികയുണ്ടായി. കെ.എം.സൂപ്പി എം.എല്‍.എയും ടി.ടി.രാജന്‍ പ്രസിഡന്റുമായ കാലത്ത് സംസ്ഥാന ഗവര്‍ണ്ണര്‍, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്ത വികസനമേള സ്മരണീയമാണ്. പൊതുശ്മശാനം നിലവില്‍ വന്നത് 79-80 ഭരണസമിതിയുടെ കാലത്താണ്. അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും ഏറെ സംഭാവനകള്‍ ചെയ്ത പ്രദേശമാണ് പാനൂര്‍. പാനൂര്‍ പഞ്ചായത്തില്‍ മഠപ്പുരകളും കാവുകളും അയ്യപ്പ ക്ഷേത്രങ്ങളും ശ്രീനാരായണ മഠങ്ങളുമുണ്ട്. മഠപ്പുരകളിലും കാവുകളിലും തെയ്യം, തിറ, എന്നിവ കെട്ടിയാടപ്പെടുന്നു. മുത്തപ്പന്‍, തിരുവപ്പന, പോതി, മുച്ചിലോട്ട് ഭഗവതി, കാരണവര്‍, ഘണ്ടാര്‍കര്‍ണ്ണന്‍, കുട്ടിച്ചാത്തന്‍, തുടങ്ങിയ തെയ്യം, തിറ എന്നിവയാണ് കെട്ടിയാടപ്പെടുന്നത്. മലയര്‍, അഞ്ഞൂറ്റാന്‍, വണ്ണാന്‍, എന്നീ സമുദായങ്ങളില്‍പെട്ടവരാണ് ഈ അനുഷ്ഠാനകലകള്‍ അവതരിപ്പിക്കുന്നത്. ഭാനുപുരം, സൂര്യക്ഷേത്രം, പാലത്തായി മഠപ്പുര, പുതിയ കുന്നുമ്മല്‍, പാലത്തായി കുന്ന് എന്നിവയെല്ലാം പാനൂരിന്റെ പ്രത്യേകതകളാണ്. കേരളത്തിലെ ഇസ്ളാമിക നവോത്ഥാനത്തിന്റെ ചുക്കാനേന്തിയ ആദിപണ്ഡിതന്മാരില്‍ അഗ്രഗണ്യന്മാരുടെ വിഹാരകേന്ദ്രമായിരുന്നു പാനൂര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പാനൂരില്‍ 17 ഓളം പള്ളികളും 13 മദ്രസകളും നിലവിലുണ്ട്. പാനൂര്‍ ജുമാ അത്ത് പള്ളിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. അറക്കല്‍ രാജവംശവുമായി ബന്ധമുണ്ടായിരുന്ന ‘മൊയില്യാര്‍ കാക്ക’ എന്ന മഹാനുഭാവനാണ് ഈ പള്ളിയുടെ സ്ഥാപകന്‍. കേരളത്തിലെ മുസ്ളീം മതപണ്ഡിതന്മാരുടെ ഗുരുവെന്ന് വിശേഷിക്കപ്പെടുന്ന ഖഉതുബിമുഹമ്മദ് മുസലിയാര്‍ ഇവിടെ വളരെക്കാലം പള്ളി ദര്‍സ് നടത്തിയിരുന്നു.