ചരിത്രം

സാമൂഹ്യ-രാഷ്ട്രീയചരിത്രം

കാലത്തിന്റെ കുത്തൊഴുക്കില്‍ തലമുറകള്‍ എത്ര കഴിഞ്ഞാലും ഏതു തലമുറയുടെയും മനസ്സില്‍ നിന്നും മായ്ക്കാന്‍ കഴിയാത്ത വിധത്തില്‍ ചരിത്രസംഭവങ്ങളുടെ വീരഗാഥകള്‍ക്ക് ജന്മം നല്‍കിയ ഒരു മലയോരഗ്രാമമാണ് പാങ്ങോട് പഞ്ചായത്ത്. അമിതാധികാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും നേര്‍ക്ക് ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോള്‍ ചേര്‍ന്നു പൊരുതിയതിന്റെ വീരകഥകള്‍ നിറഞ്ഞതാണ് പാങ്ങോടിന്റെ ചരിത്രം. 1939-ല്‍ നടന്ന കല്ലറ-പാങ്ങോട് വിപ്ലവമാണ് ഈ മലയോരഗ്രാമത്തിന് സ്വാതന്ത്ര്യസമരകാലത്തെ തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തത്. ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരായി അന്ന് തിരുവിതാംകൂറില്‍ നടന്ന സംഘടിത ബഹുജനപ്രക്ഷോഭങ്ങളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് കല്ലറ-പാങ്ങോട് സമരം. അക്കാലത്ത് വടക്ക് ഭരതന്നൂര്‍ മുതല്‍ തെക്ക് അരുവിപ്പുറം ആറ്റിന്റെ തീരദേശം വരെ ഉള്‍പ്പെടുന്ന ഗ്രാമങ്ങളെയെല്ലാം ഒന്നിച്ചുചേര്‍ത്ത് കല്ലറ-പാങ്ങോട് എന്നാണ് പുറംനാട്ടുകാര്‍ വിളിച്ചിരുന്നത്. പഞ്ചായത്തിലുള്ള ഭരതന്നൂര്‍ മുതല്‍ കിഴക്കോട്ടുള്ള പ്രദേശങ്ങളിലധികവും അന്ന് കാട്ടാനക്കൂട്ടങ്ങള്‍ വിഹരിച്ചിരുന്ന കൊടുംവനങ്ങളായിരുന്നു. കാര്‍ഷികവൃത്തിയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. മലഞ്ചരക്കുകള്‍ക്കും വനവിഭവങ്ങള്‍ക്കും കേള്‍വി കേട്ട പ്രദേശമായിരുന്നു ഇവിടം. കുരുമുളക്, അടയ്ക്ക, തെങ്ങ്, വാഴ, ഇഞ്ചി, വെറ്റില എന്നിവയുടെ ഉല്‍പാദനത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഈ ദേശം ഖ്യാതി നേടിയിരുന്നു. 1939-ല്‍ നടന്ന പ്രക്ഷോഭത്തിന് ബൃഹത്തായ പശ്ചാത്തലം കൂടിയുണ്ടായിരുന്നു. അക്കാലത്ത് തെക്കന്‍ ആലപ്പുഴ എന്നറിയപ്പെട്ട കല്ലറ, തെക്കന്‍തിരുവിതാംകൂറിലെ പ്രധാനപ്പെട്ട മലഞ്ചരക്കുവിപണികളിലൊന്നായിരുന്നു. അന്ന് കല്ലറ ചന്തയില്‍ കൂടുന്നത്ര ജനം മറ്റൊരു ചന്തയിലും കൂടുമായിരുന്നില്ല. വനപ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ നിന്നും തലച്ചുമടായും കാളവണ്ടിയിലുമായാണ് സാധനങ്ങള്‍ ചന്തയില്‍ എത്തിയിരുന്നത്. അക്കാലത്ത് വെള്ളിയാഴ്ചയായിരുന്നു ചന്തദിവസം. 1939-ല്‍ നടന്ന പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം കല്ലറചന്തയായിരുന്നു. ചന്തയിലെ ജനബാഹുല്യവും ആശയവിനിമയത്തിനുള്ള സൌകര്യവുമായിരുന്നു ഇതിനുള്ള പ്രധാനകാരണം. കല്ലറ-പാങ്ങോട് പ്രദേശങ്ങളിലെ ചോദ്യം ചെയ്യപ്പെടാത്ത ജന്മിത്തറവാടുകളായിരുന്നു 1935-വരെ ഈ ഗ്രാമത്തിലെ ജനങ്ങളെ അടക്കിഭരിച്ചിരുന്നത്. അതിനാല്‍ തന്നെ സാധാരണക്കാരെ, ജന്മിമാരും പ്രമാണികളും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ചൂഷണം ചെയ്തുകൊണ്ടേയിരുന്നു. തിരുവിതാംകൂര്‍ രാജഭരണത്തില്‍ സജീവസ്വാധീനം ചെലുത്തിയിരുന്ന മങ്കൊമ്പ് സ്വാമിമാരുടെ ആശീര്‍വാദവും തണലും ഇത്തരം ചൂഷകര്‍ക്ക് സഹായകമായി. ഇംഗ്ലീഷുവിദ്യാഭ്യാസത്തിനും വൈദ്യപഠനത്തിനുമായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ഇന്നാട്ടുകാരില്‍ ചിലര്‍ ക്രമേണ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ സന്ദേശങ്ങള്‍ ഈ മലയോരഗ്രാമത്തിലുമെത്തിച്ചു. റവന്യൂഭരണക്കാരുടെയും പോലീസിന്റെയും ചൂഷണത്തിന്റെയും അഴിമതിയുടെയും കഥകള്‍ പ്രധാന പ്രചാരണോപാധി ആക്കികൊണ്ട് സ്വാതന്ത്ര്യസമര സന്ദേശവാഹകരായ ദേശസ്നേഹികള്‍ ചന്തദിവസങ്ങളിലാണ് പ്രധാനമായും ജനങ്ങളെ സ്വാധീനിച്ചിരുന്നത്. തിരുവിതാംകൂര്‍ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്ന മങ്കൊമ്പുസ്വാമിമാര്‍ പങ്ങോട് പ്രദേശത്ത് താമസിച്ചിരുന്നതിനാല്‍ ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് വളരെ പണ്ടേ ശ്രമങ്ങള്‍ നടന്നിരുന്നു എന്നതിന്റെ തെളിവാണ് പലോട്-കാരേറ്റ് റോഡ്. ഈ റോഡിലുള്ള മൈലമൂട് പാലം 1939-ല്‍ പണികഴിപ്പിച്ചതാണ്. അന്ന് പാങ്ങോട് താമസിച്ചിരുന്ന വെങ്കിടാചലശര്‍മ്മയുടെ ജ്യേഷ്ഠസഹോദരന്‍, സി.പി.രാമസ്വാമി അയ്യരുടെ ചീഫ്സെക്രട്ടറി ആയിരുന്നതുകൊണ്ടാണ് ഈ പ്രദേശത്ത് മ്യഗാശുപത്രി, പോസ്റ്റാഫീസ് (അഞ്ചലാഫീസ്), പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ആദ്യകാലങ്ങളില്‍ തന്നെ സ്ഥാപിക്കാന്‍ സാധിച്ചത്. എകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ള പാങ്ങോട് പോലീസ് സ്റ്റേഷന്‍ 1984 വരെ ഒരു ഔട്ട്-പോസ്റ്റ് മാത്രമായിരുന്നു. 1984 ല്‍ ഈ സ്ഥാപനം ഒരു ചാര്‍ജിംഗ് സ്റ്റേഷനായി മാറി. ചുറ്റുമതിലില്ലാത്ത ഈ സ്ഥാപനത്തിന് ഭൌതികസൌകര്യങ്ങള്‍ തീരെ പരിമിതമാണ്. സ്വന്തമായി 40 സെന്റ് സ്ഥലമുള്ള പാങ്ങോട് പോസ്റ്റാഫീസിനും ഏകദേശം 100 വര്‍ഷം പ്രായമുണ്ട്.