പാങ്ങോട്

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലാണ് പാങ്ങോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പച്ചപിടിച്ച കുന്നുകളും ചെറുസമതലങ്ങളും താഴ്വാരകളും നിറഞ്ഞ നിമ്നോന്നതമായ ഭൂപ്രദേശമാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്. 1960-കളുടെ പകുതിവരെ ഭരതന്നൂര്‍ മുതല്‍ കിഴക്കന്‍ദിക്കിലേക്ക് നീങ്ങുന്തോറും നിബിഡമായ വനങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാങ്ങോട് പഞ്ചായത്തുപ്രദേശം. ചരിത്രസംഭവങ്ങളുടെ വീരഗാഥകള്‍ക്ക് ജന്മം നല്‍കിയ ഒരു മലയോര ഗ്രാമമാണ് പാങ്ങോട്. സ്വേച്ഛാധിപത്യത്തിനെതിരെ ഹിന്ദുക്കളും മുസ്ളീങ്ങളും തോളോടുതോള്‍ ചേര്‍ന്നു പൊരുതിയതിന്റെ വീരസ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ണാണിത്. 1939-ല്‍ നടന്ന ഐതിഹാസികമായ കല്ലറ-പാങ്ങോട് വിപ്ളവമാണ് ഈ മലയോരഗ്രാമത്തെ ചരിത്രത്തിന്റെ താളുകളില്‍ കുടിയിരുത്തുന്നത്. ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരായി അന്ന് തിരുവിതാംകൂറില്‍ നടന്ന സംഘടിത ബഹുജനപ്രക്ഷോഭങ്ങളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് കല്ലറ-പാങ്ങോട് വിപ്ളവം. മലഞ്ചരക്കുകള്‍ക്കും വനവിഭവങ്ങള്‍ക്കും സുപ്രസിദ്ധമായ പ്രദേശമാണിത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ 10% ഉയര്‍ന്ന സമതലപ്രദേശമാണ്.