പന്തളം ബ്ലോക്ക് പഞ്ചായത്തിലൂടെ


പ്രസിഡന്‍റ് *****************************  വൈസ് പ്രസിഡന്‍റ്

ward11 ward13

പി കെ തങ്കമ്മ ടീച്ചര്‍ *************************പി ബി സതീഷ്കുമാര്‍


പത്തനംതിട്ട ജില്ലയില്‍ അടൂര്‍,കോഴഞ്ചേരി എന്നീ താലൂക്കുകളിലാണ് പന്തളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പന്തളംതെക്കേക്കര,ആറന്‍മുള, കുളനട, തുമ്പമണ്‍, മെഴുവേലി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. പന്തളം, കുരമ്പാല, പന്തളം തെക്കേക്കര,മെഴുവേലി,കുളനട,ആറന്‍മുള എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പന്തളം ബ്ളോക്ക് പഞ്ചായത്തിന് 87.3 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് പന്തളം ബ്ളോക്ക് പഞ്ചായത്തിനെ കുന്നുകള്‍, സമതലങ്ങള്‍, വയലുകള്‍, ചതുപ്പുനിലങ്ങള്‍, ചെരിവു പ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ തരം തിരിക്കാം. ചരലും വെട്ടുകല്ലും ഇടകലര്‍ന്ന ചെമ്മണ്ണ്, എക്കല്‍ കലര്‍ന്ന മണല്‍, ചെളിനിലങ്ങള്‍, വെട്ടുകല്ല് എന്നീ ഇനങ്ങളിലുമുള്ള മണ്ണാണ് ബ്ളോക്ക് പ്രദേശത്ത് സാധാരണയായി കണ്ടുവരുന്നത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം സ്വന്തമായുള്ള പ്രദേശമാണ് പന്തളം. ഈ ബ്ളോക്കിലുള്ള ഓരോ ഗ്രാമത്തിനും യുക്തിസഹജമായ സ്ഥലനാമചരിത്രവുമുണ്ട്. പാണ്ഡ്യരാജവംശത്തില്‍ നിന്നും പിരിഞ്ഞുപോന്ന ഒരു രാജകുടുംബമാണ് പന്തളത്തെത്തി താവളമടിക്കുകയും പില്‍ക്കാലത്ത് പന്തളം രാജവംശമായി വളര്‍ന്നു വികസിക്കുകയും ചെയ്തത്. പാണ്ഡ്യരാജാക്കന്മാര്‍ താവളമടിച്ച സ്ഥലമെന്ന നിലയില്‍ ഈ പ്രദേശം ആദ്യകാലത്ത് പാണ്ഡ്യതളം എന്നാണറിയപ്പെട്ടിരുന്നത്. പാണ്ഡ്യതളം പില്‍ക്കാലത്ത് പന്തളമായി മാറുകയായിരുന്നു. പൊന്തയുടെ അളം ആണ് കാലാന്തരത്തില്‍ പന്തളമായതെന്നും; പന്തിരുകുളം അല്ലെങ്കില്‍ പന്തിദളം എന്നതില്‍ നിന്നു പന്തളം ഉണ്ടായി എന്നും, പഞ്ചദളമാണ് കാലാന്തരത്തില്‍ പന്തളമായതെന്നും വിരുദ്ധമായ മറ്റഭിപ്രായങ്ങളുമുണ്ട്. തുമ്പച്ചെടി സമൃദ്ധമായി കണ്ടിരുന്ന സ്ഥലമാണ് തുമ്പമണ്‍ ആയതെന്നു ഭാഷാ പണ്ഡിതന്‍മാര്‍ വാദിക്കുമ്പോള്‍, പന്തളം, ചെന്നീര്‍ക്കര എന്നീ നാട്ടുരാജ്യങ്ങളുടെ അതിര് അഥവാ തുമ്പ് നില്‍ക്കുന്നസ്ഥലം തുമ്പമണ്‍ ആയി എന്ന് ചരിത്രകാരന്‍മാര്‍ സമര്‍ഥിക്കുന്നു.

തദ്ദേശ സ്ഥാപനത്തിന്‍റെ വികസന സ്ഥിതിവിശേഷം

87.31 ച.കി.മീ. വിസ്തൃതിയുള്ള ഈ ബ്ലോക്ക് പഞ്ചായത്തിന് വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. തെക്കു കിഴക്ക് മലനിരകളും പടിഞ്ഞാറ് ഏകദേശം സമതലവുംഉള്‍പ്പെടുന്നു.മലനിരകളുടെ സമശീതോഷ്ണ കാലാവസ്ഥ കണ്ടറിഞ്ഞ് വളരെ മുമ്പുതന്നെ മലഞ്ചരക്ക് വ്യാപാരത്തിനുള്ള കാര്‍ഷിക വൃത്തിക്കായും ജനങ്ങള്‍ പന്തളം ബ്ലോക്ക് പ്രദേശത്തെ തെരഞ്ഞെടുത്തു.കേരളത്തില്‍ റബ്ബര്‍ ഏറ്റവും കൂടുതല്‍  കൃഷി ചെയ്യുന്ന മേഖലകളില്‍ ഒന്നാണിത്.പുണ്യനദിയായ പമ്പാനദി ,അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളും നിരവധി കൈത്തോടുകളും ഈ പ്രദേശത്തെ സമ്പുഷ്ടമാക്കുന്നു.എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്നത് പഠന വിഷയമാക്കേണ്ടതാണ്.വയലുകളുടെ വിസ്തൃതി കുറവുള്ള പ്രദേശങ്ങളിലൊന്നാണ് ഇത്.മാറിയ കാര്‍ഷിക സാഹചര്യത്തില്‍ വീണ്ടും നെല്‍വയവുകളുടെ അളവ് കുറയ്ക്കുന്നത് ആശങ്കാജനകമാണ്.നെല്‍വയലുകള്‍ തരിശ് ഇടുകയും,നികത്തി മറ്റ് വന്‍കിട പദ്ധതികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നത് ഇതിനുകാരണമാകുന്നു.ആയതിനാല്‍ നെല്‍വയലിനെ വീണ്ടെടുത്ത് നെല്‍കൃഷി നടത്തുകയും ചെയ്യേണ്ടതാണ്.കൂടാതെ മലഞ്ചരക്ക് ജൈവപച്ചക്കറി  എന്നിവ കൃഷി ചെയ്യുന്നതിന് അനുകൂലമായ പ്രകൃതിയാണ് ഈ പ്രദേശത്തിനുള്ളത്.വളക്കൂറുള്ള മണ്ണും ഭൂമിശാസ്ത്രപരമാ. പ്രത്യേകതകളും കാര്‍ഷിക മേഖലയിലും ചെറുകിട വ്യവസായ രംഗത്തും ചുവടുറപ്പിക്കാന്‍ അനുയോജ്യമാണ്.