ചരിത്രം

സാമൂഹ്യ-സാംസ്ക്കാരിക ചരിത്രം

ആലപ്പുഴജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെട്ട ഒരു തനിനാട്ടിന്‍പുറമാണ് പാണാവള്ളി എന്ന കൊച്ചുഗ്രാമം. പത്തൊന്‍പത് ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുണ്ട് ഈ പഞ്ചായത്തിന്. പഴയ തിരുവിതാംകൂറിന്റെ വടക്കേയറ്റത്തുള്ള കരപ്പുറം ഭാഗത്തെ ഒരു തീരസമതലപ്രദേശമാണ് പാണാവള്ളി പഞ്ചായത്ത്. പുരാണ കഥാപാത്രങ്ങളായ പാണ്ഡവര്‍ ദേശാടനത്തിനിടയില്‍ വളരെ നാള്‍ ഇവിടെ താമസിച്ചിരുന്നുവെന്നും അങ്ങനെ പാണ്ഡവര്‍വെളിയായി അന്ന് അറിയപ്പെട്ട ഈ ദേശം പിന്നീട് പാണാവള്ളിയായി എന്നാണ് ഐതിഹ്യം. ഇപ്പോള്‍ പഞ്ചായത്തോഫീസ് നില്‍ക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നാലു കല്ലുകള്‍ക്കും അതിപുരാതനമായ ചരിത്രമാണുള്ളത്. നിരവധി വാമൊഴിക്കഥകള്‍ ഇതു സംബന്ധിച്ചുണ്ട്. പണ്ട് നിലനിന്നിരുന്ന ഏതോ മനകളില്‍ നിന്ന് ദേശാടനം ചെയ്തു കടല്‍ കടന്നുപോയിട്ട് തിരികെവന്ന നാലു ബ്രാഹ്മണര്‍ പിന്നീട് ഭ്രഷ്ട് കല്‍പിക്കപ്പെട്ട് ഇസ്ളാംമതക്കാരായിയെന്നും അവരുടെ സ്മരണയ്ക്ക് നാലു കല്ലുകള്‍ നാല്‍പ്പത്തെണ്ണീശ്വരം നടയ്ക്കു നേരെ സ്ഥാപിക്കപ്പെട്ടു എന്നുമാണ് അതില്‍ ഒരു കഥ. ഏതായാലും കുറെക്കാലം മുമ്പുവരെയങ്കിലും ഹിന്ദുക്കളും മുസ്ളീങ്ങളും ഒരുപോലെ ഈ നാലു കല്ലുകള്‍ക്ക് ദിവ്യത്വം കല്‍പിച്ചുപോന്നിരുന്നു. രാജഭരണകാലത്ത് രാജാവിന്റെ പള്ളിയോടം അടുത്തിരുന്നത് ഓടംപള്ളി കിഴക്കേകടവിലാണത്രേ. പണ്ടുണ്ടായിരുന്ന നമ്പൂതിരിമനകളും ക്ഷേത്രദേവസ്വങ്ങളുമായിരുന്നു അന്നത്തെ ഭൂവുടമകള്‍. മലയാള ബ്രാഹ്മണരും തുളുബ്രാഹ്മണരും ഇളയത് വംശജരും ഗൌഡസാരസ്വതബ്രാഹ്മണരും വൈദികവൃത്തിയും പൌരോഹിത്യവൃത്തിയും കൈയ്യാളിയിരുന്നു. കേരള സാമൂഹ്യചരിത്രത്തെ തിരുത്തിക്കുറിച്ച സാമൂഹ്യപരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ സാന്നിധ്യം പാണാവള്ളിയെ ധന്യമാക്കിയിട്ടുണ്ട്. മറ്റെവിടെയും പോലെ ഇവിടെയും ആരാധനാലയങ്ങളോടൊപ്പം കലാ-സാംസ്ക്കാരികകേന്ദ്രങ്ങളും ഉണ്ടായിരുന്നു. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം, ആരയന്‍കാവ് അന്നപൂര്‍ണ്ണേശ്വരിക്ഷേത്രം, ഇടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തളിയാപറമ്പ് ദേവീക്ഷേത്രം, നാല്‍പ്പത്തെണ്ണീശ്വരം മഹാദേവര്‍ക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവര്‍ക്ഷേത്രം, ഓടമ്പള്ളി ഭഗവതിക്ഷേത്രം, കാരാളപ്പതിക്ഷേത്രം, ഊരാളിപറമ്പ് ശാസ്താക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ പൌരാണികവും പ്രശസ്തവുമായ ആരാധനാലയങ്ങളാണ്. ഈ ഗ്രാമത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക ചരിത്രത്തില്‍ തിളങ്ങി നിന്ന നിരവധി വ്യക്തികളുണ്ട്. സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ നേതാവായ ദേശത്ത് ശ്രീകൃഷ്ണപ്പണിക്കര്‍, വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്ന കാട്ടുതറകേശവന്‍, പണിക്കംവീട്ടില്‍ നാരായണന്‍, സര്‍.സി.പി.യുടെ കിരാതഭരണത്തിനെതിരെ പോരാടിയ യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുഴിക്കാട്ട് വി.കെ.വേലായുധന്‍, പുന്നപ്ര-വയലാര്‍ സമരനായകന്മാരില്‍ കരുത്തനായിരുന്ന സി.ജി.സദാശിവന്‍, കയര്‍ഫാക്ടറി തൊഴിലാളികളായിരുന്ന കെ.കെ.സുകുമാരന്‍, ദാമോദരന്‍, സി.കെ.നാരായണന്‍, എം.കെ.കരുണാകരന്‍പിള്ള തുടങ്ങിയവര്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. സംസ്കൃതപാണ്ഡിത്യത്തിലും തച്ചുശാസ്ത്രത്തിലും കേരളം മുഴുവന്‍ പേരുകേട്ട കരുപ്പുരുത്തില്‍ താര്‍ക്കികന്‍ രാമക്കൈമളാശാനും, അതുപോലെ വൈദ്യശാസ്ത്രരംഗത്ത് പ്രശസ്തരായ പാണാവള്ളി കൃഷ്ണന്‍വൈദ്യനും, മാനംകുറിച്ചിയിലേയും പുത്തന്‍തറയിലേയും കുഞ്ചരത്തേയും ചിറ്റിയിലേയും വൈദ്യകുടുംബങ്ങളിലെ മഹാവൈദ്യന്മാരും ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ്. കേരളത്തിലെ അറിയപ്പെടുന്ന അക്ഷരശ്ളോകനിപുണന്‍ പി.കെ.പട്ടമന ഈ പഞ്ചായത്തുസ്വദേശിയാണ്. ആദ്യകാലകാഥികനായിരുന്ന കെ.വി.വൈദ്യന്‍ അക്കാലത്തെ പ്രശസ്ത കലാകാരനായിരുന്നു. തൃച്ചാറ്റുകുളത്തെ ആസാദ് ലൈബ്രറിയും ഓടമ്പള്ളി ലൈബ്രറിയും പൂച്ചാക്കല്‍ യംഗ്മെന്‍സ് ലൈബ്രറിയും വളരെ പഴക്കം ചെന്നവയാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് രാജവാഴ്ചക്കാലത്ത് കരംതീരുവ ഉള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ആദ്യത്തെ പ്രജാസഭാമെമ്പര്‍ ആയിരുന്നു കൊച്ചുപിള്ളക്കൈമള്‍. പാണാവള്ളി പഞ്ചായത്ത് 1953-ലാണ് രൂപീകൃതമായത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടേയും നായകര്‍ തന്നെയാണ് ആദ്യകാല പഞ്ചായത്തുസാരഥികളും. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്ന എം.കെ.കരുണാകരന്‍ പിള്ളയായിരുന്നു ഈ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്.