പാണഞ്ചേരി

Pananchery Grama Panchayat

തൃശൂര്‍ജില്ലയില്‍, തൃശൂര്‍ താലൂക്കില്‍ ഒല്ലൂക്കര ബ്ലോക്കിലാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പാണഞ്ചേരി, പീച്ചി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് 141.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പാണഞ്ചേരി പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് കണ്ണമ്പ്ര, കിഴക്കഞ്ചേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുത്തൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മാടക്കത്തറ, ഒല്ലുക്കര, നടത്തറ പഞ്ചായത്തുകളും, വടക്കുഭാഗത്ത് തെക്കുംകര പഞ്ചായത്തുമാണ്. 23 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. കൊച്ചി വില്ലേജ് നിലവില്‍ വന്ന 1914-ല്‍ തന്നെ പാണഞ്ചേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടു. 1950-ല്‍ തിരുകൊച്ചി പഞ്ചായത്തുനിയമം നിലവില്‍ വന്നപ്പോള്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം ചെയ്യപ്പെട്ടു. നെട്ടിശ്ശേരി പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാടക്കത്തറ, വെള്ളാനിക്കര ഭാഗങ്ങള്‍ ഈ പഞ്ചായത്തില്‍ നിന്നും വേര്‍പെടുത്തിയതോടെ പഞ്ചായത്തിന്റെ ഇന്നത്തെ രൂപം കൈവന്നു. കരം അടയ്ക്കുന്നവര്‍ക്കു മാത്രം വോട്ടവകാശമുണ്ടായിരുന്ന ആദ്യകാലങ്ങളില്‍ കൈപൊക്കിയോ, കടലാസില്‍ എഴുതിയോ ആണ് ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നത്. നൊട്ടത്ത് ശങ്കരമേനോന്‍, ടി.ഗോവിന്ദമേനോന്‍, എന്‍.സി.ലോനപ്പന്‍, പി.അച്ച്യുതപിഷാരടി, റവ.ഫാ.എം.പി.ഫ്രാന്‍സിസ്, താറ്റാട്ട് കൃഷ്ണന്‍കുട്ടി നായര്‍, ഒ.ടി.വറീത് എന്നിവര്‍ പഴയകാലപ്രസിഡന്റുമാരായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ചതിനെതുടര്‍ന്ന് 1953-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവില്‍വന്ന ഭരണസമിതിയുടെ പ്രസിഡന്റായി പുക്കോടന്‍ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിനാട്ടുരാജ്യാതിര്‍ത്തിയായ വാണിയമ്പാറയില്‍ കൊച്ചി - മലബാര്‍ രാജ്യങ്ങളുടെ ചുങ്കപ്പുരകളുണ്ടായിരുന്നു. കൃഷിക്കാവശ്യമായ കുളങ്ങളും ചിറകളും സംരക്ഷിക്കുന്ന ചുമതല പഞ്ചായത്ത് നിര്‍വ്വഹിച്ചുപോന്നു. മലയിടുക്കുകളും ചെറു താഴ്വരകളും നിറഞ്ഞ ഈ ഭൂപ്രദേശത്ത് മനുഷ്യവാസമാരംഭിച്ചത് എന്നാണെന്ന് കൃത്യമായി പറയുകവയ്യ. എങ്ങുനിന്നോ പറിച്ചുനടപ്പെട്ട കുറച്ചു കുടുംബങ്ങള്‍ വാസമാരംഭിക്കുകയും, ക്രമേണ ഗ്രാമീണകുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയും ഇതൊരു വികസിത ജനവാസകേന്ദ്രമായിത്തീരുകയും ചെയ്തിട്ടുണ്ടാവാം. ഇവിടുത്തെ സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളില്‍ മാറ്റത്തിന്റെ കാറ്റടിച്ചുതുടങ്ങിയത് 1942-ല്‍ കൊച്ചിരാജാവ് ഹില്‍പാഡി സ്കീം പ്രഖ്യാപിച്ചതോടുകൂടിയാണ്. കാനനച്ചോലകളും നീരരുവികളും വിസ്തൃതമായൊരു തടാകവും വിവിധയിനം പുഷ്പഫലസസ്യങ്ങളും പക്ഷിമൃഗാദികളും ഒക്കെയുള്ള ഈ ഭുപ്രദേശത്തിന്റെ മനോഹാരിത വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പശ്ചിമഘട്ടത്തിലെ വനനിബിഡമായ മലനിരകളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഈ പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ മൂന്നിലൊരു ഭാഗവും വനമേഖലയാണ്. പീച്ചി-വാഴാനി വന്യമൃഗസങ്കേതത്തിന്റെ കുറേ ഭാഗങ്ങള്‍ ഈ പഞ്ചായത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നു. ദേശീയപക്ഷിയായ മയില്‍ ധാരാളമായി കാണപ്പെടുന്ന സങ്കേതവുമാണ് ഈ മേഖല. വനപഠനത്തിനുള്ള കേരള വന ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നതും ഈ പഞ്ചായത്തിലാണ്.പുരാതനകാലത്ത് ഈ പ്രദേശം വാണിരുന്ന ബാണന്‍ എന്നൊരു ഗണാധിപന്റെ പേരില്‍നിന്നാണ് പാണഞ്ചേരി(ബാണഞ്ചേരി) എന്ന സ്ഥലനാമമുണ്ടായത് എന്നാണ് സ്ഥലനാമഐതിഹ്യം.