ചരിത്രം

പ്രാചീനചരിത്രം

ബാണന്റെ കോട്ട സ്ഥിതി ചെയ്തിരുന്നിടം പാണഞ്ചേരിയെന്ന സ്ഥലനാമമായി എന്നാണ് ഗ്രാമീണജനതയുടെ ഇടയില്‍ പ്രചാരത്തിലുള്ള ഐതീഹ്യം. ബാണന്റെ കോട്ടയും പാണഞ്ചേരിയെന്ന സ്ഥലനാമവും രണ്ട് ചരിത്രഘട്ടങ്ങളെ കുറിക്കുന്നു. കുല, ഗോത്ര സാമൂഹ്യവ്യവസ്ഥയുടെ അവസാനത്തെ ഘട്ടമാണ് ഒന്ന്. അക്കാലത്ത് പഴനിമല, പറമ്പുമല, കൊടൈമല, പൊതിയില്‍മല, മുതിരമല, കുതിരമല തുടങ്ങിയ കുന്നുകളെല്ലാം ഓരോരോ ഗോത്രതലവന്മാരുടെ അധീനതയിലായിരുന്നു. എയ്നര്‍, വില്ലവര്‍ തുടങ്ങിയ കുലത്തില്‍പെട്ട അതികായന്‍മാരാണ് കുതിരമല (കുതിരാന്‍) ആസ്ഥാനമാക്കി വാണിരുന്നത്. ഈ കുലത്തില്‍ ബാണന്‍ എന്നാരു ഗണാധിപന്‍ ഉണ്ടായിരുന്നതായി ഐതിഹ്യമുണ്ട്. ഈ വംശപരമ്പരകളില്‍ നിന്നാണ് ആദിചേരന്മാരുടെ താവഴികളാരംഭിച്ചത്. ചേരന്മാരുടെ കൊടിയടയാളമായ വില്ല് മേല്‍പ്പറഞ്ഞ വംശസൂചനയായിവേണം കാണാന്‍. ഇക്കാലത്ത് കൊങ്ങുനാട്ടില്‍ (കോയമ്പത്തൂര്‍ ജില്ല) രാജവാഴ്ച ഉദയം ചെയ്തുകഴിഞ്ഞിരുന്നു. ജൈനമതക്കാരായ രാട്ടന്‍മാരും ഗംഗന്‍മാരും മാറിമാറി നാടുവാണു. കൊങ്ങുനാട്ടിലെ പടിയൂര്‍ ആണ് ലോകത്ത് മരതകരത്നം ലഭിച്ചിരുന്ന ഒരേയൊരു സ്ഥലം. ക്രിസ്തുവിനുമുമ്പ് 8-ാം നൂറ്റാണ്ടുമുതല്‍ വിദേശവ്യാപാരികള്‍ പടിയൂരില്‍ താമസിച്ച് രത്നങ്ങള്‍ ശേഖരിച്ചിരുന്നതായി തെളിവുകളുണ്ട്. പടിയൂരിലെ രത്നങ്ങളും മലബാറിലെ കുരുമുളകും മറ്റും കയറ്റുമതി ചെയ്തിരുന്നത് ചേരതലസ്ഥാനമായ വഞ്ചി(കൊടുങ്ങല്ലൂര്‍) തുറമുഖത്തുനിന്നാണ്. അതുകൊണ്ടുതന്നെ വഞ്ചിയേയും പടിയൂരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വാണിജ്യപഥം അക്കാലത്ത് നിലനിന്നിരുന്നു. ഈ വാണിജ്യപഥം വഴി ജൈനമതം കൊങ്ങുനാടിനപ്പുറത്തുള്ള കുന്നുകളിലെ അധിവാസകേന്ദ്രങ്ങളിലേക്കു വ്യാപിക്കാനിടയായി. ക്രമേണ ബുദ്ധമതവും കടന്നുവന്നു. തൃശൂര്‍ ജില്ലയിലെ ശ്രീവടക്കുംനാഥന്‍, കൂടല്‍മാണിക്യം, കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം തുടങ്ങിയ പ്രാചീനക്ഷേത്രങ്ങളിലൊക്കെ ജൈന-ബുദ്ധ മതങ്ങളുടെ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട്. തമിഴ്നാട്ടില്‍നിന്നും, തൃശൂര്‍ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള മുനിയറകള്‍ ജൈനമതവുമായി ബന്ധപ്പെട്ടതാണ്. ഇത്തരത്തിലുള്ള മുനിയറകള്‍ പട്ടിക്കാടിനു ചുറ്റുമുള്ള വനാന്തര്‍ഭാഗങ്ങളില്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ടെന്ന് 1882-ല്‍ റോബര്‍ട്ട് സെന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളാനിമലയിലെ ഒരു സ്ഥലത്തിന്റെ പേര് ഇപ്പോഴും മുനിയറക്കുന്ന് എന്നുതന്നെയാണ്. തൃശൂര്‍ ജില്ലയിലെ ഒട്ടുമിക്കവാറും കുന്നുകള്‍ക്കും സംഘകാലബന്ധമുണ്ടായിരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പാണഞ്ചേരിയുടെ പൂര്‍വ്വചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കുന്ന പ്രധാന ചരിത്രസാമഗ്രികളിലൊന്നാണ് ഈ മുനിയറകള്‍. കൃഷിയെക്കുറിച്ചുള്ള അറിവ്, കായ്കനികള്‍ പെറുക്കിത്തിന്നും വേട്ടയാടിയും കാലിമേയിച്ചുമൊക്കെ കുന്നിന്റെ മുകളില്‍ കഴിഞ്ഞു കൂടിയിരുന്ന മനുഷ്യനെ തടങ്ങളിലേക്കിറങ്ങുവാന്‍ നിര്‍ബന്ധിതരാക്കി. പരിവര്‍ത്തനത്തിന്റെ ഈ ആദിമശതകങ്ങളിലാണ് പാണഞ്ചേരിയുടെ ഉദയം. എ.ഡി.10-ാം നൂറ്റാണ്ടുവരെ ചേരസാമ്രാജ്യം തമിഴകത്തിന്റെ ഭാഗമായിരുന്നു. കൊടുംതമിഴായിരുന്നു ഇവിടുത്തെ സംസാരഭാഷ. ചേരി എന്ന തമിഴുവാക്കിന് ഊര് എന്നാണര്‍ത്ഥം. പാണര്‍ എന്ന വര്‍ഗ്ഗക്കാരെപ്പറ്റി ഒട്ടേറെ പരാമര്‍ശങ്ങള്‍ സംഘം കൃതികളിലുണ്ട്. അവര്‍ ആദരണീയരും രാജാവിന്റെ അടുത്ത ആളുകളുമായിരുന്നു.

ആധുനികചരിത്രം

ആധികാരികമെന്നു കരുതാവുന്ന എന്തെങ്കിലും ഒരു ആധുനികരേഖ ലഭിക്കുന്നത് 18-ാം നൂറ്റാണ്ടിന്റെ ആദിമദശകങ്ങളിലാണ്. അക്കാലത്ത് തൃശൂര്‍ ജില്ലയെ തൃശ്ശീവപേരൂര്‍, ചിറ്റിലപ്പിള്ളി, വിജയപുരം, പറവട്ടാനി എന്നീ നാലു പ്രവൃത്തികളായി തിരിച്ചിരുന്നു. പറവട്ടാനി പ്രവൃത്തിയില്‍പ്പെട്ട 17 വില്ലേജുകളില്‍ ഒന്നായ പാണഞ്ചേരിയില്‍ അക്കാലത്തു ജനവാസമുണ്ടായിരുന്ന സ്ഥലങ്ങള്‍ പാണഞ്ചേരിയും പട്ടിക്കാടും മാത്രമായിരുന്നു. ഇവിടെയുണ്ടായിരുന്ന വീടുകളുടെയും ജനങ്ങളുടെയും എണ്ണമാകട്ടെ അംഗുലിപരിമിതവും. എന്നാല്‍ ടിപ്പുവിന്റെ പടയോട്ട(1789)ത്തിനു മുമ്പുതന്നെ ഇവിടുത്തെ കൃഷിഭൂമികള്‍ കൈവശംവച്ച് വാണിരുന്ന നാട്ടധിപന്മാര്‍ ഉണ്ടായിരുന്നു. കുടിപാര്‍പ്പുകളും തുടങ്ങിയിരുന്നു. മനകളോ മനവക കയ്യാലകളോ ഉണ്ടായിരുന്നിരിക്കണം. പടയോട്ടക്കാലത്ത് അയിത്തം മൂലവും മാനനഷ്ടം ഭയന്നും നമ്പൂതിരിമാരും സ്ത്രീകളും മറ്റും വെള്ളാനിമലകള്‍ കയറിപോവുകയും വെള്ളരിക്കുളത്തിനരികിലും രണ്ടാംകുന്നിലുമൊക്ക രണ്ടുമൂന്നുദിവസം ഒളിച്ചു പാര്‍ക്കുകയും ചെയ്തതായുള്ള കേട്ടറിവ് ഇവിടുത്തെ പഴമക്കാരുടെയിടയില്‍ പ്രചാരത്തിലുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏറെക്കുറെ ബ്രാഹ്മണമഠങ്ങള്‍, മനകള്‍, ഇല്ലങ്ങള്‍, നായര്‍കുടുംബങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കൈയടക്കി വച്ചിരിക്കുകയായിരുന്നു. വാധ്യാര്‍മന, കുടിശാരൂര്‍മന, വെള്ളാനിമന, എടക്കുന്നി വാരിയം, കീരങ്കുളങ്ങര വാരിയം, ആറ്റൂര്‍മന, കോവിലകം, കരിമ്പറ്റ രാജകുടുംബം, കോമരത്ത്, കൊമരപുരം മാരാത്ത് കൊട്ടില്‍, നൊട്ടയത്ത് എന്നീ ജന്മികുടുംബങ്ങളാണ് ഭൂമിക്കുമേലുള്ള അധീശത്വം കയ്യാളിയിരുന്നവര്‍. എങ്കിലും ഇതു പലപ്പോഴും ക്രയവിക്രയങ്ങള്‍ക്കുംക്കു വിധേയമായിരുന്നതായി കാണാം. പാണഞ്ചേരിയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് പടയോട്ടക്കാലത്ത് ടിപ്പു വെട്ടിയതാണെന്ന് അനുമാനിക്കപ്പെടുന്നു. എന്നാല്‍ 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോലും തൃശൂരില്‍ നിന്ന് പട്ടിക്കാട് വരെ മാത്രമേ വാഹനഗതാഗതം സാധ്യമാകുമായിരുന്നുള്ളൂ. 1844-ല്‍ ആണ് തൃശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ആദ്യമായി ഗതാഗതം ആരംഭിച്ചത്. ഈ പ്രദേശത്തെ മറ്റു പഴക്കമുള്ള റോഡുകള്‍ പാണഞ്ചേരി, ചെമ്പൂത്ര, മുളയം, പൂവ്വഞ്ചിറ എന്നീ റോഡുകളാണ്. സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തില്‍ പലപ്പോഴായി നിര്‍മ്മിച്ചിട്ടുള്ളവയാണ് അതെല്ലാം. ഒരുകാലത്ത് കള്ളന്‍മാരുടെ ആവാസകേന്ദ്രമെന്ന നിലയില്‍ കുതിരാന്‍ വഴിയുള്ള റോഡ് കുപ്രസിദ്ധമായിരുന്നു. ഇവര്‍ ഒളിച്ചുപാര്‍ത്തിരുന്ന ഗുഹകള്‍ ഇന്നും വാണിയമ്പാറ കള്ളക്കുന്നിലും കുതിരാനിലും വെള്ളാനിമലയിലും കാണാം. പട്ടിക്കാട് ബ്രാഹ്മണരായ വഴിയാത്രക്കാര്‍ക്കുവേണ്ടി ഒരു ഊട്ടുപുരയും രാപാര്‍ക്കാനുള്ള സൌകര്യവും ഉണ്ടായിരുന്നതായി രേഖയുണ്ട്. ബ്രാഹ്മണര്‍ക്ക് ഒന്നര ദിവസം ഭക്ഷണം കഴിച്ച്, ഇവിടെ വിശ്രമിക്കാമായിരുന്നു. മറ്റു ജാതികളിലുള്ളവര്‍ക്കു വേണ്ടി ഉച്ചക്കഞ്ഞിവിതരണം ഉണ്ടായിരുന്നു. ഊട്ടുപുരയിലെ ചിലവിലേക്കാവശ്യമായ അരി, കോവിലകം വക ഭൂമിയില്‍ നിന്ന് പാട്ടമായി ലഭിച്ചിരുന്നു. ഈ ഊട്ടുപുരയുടെ നിര്‍മ്മാണകാലം 17-ാം നൂറ്റാണ്ടിലായിരുന്നിരിക്കണം. ഊട്ടുപുരയോടനുബന്ധിച്ച് രണ്ടു കുളങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ഊട്ടുപുരകുളമെന്നും മറ്റേത് ചെട്ടിയാര്‍കുളമെന്നും അറിയപ്പെട്ടു. ഊട്ടുപുരക്കുളത്തില്‍ താണജാതിയില്‍ പെട്ടവരെ കുളിക്കാന്‍ അനുവദിക്കാതെ അയിത്തത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തിയിരുന്നു.

ജനവാസചരിത്രം

സവര്‍ണ്ണരെ കൂടാതെ അവര്‍ണ്ണരും ഏറിയൊ കുറഞ്ഞോ ആയ അളവില്‍ ഇവിടെ പാര്‍പ്പുറപ്പിച്ചിരുന്നു. ചെട്ടിയാര്‍ കുളത്തിനു തെക്കുമാറി ചെട്ടിസമുദായക്കാരുടെ ഒരു അധിവാസകേന്ദ്രം തന്നെ ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 15-ല്‍ താഴെ നായര്‍ കുടുംബങ്ങളും അത്രയും തന്നെ ക്രിസ്ത്യന്‍കുടുംബങ്ങളുമാണ് പട്ടിക്കാടുണ്ടായിരുന്നത്. പാണഞ്ചേരിയിലും ചെമ്പൂത്രയിലും ഇതേ അനുപാതത്തില്‍ തന്നെ നായര്‍കുടുംബങ്ങളും ഈഴവകുടുംബങ്ങളും ഉണ്ടായിരുന്നു. രണ്ടോ മൂന്നാ ക്രിസ്ത്യന്‍കുടുംബങ്ങളും യാദവ വംശപാരമ്പര്യം അവകാശപ്പെടുന്ന കോനാര്‍ ജാതിയില്‍പ്പെട്ടവരും, മുസ്ളീംങ്ങളും മുടിക്കോട് പാര്‍ത്തിരുന്നു. പാണഞ്ചേരി വില്ലേജിലേക്ക് ആദ്യമായി കുടിയേറിയ മുസ്ളീം കുടുംബങ്ങള്‍ വാവരുകുഞ്ഞി, കുഞ്ഞടിമു എന്നിവരുടേതായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കുതിരാന് അപ്പുറത്ത് കൃഷിഭൂമി കുറവായിരുന്നു. എടക്കുന്നിവാരിയം വക ഭൂമി കണ്ണമ്പ്രനായര്‍ കുടുംബക്കാരുടെ കൈകളിലെത്തിയപ്പോഴാണ് അവിടെ കുടിപ്പാര്‍പ്പ് ആരംഭിച്ചത്. ഒന്നു രണ്ട് നായര്‍ കുടുംബങ്ങളും അത്രയും തന്നെ മുസ്ളീംകുടുംബങ്ങളും ഒരു ഈഴവകുടുംബവുമാണ് വാണിയമ്പാറയില്‍ ആദ്യം ചേക്കേറിയത്. പക്ഷേ പൊട്ടിമടയിലും, പട്ടിക്കാടിന്റെ പ്രാന്തപ്രദേശങ്ങളിലും ധാരാളം ഗിരിവര്‍ഗ്ഗക്കാരായ മലയര്‍ അധിവസിച്ചിരുന്നു. അവരായിരുന്നു ജനസംഖ്യയില്‍ സിംഹഭാഗവും. ജനസാന്ദ്രത കുറവായിരുന്നതിനാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇവിടുത്തെ സാമൂഹിക ജീവിതം ചലനാത്മകമായിരുന്നില്ല. ക്രമേണ ഒറ്റയും തെറ്റയുമായി കുടിയേറ്റങ്ങള്‍ നടന്നുകൊണ്ടിരുന്നു. അതിലേറെയും കൊച്ചിരാജ്യത്തു നിന്നായിരുന്നു. തല്‍ഫലമായി 1940-കളുടെ ആദ്യപാദമായപ്പോഴേക്കും പഞ്ചായത്തിലെ പ്രായപൂര്‍ത്തിയായ ജനങ്ങളുടെ എണ്ണം 1705 ആയി ഉയര്‍ന്നു. വ്യത്യസ്തമതങ്ങളില്‍പ്പെട്ട മുപ്പത്തഞ്ചോളം ജാതിക്കാര്‍ ഇവിടെ എത്തിച്ചേര്‍ന്നു. തിരുവിതാംകൂര്‍ കര്‍ഷകരുടെ കുടിയേറ്റം കൊച്ചിരാജാവിന്റെ ഹില്‍പാഡി സ്കീമുമായി ബന്ധപ്പെട്ടതാണ് കുടിയേറ്റചരിത്രത്തിലെ സുപ്രധാനകാലഘട്ടം. പാണഞ്ചേരിയുടെ സാമൂഹികമണ്ഡലങ്ങളില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചത് ഈ രണ്ടാം ഘട്ടത്തോടെയാണ്. സുവിശേഷപ്രവര്‍ത്തകനായിരുന്ന മത്തായിച്ചന്‍ ആയിരുന്നു ആദ്യമായി വന്നത്തിയ തിരുവിതാംകൂര്‍ കര്‍ഷകന്‍ എന്നു പറയപ്പെടുന്നു. പാണഞ്ചേരി പഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ പഴക്കമേറെയുള്ളത് മുടിക്കോട് ശിവക്ഷേത്രം, ചെമ്പൂത്ര ഭഗവതിക്ഷേത്രം, പട്ടിക്കാട് ശ്രീധര്‍മ്മശാസ്താക്ഷേത്രം, കല്‍ദായപള്ളി, കുതിരാനിലെ ശാസ്താക്ഷേത്രം എന്നിവയാണ്. 1819-ല്‍ വാര്‍ഡ്-കോണര്‍ സര്‍വ്വേ പൂര്‍ത്തിയാകുമ്പോള്‍ ഒരു ആരാധനാലയവും ഈ പ്രദേശത്തുണ്ടായിരുന്നില്ല. എന്നാല്‍ പാണഞ്ചേരിക്കു കിഴക്ക് പട്ടിക്കാടിനോട് ചേര്‍ന്ന് ഒരു ക്ഷേത്രത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പറയുന്നുണ്ട്. അതിന്റെ പേര് ഗുരുനാഥനമ്പലം എന്നായിരുന്നുവത്രെ. ഇതില്‍നിന്നു വ്യക്തമാകുന്നത് പാണഞ്ചേരി പഞ്ചായത്തിലെ ആരാധനാലയങ്ങളെല്ലാം പണി കഴിപ്പിച്ചിട്ടുള്ളത് 1820-നു ശേഷം ആണെന്നാണ്. പട്ടിക്കാട് കല്‍ദായപള്ളി 1860-കളില്‍ സ്ഥാപിക്കപ്പെട്ടതാണെന്നു രേഖകള്‍ സൂചിപ്പിക്കുന്നു. ഇതേ കാലയളവിലാണ് ബ്രിട്ടീഷുകാരുടെ ആവശ്യാര്‍ത്ഥം മുസാവരി ബംഗ്ളാവ് (ഇപ്പോള്‍ ഫോറസ്റ്റ് ഓഫീസ്) പണികഴിപ്പിച്ചത്. പട്ടിക്കാട് കല്‍ദായ പള്ളിയോടനുബന്ധിച്ച് രൂപംകൊണ്ട വടക്കും തെക്കുമുള്ള അങ്ങാടികള്‍ നാഗരികതയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി. ചെമ്പൂത്ര ഭഗവതിക്കാവിലെ മകരച്ചൊവ്വയാണ് ദേശക്കാര്‍ ഒന്നടങ്കം പങ്കുകൊണ്ടിരുന്ന ഒരേയൊരു ഉത്സവം.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഈ പ്രദേശത്തിന്റെ അധിപനായിരുന്ന കൊച്ചിരാജാവ് ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തിരുന്നു. അതിനുവേണ്ടി പഞ്ചായത്തുകള്‍ രൂപീകരിക്കപ്പെട്ടു. 1914-ല്‍ പാണഞ്ചേരി വില്ലേജുപഞ്ചായത്ത് രൂപീകൃതമായപ്പോള്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റ് നൊട്ടത്ത് ശങ്കരമേനോന്‍ ആയിരുന്നു. ഇക്കാലത്ത് ആവശ്യമായ സ്ഥലങ്ങളില്‍ പഞ്ചായത്ത് വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. പ്രഖ്യാതവിഷഹാരിയായിരുന്ന ചെമ്പൂത്ര മാളിയേക്കല്‍ കര്‍ത്താവിന്റെ വീട്ടുപടിക്കല്‍ സ്ഥാപിതമായ ഒരു വഴിവിളക്ക് ഇപ്പോഴും ചരിത്രസ്മരകമായി നിലനില്‍ക്കുന്നുണ്ട്. വാണിയമ്പാറയിലും വഴുക്കുംപാറയിലുമായി രണ്ട് പൌണ്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നു. രാജ്യാതിര്‍ത്തിയായ വാണിയമ്പാറയില്‍ കൊച്ചി - മലബാര്‍ രാജ്യങ്ങളുടെ ചുങ്കപ്പുരകളുണ്ടായിരുന്നു. പിന്നീട് അവ സ്ഥലപേരുകളായിമാറി, യഥാക്രമം താഴേചുങ്കമെന്നും മേലെചുങ്കമെന്നും അറിയപ്പെടാന്‍ തുടങ്ങി. കൃഷിക്കാവശ്യമായ കുളങ്ങളും ചിറകളും സംരക്ഷിച്ചു പോന്നത് പഞ്ചായത്താണ്. മലയിടിക്കുകളും ചെറു താഴ്വരകളും നിറഞ്ഞ ഭൂപ്രദേശത്ത് ജനവാസം വര്‍ദ്ധിച്ചതോടുകൂടി ആരാധനാലയങ്ങളും വിദ്യാലയങ്ങളും ഉണ്ടായിത്തുടങ്ങി. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് 1908-ല്‍ ആണ്. കല്‍ദായ സുറിയാനിപള്ളിവക കെട്ടിടത്തിലാണ് സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1939-ല്‍ പട്ടിക്കാട് ഗ്രാമീണ വായനശാല സ്ഥാപിതമായി. ഇവിടുത്തെ സാമൂഹിക, സാമ്പത്തികമണ്ഡലങ്ങളില്‍ മാറ്റത്തിന്റെ കാറ്റടിച്ചുതുടങ്ങിയത് 1942-ല്‍ കൊച്ചിരാജാവ് ഹില്‍പാഡി സ്കീം പ്രഖ്യാപിച്ചതോടുകൂടിയാണ്. രണ്ടാംലോകമഹായുദ്ധവും 1940-ലെ കൊടുങ്കാറ്റും വെള്ളപ്പൊക്കവുമെല്ലാം കൂടി രാജ്യത്തു ഭക്ഷ്യക്ഷാമം രൂക്ഷമാക്കി. അതിനൊരു പരിഹാരമെന്നോണം കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴുകി വീണ വനപ്രദേശങ്ങളില്‍ കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുത്തു. ഏക്കറിന് എട്ട് അണ പാട്ടമായി നിശ്ചയിക്കുകയും ചെയ്തു. അതേതുടര്‍ന്നു ധാരാളമായി കര്‍ഷകര്‍ ഇവിടെ കൂടിയേറി കാടുവെട്ടി കൃഷിയാരംഭിച്ചു. ഈ കാലയളവില്‍ രൂപം കൊണ്ട പാണഞ്ചേരി സര്‍വ്വീസ് സഹകരണസംഘം അരിയും മണ്ണെണ്ണയും മറ്റും ന്യായവിലയ്ക്കു വിതരണം ചെയ്ത് കര്‍ഷകര്‍ക്കൊരു അത്താണിയായി മാറി. പട്ടയമില്ലാത്ത കര്‍ഷകര്‍ക്ക് കേരളത്തില്‍ ആദ്യമായി കാര്‍ഷികവായ്പ കൊടുത്തുതുടങ്ങിയത് ഈ സംഘമാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ആവശ്യം വേണ്ടതായ ശക്തി പകരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല ഇവിടെ നിലനിന്നിരുന്നത്. ചുരുങ്ങിയ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ദേശീയപ്രസ്ഥാനത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ ഈ പഞ്ചായത്തിനു സാധിച്ചു. ഈ പഞ്ചായത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് താമ്രപത്രം ലഭിച്ചിട്ടുണ്ട്. അന്തിക്കാട്സമരത്തില്‍ പങ്കെടുത്ത വി.ജി.മാധവനും(പയ്യനം), വാര്‍ദ്ധയില്‍ ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ച കിടങ്ങാപ്പള്ളി ശങ്കരമേനോനുമാണവര്‍. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം ഇവിടുത്തെ സാമൂഹികജീവിതത്തെ ചലനാത്മകമാക്കി. പീച്ചി ഡാമിന്റെ നിര്‍മ്മാണം കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി. കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട വാര്യര്‍ ആണ് ഡാം നിര്‍മ്മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളാരംഭിച്ചത്. കൊട്ടിലിലെ മാരാര്‍ എരപ്പുംപാറയില്‍ തീര്‍ത്ത ചെറിയ അണക്കെട്ടാണ് പീച്ചി ഡാമിന്റെ നിര്‍മ്മാണത്തിനു പ്രേരകമായത്. 1957-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഈ അണക്കെട്ട് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പീച്ചിഡാമിനോടൊപ്പം കണ്ണാറപാലവും പണിതു. കണ്ണാറക്കു മുകളിലേക്കുള്ള ഭാഗങ്ങള്‍ ഇതിനോടകം അധിവാസകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരുന്നു. നിയമസഭയില്‍ കോളിളക്കമുണ്ടാക്കിയ കണ്ണാറ തോപ്പുംകടവ് റോഡ് പൂര്‍ത്തിയായി. കണ്ണാറ, പട്ടിക്കാട്, പീച്ചീ, ചുവന്നമണ്ണ്, മുടിക്കോട്, വാണിയാമ്പാറ എന്നിവിടങ്ങളില്‍ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. പീച്ചിയില്‍ എഞ്ചിനീയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണാറ അടക്കാ ഗവേഷണകേന്ദ്രം, മാരായ്ക്കല്‍ വാഴ ഗവേഷണകേന്ദ്രം, വെറ്റിലപ്പാറ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെയുള്ള സര്‍ക്കാര്‍സ്ഥാപനങ്ങള്‍ പ്രവര്‍ത്തമാരംഭിച്ചു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സാംസ്ക്കാരിക രംഗത്തുണ്ടായ പല നേട്ടങ്ങള്‍ക്കും ഈ പഞ്ചായത്തിലെ ഗ്രന്ഥശാലകള്‍ സഹായകമായിട്ടുണ്ട്. വിലങ്ങന്നൂര്‍, വീണ്ടശ്ശേരി, വാണിയമ്പാറ, വഴുക്കുംപാറ, പട്ടിക്കാട് എന്നിവിടങ്ങളിലാണ് ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. പീച്ചിഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 1949-ല്‍ വിയ്യൂര്‍ സബ്സ്റ്റേഷനില്‍ നിന്നും 11 കെ.വി ഫീഡര്‍ വഴിയാണ് ഈ പഞ്ചായത്തിലേക്ക് ആദ്യമായി വൈദ്യുതി എത്തുന്നത്. ജനങ്ങള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കേണ്ടത് സ്റ്റേറ്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കൊച്ചി രാജ്യ സര്‍ക്കാര്‍ 1818-ല്‍ 33 വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ആധുനിക വിദ്യാഭ്യാസം പാണഞ്ചേരിയില്‍ ആരംഭിക്കുന്നത് പട്ടിക്കാട് ഒരു മലയാള സ്കൂള്‍ സര്‍ക്കാര്‍ 1908-ല്‍ സ്ഥാപിക്കുന്നതോടെയാണ്. പട്ടിക്കാട്ടെ കല്‍ദായ പള്ളിവക കെട്ടിടത്തിലായിരുന്നു ഈ സര്‍ക്കാര്‍ സ്കൂള്‍ ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്.

 ഭൂവിഭവങ്ങളും ഉപഭോഗചരിത്രവും

മുപ്പത്തയ്യായിരത്തിലധികം ഏക്കര്‍ വിസ്തൃതിയില്‍ പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്ത്, വിവിധയിനം കാര്‍ഷിവിളകള്‍ക്ക് അനുയോജ്യമായ, ഫലഭൂയിഷ്ഠമായ മണ്ണുനിറഞ്ഞ പ്രദേശമാണ്. കാര്‍ഷിക കാലാവസ്ഥാ ഭുപടത്തില്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്ന് തരംതിരിക്കപ്പെട്ടിട്ടുള്ള ഈ സ്ഥലത്തിന്റെ 41% ഭാഗവും (14579 ഏക്കര്‍) വനഭൂമിയും പീച്ചി പദ്ധതിപ്രദേശങ്ങളുമാണ്. കോവിലകത്തിന്റെയും ജന്മിമാരുടെയുമൊക്കെ അധീനതയില്‍ പഴയകാലത്ത് നെല്‍കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില്‍ സിംഹഭാഗവും വാണിയമ്പാറയില്‍ കാണുന്ന ആയിരത്തോളം ഏക്കര്‍ റബര്‍തോട്ടവും പഴയകാലത്ത് കൊച്ചിരാജകുടുംബം വകയായിരുന്നു. ജന്മിമാരുടെ ഭൂമിയില്‍ കൃഷി ചെയ്തിരുന്ന പ്രമുഖ കര്‍ഷകരായിരുന്നു മൊയ്തീന്‍ഷാ, കല്ലൂര്‍ക്കാരന്‍, ഓട്ടീസ്, തോട്ടാന്‍ തുടങ്ങിയവര്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉദയംവരെ ഇവിടുത്തെ വനങ്ങള്‍ കൊച്ചിരാജാവിനോട് കൂറുള്ള നാടുവാഴികളുടെ ഉടമസ്ഥതയിലും അധികാരത്തിലുമാണിരുന്നത്. എ.ഡി.1760-നും 1780-നും ഇടയ്ക്കാണ് ഈ വനങ്ങള്‍ കൊച്ചിരാജ്യത്തിന്റെ അധീനതയിലായത്. ഡച്ച്, പോര്‍ച്ചുഗീസ് വ്യാപാരികള്‍ കപ്പല്‍ നിര്‍മ്മാണത്തിനും കയറ്റുമതിക്കുമായി ധാരാളം തേക്കുമരങ്ങള്‍ ഈ കാടുകളില്‍ നിന്നും മുറിച്ചെടുത്തിരുന്നതായി പറയപ്പെടുന്നു. 1800-എ.ഡി.യോടുകൂടി പാട്ടസമ്പ്രദായം നിലവില്‍ വന്നു. 1813-ല്‍ കേണല്‍മണ്‍റോ തൃശൂര്‍ വനം ഡിവിഷന്റെ ഭരണത്തിന് ഒരു വനംസൂപ്രണ്ടിനെ നിയമിച്ചു.അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വെട്ടിയെടുത്ത തേക്കിനു പകരമായി 1818-ല്‍ ധാരാളം തേക്കിന്‍വിത്തുകള്‍ വനാന്തര്‍ഭാഗത്ത് കുഴിച്ചിടുകയുണ്ടായി. വനം പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി 1936-ല്‍ കുതിരാന്‍ ഭാഗത്ത് ഒരു പുനരുജ്ജീവിപ്പിക്കല്‍(റീജനറേഷന്‍) ബ്ളോക്ക് തന്നെ തുടങ്ങുകയും 1940-തോടുകൂടി 517 ഏക്കറില്‍ പുനരുജ്ജീവനം സാധ്യമാവുകയും ചെയ്തു. ഇപ്പോള്‍ ഈ ഭാഗത്തുള്ള വനം സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും മറ്റുമായി പട്ടിക്കാടും പീച്ചിയിലും ഓരോ ഫോറസ്റ്റ് റെയിഞ്ചുകള്‍ വീതം നിലവിലുണ്ട്. അര്‍ദ്ധനിത്യഹരിതവനവും ഇലപൊഴിയും കാടും വനതോട്ടവുമുള്ള ഇവിടെ നിത്യഹരിത വനം നാമമാത്രമായേ ഉള്ളൂ. നിത്യഹരിതവനങ്ങളിലും ഇലപൊഴിയുംകാടുകളിലും കാണപ്പെടുന്ന വൃക്ഷലതാദികള്‍ സമ്മിശ്രമായി ഇവിടെ കാണാം. ഈ വനത്തില്‍ മഞ്ഞക്കടമ്പ്, അയനി, ഇലവ്, ചുന്നകില്‍, ആവല്‍, പൊങ്ങ്, വെണ്‍തേക്ക്, മണിമരുത്, മാവ്, കാനനക്കൈത, നെടുനാര്‍, മലയൂരം, അമ്പഴം, വക്കപ്പാല, ചീനി, വെള്ളപ്പൈന്‍, മയിലെള്ള് മുതലായവയാണ് ഇവിടെ കാണപ്പെടുന്ന വന്‍മരങ്ങള്‍. മുട്ടിക്കായ്പ്പന്‍, ഇലവങ്ങം, നാശകം, ചെന്തൂരി മുതലായ ചെറുമരങ്ങളും ചൂരല്‍, കാട്ടുകിഴങ്ങ്, കാട്ടു കാച്ചില്‍ തുടങ്ങിയ വള്ളികളും തഴ്വരകളില്‍ കാണാറുണ്ട്. ഇലപോഴിയും വനത്തില്‍ മുഖ്യമായും കാണപ്പെടുന്നത് വേനല്‍ക്കാലത്ത് ഇലപൊഴിക്കുന്ന ഇനം വൃക്ഷങ്ങളാണ്. ചില സ്ഥലങ്ങളില്‍ പ്രത്യേകതരം വൃക്ഷങ്ങള്‍ കൂട്ടമായും കാണാം. ഉയര്‍ന്ന മലഞ്ചരുവില്‍ പുല്ലമരുത്, വേങ്ങമരുത്, കോറമരുത്, ഇവയുടെ കൂട്ടവും താഴെ വെട്ടുകല്‍-മണ്‍പ്രദേശങ്ങളില്‍ ഇരുളിന്റേയും ചടച്ചിയുടേയും കൂട്ടവും താഴത്തെ നിലയില്‍ മിക്കവാറും നിത്യഹരിതവൃക്ഷങ്ങളും ഇലപൊഴിക്കും വൃക്ഷങ്ങളും സമ്മിശ്രമായി വളരുന്നതു കാണാം. മുളങ്കൂട്ടങ്ങളും അസാധാരണമല്ല. ഈര്‍പ്പം കൂടുതലുള്ള ഭാഗങ്ങളിലും ചൂരല്‍ വളരാറുണ്ട്. വേനല്‍ക്കാലത്ത് മുകള്‍നിലയിലുള്ള മരങ്ങളെല്ലാം ഇല പൊഴിക്കും. എങ്കിലും അടുത്ത മഴയ്ക്കു വളരെ മുമ്പായി പല വൃക്ഷങ്ങളും തളിര്‍ക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. കാട്ടുതീ ഈ വനത്തില്‍ പതിവായി ഉണ്ടാകാറുണ്ട്. ഇലപൊഴിയും വനത്തിലെ പ്രധാനമരങ്ങള്‍ മഞ്ഞ കടമ്പ്, കുന്നിവാക, കരിന്തകര, പാല, ഇലവം, ചുകന്നാകില്‍, വീട്ടി, ചടച്ചി, ആവല്‍, വെള്ളക്കടമ്പ്, വെണ്‍തേക്ക്, മണിമരുത്, അന്നകാര, കാനനകൈത, വേങ്ങ, പൂവ്വം, അമ്പഴം, വെടങ്കൊര്‍ണ, തേക്ക്, താന്നി, പുല്ലമരുത്, കോറമരുത്, മയിലെളള്, ഇരുമുള്ള് ഇവയാണ്. താഴെ നിലകളിലായി ആരമ്പൂളി, കയനി, പേഴ്, കണിക്കൊന്ന, കൊടപ്പുന്ന, മുരുക്ക്, നാശകം, കുമ്പിള്‍, വട്ട, വക്ക, ആനവഴുക്കി, കാഞ്ഞിരം, മുള, പൂച്ചെടി, ഇടംപിരി, വലംപിരി, ഇഞ്ച, പുല്ലാനി, ഉറുഞ്ചി മുതലായവയും വളരുന്നു. ആനയും കാട്ടുപോത്തും പുലിയും പുള്ളിമാനും മ്ളാവും ഉള്‍പ്പെടെ ഇരുപത്തഞ്ചിനം സസ്തനികളും ധാരാളം ഉരഗ, ഉഭയ ജീവികളും നൂറിലേറെ ഇനം പക്ഷികളും (മയില്‍, കൊറ്റി, പരുന്ത്, തുന്നാരന്‍ തുടങ്ങിയവ) പത്തിലേറെ മത്സ്യയിനങ്ങളും (കുറവ, മണലാരോന്‍, വരാല്‍, കാരി, മാതു, വാള തുടങ്ങിയവ) ഇവിടുത്തെ വനസമ്പത്തില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശത്തെ പ്രധാനതോട്ടങ്ങളില്‍ തേക്ക്, വീട്ടി, യൂക്കാലിപ്സ്, മുള വിവിധയിനം വൃക്ഷങ്ങള്‍ എന്നിവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 1872-ല്‍ തൃശൂര്‍ വനം ഡിവിഷനില്‍ ആദ്യത്തെ തേക്കുതോട്ടം നട്ടുപിടിപ്പിച്ചു എങ്കിലും പാണഞ്ചേരി പഞ്ചായത്തിലെ ആദ്യതേക്കുതോട്ടം 1948-ല്‍ കുതിരാനിലാണ് നട്ടുവളര്‍ത്തിയത്. പിന്നീട് പല സ്ഥലങ്ങളില്‍ പലതരം തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയുണ്ടായി. എല്ലാംകൂടി ആയിരത്തി അഞ്ഞൂറോളം ഹെക്ടര്‍ വനതോട്ടം ഈ പഞ്ചായത്തിലുണ്ട്. ടാങ്കിയ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അക്കാലത്ത് ഇവിടെ നടപ്പാക്കിയിരുന്നില്ല. മിക്കവാറും എല്ലാ തോട്ടങ്ങളും സ്റ്റമ്പ് നടീല്‍ വസ്തുവായി ഉപയോഗിച്ച് 6′*6′ അകലത്തില്‍ നട്ടുവളര്‍ത്തിയവയാണ്.