പാമ്പാക്കുട

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലാണ് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956 നവംബര്‍ 6-നാണ് പാമ്പാക്കുട ബ്ളോക്ക്  രൂപീകൃതമായത്. ഇലഞ്ഞി, പിറവം, തിരുമാറാടി, കൂത്താട്ടുകുളം, പാലക്കുഴ, മണീട്, പാമ്പാക്കുട, രാമമംഗലം എന്നീ എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത്. ഇലഞ്ഞി, കൂത്താട്ടുകുളം, പിറവം, തിരുമാറാടി, പാലക്കുഴ, മനീദ്, ഓണക്കൂര്‍, മേമ്മുറി, രാമമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന് 213.6 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് മൂവാറ്റുപുഴ, വടവുകോട് ബ്ളോക്കുകളും, കിഴക്കുഭാഗത്ത് മൂവാറ്റുപുഴ, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ ബ്ളോക്കുകളും, തെക്കുഭാഗത്ത് കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് മുളന്തുരുത്തി ബ്ളോക്കും, കോട്ടയം ജില്ലയുമാണ് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. എറണാകുളം ജില്ലയുടെ തെക്കുകിഴക്കായി മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമായി കിടക്കുന്ന ഭൂപ്രദേശങ്ങളാണ് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നത്. മൂവാറ്റുപുഴയാറ് ഈ പ്രദേശത്തിന്റെ വടക്കുകിഴക്കേ അതിരു വഴി പടിഞ്ഞാറോട്ട് ഒഴുകുന്നു. രാമമംഗലം, പിറവം, മണീട് എന്നീ പഞ്ചായത്തുകള്‍ ഈ പുഴയുടെ തീരത്താണ്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 10 മുതല്‍ 150 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ ബ്ളോക്കുപ്രദേശം സ്ഥിതി ചെയ്യുന്നത്. പൊതുവെ വടക്കുകിഴക്കു പ്രദേശങ്ങള്‍ ഉയര്‍ന്നും, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ താഴ്ന്നുമാണ് ഈ ബ്ളോക്കിലെ ഭൂപ്രകൃതി കാണപ്പെടുന്നത്. മലനാടിന്റെയും, ഇടനാടിന്റെയും സവിശേഷതകള്‍ ഇവിടെ ദര്‍ശിക്കാം. മധ്യകേരളത്തില്‍ അറബിക്കടലിന് ഏകദേശം 35 കി.മീ കിഴക്കുമാറി, മലനാടിനോടടുത്തുള്ള ഇടനാടന്‍ പ്രദേശമാണിത്. രാമമംഗലം പഞ്ചായത്തിലെ കൊടികുത്തിമല, തിരുമാറാടി പഞ്ചായത്തിലെ ഊളക്കുന്ന്, മണ്ഡലം മല, തട്ടേക്കാട് എന്നീ പ്രദേശങ്ങള്‍ ഏറ്റവും ഉയര്‍ന്ന മലനിരകളായി കാണപ്പെടുന്നു. വെട്ടുകല്ലും, പാറയുമുള്ള മണ്ണോടുകൂടിയ ഫലഭൂയിഷ്ഠമായ മലമ്പ്രദേശമാണ് ഇവിടെ അധികവും. കളിമണ്ണ്, ചെളിമണ്ണ്, എക്കല്‍ മണ്ണ്, ഫലഭൂയിഷ്ഠമായ ചുവന്ന മണ്ണ് എന്നീ മണ്ണിനങ്ങള്‍ ഇവിടെ കണ്ടുവരുന്നു. തെങ്ങ്, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, കുരുമുളക്, തേക്ക് മുതലായവ ഈ പ്രദേശങ്ങളില്‍ പ്രധാനമായും കൃഷി ചെയ്തുവരുന്നു. മൂവാറ്റുപുഴയാറ് ഈ പ്രദേശത്തെ പൊതുവെ ഫലഭൂയിഷ്ഠമാകുന്നു. വര്‍ഷത്തില്‍ എട്ടുമാസം വരണ്ട കാലാവസ്ഥയും നാലുമാസം വര്‍ഷപാതവുമാണിവിടെ. ഏറ്റവും ഉയര്‍ന്ന ഊഷ്മാവ് 30 ഡിഗ്രി സെല്‍ഷ്യസ് വരെയും, താഴ്ന്നത് 22 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ്.