ചരിത്രം

പാമ്പാടി എന്ന പദത്തിന് മഹാവിഷ്ണു എന്നര്‍ത്ഥമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വലിയ മഠം പോറ്റിമാര്‍ സ്ഥാപിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നു പറയുന്നു. മഹാവിഷ്ണുവിന്റെ നാട് എന്നര്‍ത്ഥത്തില്‍ സ്ഥലനാമം ഉരുത്തിരിഞ്ഞെന്നാണ് ഒരഭിപ്രായം. 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ തെക്കുകൂര്‍ രാജവംശത്തിന്റെ ഭരണത്തിന്‍കീഴിലായിരുന്നു പാമ്പാടി. കോട്ടയം പട്ടണത്തിലുള്ള തളിയില്‍ കോട്ടയായിരുന്നു തെക്കുംകൂറിന്റെ തലസ്ഥാനം. കോട്ടക്കകം കാലാന്തരത്തില്‍ കോട്ടയം ആയിത്തീര്‍ന്നുവെന്നാണ് ഐതിഹ്യം. വെന്നിമലകോട്ട തെക്കുംകൂറിന്റെ സുഖവാസ കേന്ദ്രമായിരുന്നുവെന്നും അതല്ല തലസ്ഥാനമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പില്‍ക്കാലത്ത് തളിക്കോട്ടയിലേക്ക് തലസ്ഥാനം മാറ്റിയതാണെന്നും പറയപ്പെടുന്നു. പറുതലമറ്റം (പടനിലമറ്റം), വാളുകഴുകികുളം എന്നിവ രാജഭരണത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു. ഉണ്ണിനീലി സന്ദേശത്തില്‍ വെന്നിമല കോട്ടയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1749-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തെക്കുംകൂറിനെ ആക്രമിച്ച് തന്റെ രാജ്യത്തോട് ചേര്‍ത്തു. 1947-വരെ ഈ പ്രദേശം തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. ഈ പ്രദേശത്തിന്റെ വികസനം ആരംഭിക്കുന്നത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്താണ്. ഭൂപ്രകൃതിയനുസരിച്ച് കേരളത്തിലെ ഇടനാട് മേഖലയാണീ പ്രദേശം. ഭൂവിസ്തൃതിയില്‍ അധികവും ദേവസ്വം, ബ്രഹ്മസ്വം സമ്പ്രദായത്തിലുള്ള ജന്മിത്വത്തില്‍ കീഴിലായിരുന്നു. പാട്ടം, കാണം, കുടിയാന്‍ എന്നീ രീതിയിലുള്ള കാര്‍ഷിക ബന്ധങ്ങളായിരുന്നു നിലനിന്നിരുന്നത്. പാമ്പാടി പള്ളിവാതിക്കല്‍ സ്ക്കൂളാണ് ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം. ചെറിയ മഠത്തില്‍ വലിയ യാക്കോബ് കത്തനാര്‍ എന്ന പുരോഹിതനാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. ആലാമ്പള്ളി സര്‍ക്കാര്‍ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനു മുന്‍കൈയ്യെടുത്തതും മഠത്തിലാശാനായിരുന്നു. മലയാള സാഹിത്യ തറവാട്ടിലെ കാരണവരില്‍ പ്രമുഖനായ പൊന്‍കുന്നം വര്‍ക്കി, ഈ സ്ക്കൂളില്‍ അധ്യാപകനായിരുന്നു. വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികക്കല്ലാണ് എം.ജി.എം ഹൈസ്ക്കൂളിന്റെ ആരംഭം. പാമ്പാടി പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് കൈതമറ്റത്തില്ലവും പാലാമ്പടത്തു കുടുംബവും ചെയ്തിട്ടുള്ള സംഭാവനകള്‍ വിലപ്പെട്ടതാണ്. വെള്ളൂര്‍ പി.റ്റി.എം ഹൈസ്ക്കൂള്‍ പാലാമ്പടം കുടുംബത്തിന്റെ സംഭാവനയാണ്. വെള്ളൂര്‍ പ്രദേശത്തെ സ്ഥാപനങ്ങള്‍ക്ക് കൈതമറ്റത്തില്ലത്തിന്റെ സഹായം വലിയതോതില്‍ ലഭിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടു മുമ്പ് തന്നെ സി.എം.എസ് സഭയും ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. ജനങ്ങളുടെ സാംസ്കാരിക ഉണര്‍വ്വിനും വിജ്ഞാന വര്‍ദ്ധനവിനും പാമ്പാടി പബ്ളിക് ലൈബ്രറി വളരെ സഹായകമായിത്തീര്‍ന്നു. ഒര്‍വയല്‍ ദേശ സേവിനി വായനശാല, കുറ്റിക്കല്‍ സഹൃദയ വായനശാല, വെള്ളൂര്‍ പബ്ളിക്ക് ലൈബ്രറി എന്നിവയും പഞ്ചായത്തിലെ മറ്റ് സാംസ്കാരിക സ്ഥാപനങ്ങളാണ്. വിദ്വാന്‍ വി.ടി.ഐപ്പ്, ജോണ്‍ആലുങ്കല്‍, പാമ്പാടി രാമകൃഷ്ണന്‍ എന്നീ സാഹിത്യകാരന്‍മാരും ആര്‍ട്ടിസ്റ്റ് പാമ്പാടി ബാലനും സാംസ്കാരിക ലോകത്തിന് ഈ നാടിന്റെ സംഭാവനയാണ്. സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിക്കൊപ്പം താമസിച്ച് ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭണത്തില്‍ പങ്കെടുത്ത കുഴിയിടത്തറ കുഞ്ഞപ്പന്‍ ചേട്ടന്‍ (കെ.ഐ.ജേക്കബ്ബ്) ഈ നാടിന്റെ അഭിമാനമാണ്. നവോത്ഥാന പ്രസ്ഥാനത്തിനും, അധ:സ്ഥിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും, സാമൂഹ്യ വിപ്ളവപ്രസ്ഥാനങ്ങള്‍ക്കും കേരളത്തില്‍ തുടക്കം കുറിച്ച യുഗാചാര്യനായ നാരായണഗുരുദേവന്റെ പാദസ്പര്‍ശംകൊണ്ട് അനുഗ്രഹീതമാണ് പാമ്പാടി. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പാണ് ശിവക്ഷേത്രം (മഞ്ഞടി) സ്ഥാപിതമായത്.