പള്ളുരുത്തി

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലാണ് പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെല്ലാനം, കുമ്പളങ്ങി എന്നിങ്ങനെ രണ്ടു പഞ്ചായത്തുകളാണ് പള്ളുരുത്തി ബ്ളോക്കിലുള്‍പ്പെടുന്നത്. ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, ചക്യാമുറി, പഴങ്ങാട്, ഇല്ലിക്കല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പള്ളുരുത്തി ബ്ളോക്കിന് 33.37 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പടിഞ്ഞാറ് അറബിക്കടലും, വടക്ക് കൊച്ചി കോര്‍പ്പറേഷനും കിഴക്കും തെക്കും ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്കുമാണ് പള്ളുരുത്തി ബ്ളോക്കിന്റെ അതിരുകള്‍. എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് 15 കിലോമീറ്റര്‍ തെക്കുവടക്കായി ഒന്നു മുതല്‍ രണ്ടു വരെ കിലോമീറ്റര്‍ വീതിയില്‍ നീണ്ടുകിടക്കുന്ന ഗ്രാമമാണ് ചെല്ലാനം പഞ്ചായത്ത്. ചക്യാമുറി, പഴങ്ങാട്, ഇല്ലിക്കല്‍ എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമമാണ് കുമ്പളങ്ങി. അറബിക്കടലിന്റെ തീരത്ത് കൊച്ചി കായലുകളാല്‍ ചുറ്റപ്പെട്ട ഭൂപ്രകൃതിയാണ് പള്ളുരുത്തി ബ്ളോക്കിനുള്ളത്. 1956 നവംബര്‍ ഒന്നിനാണ് പള്ളുരുത്തി ബ്ളോക്ക് നിലവില്‍ വന്നത്. ഇന്ന് ക്രസന്റ് ആശുപത്രി പ്രവര്‍ത്തിക്കുന്ന വല്ലം ജി.സേച്ച് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ് ബ്ളോക്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്നുള്ള രണ്ട് പഞ്ചായത്തുകള്‍ കൂടാതെ പള്ളുരുത്തി പഞ്ചായത്തും ഉള്‍പ്പെട്ടതായിരുന്നു ആദ്യകാലത്ത് പള്ളുരുത്തി ബ്ളോക്ക്. 1967 നവംബര്‍ 1-ന് പള്ളുരുത്തി പഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷന്റെ ഭാഗമാക്കിയപ്പോള്‍ ഈ ബ്ളോക്ക് ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലൊതുങ്ങി. ചെട്ടിവിരിപ്പ്, മുണ്ടകന്‍ നെല്‍കൃഷികള്‍ ചെയ്യുന്ന പൊക്കാളിപ്പാടങ്ങളും കായല്‍പ്പരപ്പുകളും ഉള്‍പ്പെട്ടതാണിവിടം. നിമ്നോന്നതിയനുസരിച്ച് സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരമുള്ള കരഭൂമിയും ഒന്നു മുതല്‍ മൂന്നു വരെ മീറ്റര്‍ ആഴമുള്ള പൊക്കാളിപ്പാടങ്ങളും കായല്‍പ്പരപ്പുകളുമാണ് ഇവിടെയുള്ളത്. ഇവിടെയുള്ള തോടുകളും കായലുകളുമെല്ലാം കൊച്ചി കായലില്‍ നിന്നുമുള്ള വേലിയേറ്റവും വേലിയിറക്കവും നേരിട്ട് അനുഭവപ്പെടുന്നവയാണ്. അതിനാല്‍ ഉപരിതല ജലം പൊതുവേ ഉപ്പുകലര്‍ന്നതാണ്. പാടങ്ങളിലും കായലുകളിലും കടല്‍ജന്യ ഏക്കല്‍ മണ്ണും, കത്തിച്ചെള്ള എന്ന പശിമയുളള ചെളിമണ്ണും കാണപ്പെടുന്നു. കരഭൂമിയില്‍ മണലും കടല്‍ ജന്യ എക്കല്‍ മണ്ണും നിറഞ്ഞുകാണപ്പെടുന്നു. പള്ളുരുത്തി ബ്ളോക്ക് പ്രദേശത്തെ പൊതുവായ താപനില ഏതാണ്ട് 230 സെല്‍ഷ്യസിനും 330 സെല്‍ഷ്യസിനും ഇടയിലുള്ള മിതോഷ്ണാവസ്ഥയാണ്. പകല്‍ പടിഞ്ഞാറ് അറബിക്കടലില്‍ നിന്നുള്ള കടല്‍കാറ്റും, രാത്രി പടിഞ്ഞാറോട്ടടിക്കുന്ന കരക്കാറ്റും വളരെ സുഖമുള്ളതാണ്. ഇടവം, മിഥുനം മാസങ്ങളിലെ കാലവര്‍ഷവും കന്നി തുലാവര്‍ഷവും ഇവിടെയും കാര്യമായി കിട്ടാറുണ്ട്. 1928-ല്‍ കൊച്ചി തുറമുഖം വീതിയും ആഴവും കൂട്ടി ആധുനിക തുറമുഖമാക്കിയതോടുകൂടി ബ്ളോക്കിന്റെ കടല്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാവുകയും ധാരാളം കരപ്രദേശം കടല്‍ കവരുകയും ചെയ്തു.