സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഇന്നത്തെ പള്ളം ബ്ളോക്കിലുള്പ്പെടുന്ന ഗ്രാമങ്ങളും, കോട്ടയം പട്ടണവും പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ തെക്കുകൂര്‍ രാജവംശത്തിന്റ ഭരണത്തിന്‍കീഴിലായിരുന്നു. 1749-ല്‍ തെക്കുംകൂര്രാജ്യം തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി തിരുവിതാംകൂറില്‍ ലയിപ്പിച്ചു. സാക്ഷരതയില്‍ ഏറ്റവും മുന്നിട്ടുനില്ക്കുന്ന ഈ പ്രദേശത്തിനു വളരെ പുരാതനമായ ഒരു സാംസ്കാരിക പാരമ്പര്യവുമുണ്ട്. പൌരാണികമായ പള്ളികളും, ക്ഷേത്രങ്ങളും ഏറെയുള്ള നാടാണിത്. ഏതാണ്ട് രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ദക്ഷിണേന്ത്യ മുഴുവന്‍ പ്രസിദ്ധിയാര്‍ജ്ജിച്ച പനച്ചിയ്ക്കാട് സരസ്വതി ക്ഷേത്രം, പാക്കില്‍ (നാട്ടകം പഞ്ചായത്ത്) സ്ഥിതി ചെയ്യുന്ന ധര്‍മ്മശാസ്താക്ഷേത്രം, വെന്നിമല (പുതുപ്പള്ളി പഞ്ചായത്ത്) ശ്രീരാമലക്ഷ്മണ ക്ഷേത്രം, ഏതാണ്ട് 1800 വര്‍ഷം പഴക്കം വരുന്ന തിരുവഞ്ചൂരിലെ (അയര്‍ക്കുന്നം) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവയാണ് ഈ ബ്ളോക്കിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍. 1835-ല്‍ ക്രൈസ്തവ മിഷണറിയായ ഹെന്റി ബേക്കര്‍ സ്ഥാപിച്ച വെള്ളുത്തുരുത്തി സെന്റ് സ്റ്റീഫന്‍സ്സ് സി.എസ്.ഐ.പള്ളി (പനച്ചിക്കാട്), മണര്‍കാട്ടെ വിശുദ്ധ മര്‍ത്തമറിയം പള്ളി (വിജയപുരം), മാര്‍ ഗീവറുഗ്ഗീസ് സഹദായുടെ നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ പുതുപള്ളി പള്ളി, 1760-ല്‍ കുമരകത്ത് പണി കഴിപ്പിച്ച കരിയില്‍ പള്ളി, 1841-ല്‍ പണി കഴിപ്പിച്ച വള്ളാറ പള്ളി, 1881-ല്‍ ചിങ്ങവനത്ത് ക്നാനായ സമൂഹം സ്ഥാപിച്ച ദയറാപള്ളി തുടങ്ങിയവയാണ് പ്രധാനപ്പെട്ട ക്രിസ്ത്യന്‍ ആരാധനാകേന്ദ്രങ്ങള്. ജാതി പീഡനത്തിനും ഫ്യൂഡല്‍ വ്യവസ്ഥിതിയ്ക്കും എതിരായി 19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഇവിടെ പ്രക്ഷോഭ സമരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. 1937 ജനുവരി 19-ാം തീയതി മഹാത്മഗാന്ധി വൈക്കത്തുനിന്നു തിരുവാര്‍പ്പില്‍ വരികയും പിന്നോക്കവിഭാഗക്കാരെ ചേര്‍ത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തിയതും ഇവിടുത്തെ ജനങ്ങളില്‍ സ്വാതന്ത്ര്യബോധം ഉണര്‍ത്തുന്നതിനും അയിത്തത്തിനെതിരെ പോരാടുന്നതിനും പ്രചോദനമേകി എന്ന നിലയില്‍ എടുത്തു പറയേണ്ട ഒരു ചരിത്രസംഭവമാണ്. 1938 സെപ്റ്റംബര്‍ 4-ന് പുതുപ്പള്ളി കവലയില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവരുടെ നേരെ പോലീസ് വെടിവെയ്പുണ്ടാകുകയും വെടിവയ്പില്‍ കുറ്റിക്കല്‍ കുഞ്ഞപ്പന് രക്തസാക്ഷിയായതും സ്വാതന്ത്ര്യസമരചരിത്രത്തിലെ ചുവന്ന അധ്യായമാണ്. കുമരകത്ത് സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള പ്രാദേശിക ഗവേഷണ കേന്ദ്രം, റബ്ബര്‍ കേന്ദ്രം, റബ്ബര്‍ ബോര്‍ഡ് പുതുപള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള റബ്ബര്‍ ഗവേഷണകേന്ദ്രം തുടങ്ങിയവ പ്രസിദ്ധിയാര്‍ജ്ജിച്ച ശാസ്ത്ര ഗവേഷണകേന്ദ്രങ്ങളാണ്. മദ്രാസ് റബ്ബര്‍ ഫാകടറി ലിമിറ്റഡ് വടവാത്തൂര്‍, ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാവിളങ്ങ് പള്ളം, ട്രാവന്‍കൂര്‍ ഇലക്ട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് ചിങ്ങവനം, ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് നാട്ടകം തുടങ്ങി വന്‍കിട വ്യവസായ സംരംഭങ്ങളുള്‍പ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ ഈ ബ്ളോക്ക് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന റോഡുകളായ കെ.കെ റോഡ്, എം.സി റോഡ് എന്നിവ പള്ളം ബ്ളോക്കു പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. കൊച്ചി തുറമുഖത്തിന്റേയും, അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും വളരെ അടുത്ത് സ്ഥിതിചെയ്യുന്നുവെന്നത് ഈ ബ്ളോക്കു പ്രദേശത്തിന്റെ അനുകൂല ഘടകങ്ങളാണ്. കുമരകം പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും പ്രകൃതിരമണീയമാണ്. സ്പീഡ് ബോട്ടിംഗിനും വിനോദ സഞ്ചാരത്തിനും ഉതകുന്ന വിസ്തൃതമായ കായല്‍ പ്രദേശം ഇവിടെയുണ്ട്. ഇവിടെ ഏതാനും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ദേശാടനപക്ഷികള്‍ വേനല്‍ക്കാലത്ത് ഇവിടെ ചേക്കേറാറുണ്ട്. വിനോദസഞ്ചാരത്തിനുതകും വിധം വികസിപ്പിച്ചെടുത്താല്‍ നിരവധി പേരെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന പ്രദേശമാണിത്. ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മുന്നറ്റം നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച പ്രമുഖ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രധാന കേന്ദ്രങ്ങള്‍ ഇവിടെയായിരുന്നു. വിദ്യാഭ്യാസരംഗത്തെ മുന്നറ്റം ത്വരിതപ്പെടുത്താന്‍ ഭൂപരിഷ്ക്കരണ നിയമത്തിനും കഴിഞ്ഞിട്ടുണ്ട്. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വരുമാനത്തിലുണ്ടായ വര്‍ദ്ധനവും പുരോഗമന പ്രസ്ഥാനങ്ങളും സാമുദായിക, സാംസ്കാരിക സംഘടനകളും സാമാന്യ വിദ്യാഭ്യാസം നേടാനുള്ള പ്രവര്‍ത്തനത്തില്‍ വിവിധ മേഖലകളില്‍ നിന്നുകൊണ്ട് ശക്തമായി പ്രവര്‍ത്തിച്ചതും വിദ്യാഭ്യാസമേഖലയുടെ പുരോഗതിയ്ക്കു സഹായിച്ചു. ബ്ളോക്ക് പഞ്ചായത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 31 ഗ്രന്ഥശാലകളും വായനശാലകളുമുണ്ട്.