പള്ളം

കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലാണ് പള്ളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അയര്‍ക്കുന്നം, വിജയപുരം, പുതുപ്പള്ളി, പനച്ചിക്കാട്, നാട്ടകം, തിരുവാര്‍പ്പ്, കുമരകം, മണര്‍ക്കാട് എന്നീ എട്ടു ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ളോക്കിലുള്ളത്. അയര്‍കുന്നം, മണര്‍ക്കാട്, വിജയപുരം, പുതുപ്പള്ളി, പനച്ചിക്കാട്, നാട്ടകം, തിരുവാര്‍പ്പ്, സൌത്ത് ചെങ്ങളം, കുമരകം, മുട്ടമ്പലം, വേളൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പള്ളം ബ്ളോക്ക് പഞ്ചായത്തിന് 217 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ഏറ്റുമാനൂര്‍ ബ്ളോക്കും, കിഴക്കുഭാഗത്ത് പാമ്പാടി ബ്ളോക്കും, തെക്കുഭാഗത്ത് മാടപ്പള്ളി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ടു കായലുമാണ് പള്ളം ബ്ളോക്കുപഞ്ചായത്തിന്റെ അതിരുകള്‍. 1995 ഒക്ടോബര്‍ 2-നാണ് പള്ളം ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. ബ്ളോക്കിന്റെ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍, സമുദ്രനിരപ്പില്‍ നിന്നും അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ താഴ്ചയുള്ള പാടശേഖരങ്ങളും, അര മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരമുള്ള കരപ്രദേശങ്ങളും ചേര്‍ന്നതാണ്. പാടശേഖരങ്ങളില്‍ ചെളിമണ്ണ്, മണല്‍ കലര്‍ന്ന കളിമണ്ണ്, ചെളി കലര്‍ന്ന കളിമണ്ണ് തുടങ്ങി കുട്ടനാട്ടില്‍ പൊതുവേ കാണപ്പെടുന്ന മണ്ണ് തന്നെയാണ്. കരപ്രദേശങ്ങള്‍ അധികവും മണല്‍ കലര്‍ന്ന കറുത്ത മണ്ണ് നിറഞ്ഞതാണ്. കുന്ന്, ചെരിവ്, സമതലങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ തരംതിരിക്കാവുന്ന ഭൂപ്രകൃതിയാണ് ഈ ബ്ളോക്കിനുള്ളത്. ചെളിമണ്ണ്, മണല്‍ കലര്‍ന്ന കളിമണ്ണ്, ചെളി കലര്‍ന്ന കളിമണ്ണ്, മണല്‍ കലര്‍ന്ന കറുത്ത മണ്ണ്, വെട്ടുകല്‍ മണ്ണ് എന്നീ ഇനങ്ങളിലെ മണ്ണാണ് ഇവിടെ പൊതുവേ കണ്ടുവരുന്നത്. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ തുടക്കത്തില്‍ തന്നെ പള്ളം ബ്ളോക്കിന്റെയും പ്രവര്‍ത്തനമാരംഭിച്ചു. ഇന്നത്തെ നാട്ടകം പഞ്ചായത്തില്‍പ്പെട്ട പള്ളം എന്ന സ്ഥലത്ത് ഒരു വാടകക്കെട്ടിടത്തിലാണ് ആദ്യം ബ്ളോക്കാഫീസ് ആരംഭിച്ചത്.