പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കില്‍ പാമ്പാടി ബ്ളോക്കില്‍ ആനിക്കാട്, ചെങ്ങളം ഈസ്റ്റ്, എലിക്കുളം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്. 22.46 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അകലക്കുന്നം പഞ്ചായത്ത്, കിഴക്ക് എലിക്കുളം പഞ്ചായത്ത്, തെക്ക് വാഴൂര്‍, കൂരോപ്പട പഞ്ചായത്തുകള്‍‍, പടിഞ്ഞാറ് കൂരോപ്പട പഞ്ചായത്ത് എന്നിവയാണ്. കോട്ടയം ജില്ലയിലെ ഇടനാടിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തോടടുത്താണ് പള്ളിക്കത്തോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 20 മീറ്റര്‍ മുതല്‍ 65 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പഞ്ചായത്ത്. പള്ളിക്കത്തോടു പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒന്നിനൊന്ന് ഉയരം വര്‍ദ്ധിക്കുന്ന കുന്നുകളും അവയുടെ താഴ്വര പ്രദേശങ്ങളായ സമതലങ്ങളും മറ്റങ്ങളും അപൂര്‍വ്വം കണ്ടങ്ങളും ചേര്‍ന്നതാണ്. ഔന്നത്യപൂര്‍ണ്ണമായ ഒരു സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നേരവകാശികളാണ് അയനിമുനിയുടെ നാട്ടുകാര്‍.

പള്ളിയ്ക്കല്‍ നിന്നൊഴുകിയെത്തുന്ന പള്ളിക്കല്‍തോട്, ചാലുകീറിയ ഈ ഭൂവിഭാഗത്തില്‍ സമന്വയത്തിന്റെ ഒരു സംസ്കാരം രൂപം കൊള്ളുകയും നിലനില്‍ക്കുകയും ചെയ്യുന്നു. ഇവിടെ വിവിധ ജാതി മത സമുദായങ്ങളില്‍പെടുന്നവര്‍ പൊതുവേ സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞുവരുന്നു. “തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൌലോസ് തൊട്ടാലതു ശുദ്ധമാകും” എന്നാണ് ചൊല്ല്. എ.ഡി. 1700 ല്‍ ആനിക്കാട് ഭഗവതിക്ഷേത്രവും 1860 ല്‍ ആനിക്കാട് സെന്‍റ് മേരീസ് പള്ളിയും 1905 ല്‍ നെടുമാവ് സി. എം. എസ്. പള്ളിയും സ്ഥാപിക്കപ്പെട്ടു. 1920 ല്‍ നെടുമാവ് സെന്‍റ് പോള്‍സ് പള്ളിയും സ്ഥാപിക്കപ്പെട്ടു. ആനിക്കാട് ശങ്കരനാരായണ മൂര്‍ത്തിയോട്, ഇളമ്പള്ളി, നെല്ലിക്കശ്ശേരി, മനപ്പാട്ടുകുന്ന്, വട്ടകക്കാവ് ക്ഷേത്രങ്ങളും തികച്ചും പൌരാണികങ്ങളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നിരവധി വിദ്യാലയങ്ങള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. 1905 ല്‍ സ്ഥാപിച്ച നെടുമാവ് സി. എം. എസ്. എല്‍. പി. സ്കൂള്‍ ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ്. 1909 ല്‍ ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂള്‍ സ്ഥാപിതമായി. 1997 ല്‍ സ്ഥാപിക്കപ്പെട്ട ആനിക്കാട് എസ്. വി. വി. ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. നല്ല ഒരു ഗ്രന്ഥശാലാ പ്രസ്ഥാനം തന്നെ ഈ പഞ്ചായത്തില്‍ ഉദയം ചെയ്തിട്ടുണ്ട്. ആനിക്കാട് ഗവ. യു.പി. സ്കൂളിനോടനുബന്ധിച്ചു സ്ഥാപിക്കപ്പെട്ടിരുന്ന സെന്‍ട്രല്‍ ലൈബ്രറിയാണ് ഈ നാട്ടിലെ ആദ്യത്തെ ഗ്രന്ഥശാല. തുടര്‍ന്ന് ആനിക്കാട് പബ്ളിക് ലൈബ്രറി, ദേശസേവിനി ലൈബ്രറി, ഇളമ്പള്ളി മഹാത്മാ ലൈബ്രറി, പള്ളിക്കത്തോട് ലൈബ്രറി, പഞ്ചായത്ത് ലൈബ്രറി എന്നിവയും സ്ഥാപിക്കപ്പെട്ടു. കലാസാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. പുരാതനകാലം മുതല്‍ കഥകളി ഇവിടെ പ്രചരിച്ചിരുന്നു. ക്ഷേത്രകലകളായ ഗരുഡന്‍, കുംഭകുടം, വില്‍പാട്ട്, കാള, ഐവര്‍കളി തുടങ്ങിയവ ഇവിടെ പ്രചരിച്ചിരുന്നു. പ്രശസ്തരായ ഓട്ടന്‍തുള്ളല്‍ കലാകാരന്മാര്‍ ഇവിടെ ഉണ്ടായിരുന്നു. കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം എന്നിവ പണ്ടുമുതലേ നിരവധിയാളുകള്‍ പരിശീലിച്ചിരുന്നു. തിരുവാതിരയില്‍ പ്രാവീണ്യം സിദ്ധിച്ച നിരവധി വനിതകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇന്നും ഈ കലാരൂപങ്ങള്‍ക്ക് ഇവിടെ പ്രചാരം ഉണ്ട് എന്നത് ശ്രദ്ധേയമാണ്.