ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

കൃഷിയും, അതുമായി ബന്ധപ്പെട്ടുള്ള തൊഴിലുകളും ചെയ്ത് ഉപജീവനം കഴിച്ചു പോന്നിരുന്നവരായിരുന്നു ഇവിടുത്തെ ജനങ്ങള്‍. പഞ്ചായത്തില്‍ കുന്നുകളും, താഴ്വരകളും, കുറ്റിക്കാടുകളും, വന്‍മരങ്ങളും, വള്ളിപ്പടര്‍പ്പുകളും കാണപ്പെട്ടിരുന്നതായും, വന്യമൃഗങ്ങള്‍ ഉണ്ടായിരുന്നതായും സ്ഥലനാമങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും (ഉദാഹരണം : പുലിക്കുന്ന്, പന്നിത്തടം, കടമാന്‍കുളം, മയിലാടും കുന്ന്, കരിമാന്‍ കാവ് തുടങ്ങിയവ). ആദ്യകാലങ്ങളില്‍ ഓരോ പ്രദേശത്തിനും (കര) നാട്ടുപ്രമാണിമാരായിരുന്നവര്‍ ഭരണകര്‍ത്താക്കളായിരുന്നു. തിരുവിതാംകൂറിന്റെ മദ്ധ്യഭാഗത്തുകൂടി കടന്നുപോയിരുന്ന വളരെ പ്രധാനപ്പെട്ട രാജപാതയായിരുന്നു ഇന്നു കാണുന്ന കായംകുളം-പുനലൂര്‍ റോഡ്. ഇന്നത്തെപോലെതന്നെ തമിഴ്നാട്, കര്‍ണ്ണാടകം തുടങ്ങി അന്യനാടുകളില്‍ നിന്നും വരുന്ന വഴിയാത്രക്കാര്‍ ചരക്കുകള്‍ അന്യനാടുകളിലേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും ഈ രാജപാതയാണ് ഉപയോഗിച്ചിരുന്നത്. മറ്റൊരു പ്രത്യേകത ഈ പാതയ്ക്ക് ഇരുവശങ്ങളിലും വഴിയാത്രക്കാര്‍ക്ക് തണലേകുന്നതിന് ഫലവൃക്ഷങ്ങള്‍ (ചോല മരങ്ങള്‍ ) വെച്ചുപിടിപ്പിക്കുകയും, ഇന്നത്തെപ്പോലെ വാഹന സൌകര്യമില്ലാതിരുന്ന അക്കാലത്ത് തലച്ചുമടുമായി വരുന്നവര്‍ക്ക് ചുമടിറക്കി വെയ്ക്കുന്നതിനുള്ള ചുമടുതാങ്ങികളും വഴിയോര വിശ്രമ കേന്ദ്രങ്ങളും (സത്രങ്ങളും) ഉണ്ടായിരുന്നു എന്നുള്ളതുമാണ്. അന്നു നട്ടുവളര്‍ത്തിയിട്ടുള്ള വൃക്ഷങ്ങള്‍ പാതയുടെ ഇരുവശങ്ങളിലുമായി ഇന്നും തണലേകി നില്‍ക്കുന്ന കാഴ്ച ഏതൊരാളെയും കോരിത്തരിപ്പിക്കുന്നതാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് നാടുവാണിരുന്ന കാലത്താണ് ഈ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചത്. നൂറനാട്ടുനിന്നും അന്യനാടുകളിലേക്ക് തപാല്‍ ഉരുപ്പടികള്‍ അഞ്ചലോട്ടക്കാരന്‍ കൊണ്ടുപോയിരുന്നത് ഈ പാതയില്‍ക്കൂടി ആയിരുന്നു. ഇന്നുളള മൃഗാശുപത്രിയും, വില്ലേജ് ആഫീസും, മാര്‍ക്കറ്റും (ചന്ത) സ്ഥിതി ചെയ്യുന്ന സ്ഥലം, രാജവാഴ്ചക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള സത്രങ്ങളും (സര്‍ക്കീട്ട് ഹൌസ്), വണ്ടിപ്പുരയും, കക്കൂസുമുള്ള സ്ഥലമായിരുന്നു. സര്‍ക്കാര്‍വക ഒന്നര ഏക്കര്‍ സ്ഥലമായിരുന്നു അന്ന് ഇതിനായി നീക്കിവച്ചിരുന്നത്. രാത്രി കാലങ്ങളില്‍ വെളിച്ചം കാണുന്നതിന് ഈ സത്രത്തിനു മുന്നില്‍ ഉണ്ടായിരുന്ന വിളക്കുമരത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് സ്റ്റേഷനു മുന്‍വശം ഇന്നും നില്‍ക്കുന്നത് കാണാന്‍ കഴിയും. സത്രം സൂക്ഷിപ്പുകാര്‍ ഒറ്റദിവസവും മുടങ്ങാതെ ഈ വിളക്ക് കത്തിച്ചുപോന്നിരുന്നു. മാവേലിക്കര താലൂക്കിലെ രണ്ടാമത്തെ പ്രവൃത്തി കച്ചേരിയും നൂറനാട്ടായിരുന്നു. ഇവിടുത്തെ പ്രവൃത്തിയാരുടെ അധികാരപരിധിയിലായിരുന്ന നൂറനാട് പ്രവൃത്തി കച്ചേരിയെ രാജവാഴ്ചയുടെ അവസാനകാലം നൂറനാട് വില്ലേജ് എന്നും, പാലമേല്‍ വില്ലേജ് എന്നും രണ്ടായി വിഭജിച്ചിരുന്നതായും കാണുന്നു. പഞ്ചായത്തിലെ സ്ഥലങ്ങളില്‍ ഏറിയ പങ്കും ജന്മിമാരുടെ വക ആയിരുന്നു. അവര്‍ ഈ സ്ഥലങ്ങളെല്ലാം അന്നുണ്ടായിരുന്ന നാട്ടുപ്രമാണിമാര്‍ക്ക് കൃഷിചെയ്യുന്നതിനായി കൊടുത്തു. കാലം കുറെ കഴിഞ്ഞപ്പോള്‍ ഈ സ്ഥലങ്ങളെല്ലാം നാട്ടുപ്രമാണിമാര്‍ കൈവശത്തിലാക്കിയതായും പറഞ്ഞുകേള്‍ക്കുന്നു. വൈദേശിക മേധാവിത്വത്തിനും, സി.പി.യുടെ കിരാതവാഴ്ചക്കും എതിരായുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് 1938 മുതല്‍ തുടക്കം കുറിച്ചിരുന്നതായി കാണാം. അന്ന് നൂറനാട്, ചുനക്കര, താമരക്കുളം, പാലമേല്‍ വില്ലേജുകള്‍ കേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ കമ്മിറ്റി ചാരുംമൂട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. പട്ടികജാതിയില്‍പ്പെട്ടവര്‍ക്കു നേരെ അന്നു നിലനിന്നിരുന്ന അയിത്തത്തിനും മറ്റുമെതിരായി അവരെ സംഘടിപ്പിച്ച് 1931-ല്‍ ചീനിവിള ചാത്തന്റെ നേതൃത്വത്തില്‍ അയ്യന്‍കാളിയെ പോയി കാണുകയും, മറ്റപ്പളളിയില്‍ അദ്ദേഹം വന്ന് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതായും അറിയുന്നു. സാംസ്കാരിക രംഗത്ത് ജനങ്ങളില്‍ വായനാശീലവും അറിവും പകര്‍ന്നു കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാവുമ്പാട് കേന്ദ്രീകരിച്ച് സുഭാഷ് ഗ്രന്ഥശാല സ്ഥാപിതമായി. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് നാട്ടിലാകെ പടര്‍ന്നു പിടിച്ച പട്ടിണി പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. അരിയും മറ്റു സാധനങ്ങളും കിട്ടാതായി. ഈ ദുരിതം കണ്ട് എരുമക്കുഴി പ്രദേശത്തെ ഉണ്ണിയുടെയും മറ്റും നേതൃത്വത്തില്‍ ഏതാനും പേര്‍ ഒത്തൊരുമിച്ച് കാവുമ്പാട്ട് ദേശാഭിമാനി സ്റ്റോര്‍ എന്ന പേരില്‍ ഒരു സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങള്‍ക്കാകെ ആശ്വാസമായിരുന്നു ഈ സ്ഥാപനം. 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിനു ശേഷം ചേര്‍ത്തല താലൂക്കിലെ ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലുമായി. അന്ന് 8 മണിക്കൂര്‍ കൊണ്ട് ഒരു ലോറി ഭക്ഷണ സാധനങ്ങള്‍ പഞ്ചായത്തില്‍ നിന്നും സംഭരിച്ച് നല്‍കിയ സംഭവം ജനങ്ങളുടെ മനുഷ്യ സ്നേഹത്തിന്റെയും ദേശ സ്നേഹത്തിന്റെയും മകുടോദാഹരണമാണ്. പ്രകൃതിരമണീയമായ കരിങ്ങാലിച്ചാലിന് കിഴക്കേകരയില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടശ്ശനാട്ടെ തിരുമണിമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ രണ്ട് ശ്രീകോവിലുകളും, ഈ രണ്ടു ശ്രീകോവിലുകളിലായി ശിവനും, വിഷ്ണുവുമായി രണ്ടു പ്രതിഷ്ഠകളുമാണുള്ളതെന്നത് മറ്റെങ്ങും കാണാത്ത വിസ്മയകരമായ വസ്തുതയാണ്. ഒരേസമയം ഈ രണ്ടു ശ്രീകോവിലുകളിലും പൂജാദികര്‍മ്മങ്ങള്‍ നടത്തിവരുന്നുമുണ്ട്.