പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ അഞ്ചായി തരംതിരിക്കാം. കുന്നിന്‍ പ്രദേശങ്ങള്‍ , ചരിവുകള്‍ , താഴ്വരകള്‍ , വെള്ളംകയറുന്ന പ്രദേശങ്ങള്‍ , നീര്‍മറി പ്രദേശങ്ങള്‍ . പൊതുവേ ഭൂമിയുടെ ചരിവ് പടിഞ്ഞാറോട്ടാണ്. സമുദ്രനിരപ്പില്‍ നിന്നും ഉദ്ദേശം 50 മീറ്റര്‍ ഉയരത്തില്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള തോടുകളിലെ ജലം കരിങ്ങാലില്‍ പുഞ്ചയിലെത്തി അച്ചന്‍കോവിലാറിലേക്കും, തെക്ക് ഭാഗങ്ങളിലുള്ള തോടുകളിലെ ജലം തോട്ടുവ തോട്ടിലേക്കും ഒഴുകുന്നു. മുകള്‍പ്പരപ്പ് കല്ലും മണ്ണും നിറഞ്ഞ ശരാശരി രണ്ട് ഘനം വരുന്ന നീര്‍വാര്‍ച്ചയുള്ള കൃഷിക്കനുയോജ്യമായ മണ്ണും, അതിനടിയില്‍ വെട്ടുകല്ലും, കാട്ടുകല്ലുകളുമാണ്. ചില ഭാഗങ്ങളില്‍ ചീക്കല്‍പാറകളും, കരിങ്കല്‍പ്പാറകളും കാട്ടുപാറകളും കണ്ടുവരുന്നു. കൂടാതെ തിട്ടമണ്ണ്, എക്കല്‍ മണ്ണ്, മണല്‍ പ്രദേശങ്ങള്‍ എന്നിവയും കണ്ടുവരുന്നു. പാലമേല്‍ പഞ്ചായത്ത് മുഖ്യമായും കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ഇടനാടു ഗ്രാമപ്രദേശമാണ്. കുന്നിന്‍ചരിവുകളും സമതലങ്ങളുമായിട്ടുള്ള കരപ്രദേശവും വിരിപ്പ്, മുണ്ടകന്‍ , പുഞ്ച എന്നീ നിലങ്ങളും അടങ്ങിയതാണ് ഈ ഭൂവിഭാഗം. വര്‍ഷം മുഴുവനും വെളളക്കെട്ടായി കിടക്കുന്ന പുഞ്ചനിലമാണ് ഈ പഞ്ചായത്തിലെ പ്രധാന നെല്ലുല്‍പാദന മേഖല. ചെമ്മണ്ണ്, ചരല്‍ മണ്ണ്, തകിടി മണ്ണ് എന്നിവയാണു പ്രധാന മണ്‍തരങ്ങള്‍. ഓണാടന്‍ പ്രദേശങ്ങള്‍ പോലെയുള്ള മണല്‍ പ്രദേശവും ചെളി നിറഞ്ഞ എക്കല്‍ മണ്ണും മണലും നിറഞ്ഞ നീര്‍മറി പ്രദേശവും ഉണ്ട്. 1928-ലെ സെറ്റില്‍മെന്റ് രേഖകള്‍ പ്രകാരം ഇവിടുത്തെ 77% പ്രദേശവും കൃഷി ഭൂമിയായിരുന്നു. ബാക്കി പ്രദേശങ്ങള്‍ ചവറ്റുകാടായും ഇട്ടിരുന്നു. കാളയും കലപ്പയും ഉപയോഗിച്ചു കൃഷിയിടം തയ്യാറാക്കി ചാരം, ചാണകം, ചവറ്, കരിയില, കൊഞ്ചുപൊടി, ചാവ മുതലായവ ഉപയോഗിച്ച് കൃഷിചെയ്തിരുന്നു. പാലമേല്‍ പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദന മേഖലയാണ് കരിങ്ങാലിചാല്‍ പുഞ്ചപ്രദേശം. പാലമേല്‍ , പന്തളം, നൂറനാട് എന്നീ പഞ്ചായത്തുകളിലായി ഇതു വ്യാപിച്ചു കിടക്കുന്നു. ഉദ്ദേശം 5000 ഏക്കറുള്ള ഈ പാടശേഖരത്തിന്റെ ഭൂരിഭാഗവും ഈ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നു.

അടിസ്ഥാന മേഖലകള്‍

പന്ത്രണ്ടു വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പാലമേല്‍ ഗ്രാമപഞ്ചായത്ത്. പഴയകാലം മുതല്‍ തന്നെ ഇവിടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളായ നെല്ല്, നാളികേരം, മരച്ചീനി, വാഴ എന്നിവയും കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്നും വിലയ്ക്കു വാങ്ങി അകലെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. നാളികേരം ശേഖരിച്ച് കൊപ്രയാക്കി മരച്ചക്കുകളില്‍ ആട്ടി വില്‍പ്പന നടത്തിവന്നിരുന്നു. 1955 കാലഘട്ടത്ത് കൊല്ലത്തുനിന്നും വാള്‍ട്ടയര്‍ സായിപ്പ് എന്ന വ്യവസായി ഇവിടെ വരികയും ജമിനി കാഷ്യൂ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. അന്ന് രണ്ടായിരത്തോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഈ സ്ഥാപനം കാഷ്യൂ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ പിന്നീട് ഏറ്റെടുക്കുകയുണ്ടായി. 1995-ല്‍ പഞ്ചായത്തിന്റെ പള്ളിക്കല്‍ വാര്‍ഡില്‍ കൊല്ലത്തുകാരനായ ഒരു വ്യവസായി നാസര്‍ കാഷ്യൂ ഫാക്ടറി എന്ന പേരില്‍ ഒരു ഫാക്ടറി സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ 500 തൊഴിലാളികള്‍ ഇപ്പോള്‍ പണിചെയ്തു വരുന്നു. 5 ക്ഷീരോത്പാദന (ആപ്കോസ്) സഹകരണ വിപണന സംഘങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നാടിന്റെ ഇപ്പോഴത്തെ സര്‍വ്വതോന്മുഖമായ ഉയര്‍ച്ചക്കുള്ള അടിസ്ഥാന ഘടകം ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊളളുന്ന 14 സ്കൂളുകളുടെ ദീര്‍ഘകാലമായിട്ടുള്ള സേവന പാരമ്പര്യമാണ്. കാവുമ്പാട് പള്ളിക്കൂടമാണ് ആദ്യം തുടങ്ങിയത്. ഇതാണ് ഈ പഞ്ചായത്തിലെ ഒന്നാമത്തെ സ്കൂള്‍. പിന്നീട് ഈ സ്കൂളാണ് എരുമക്കുഴി ഗവ. എല്‍ പി എസ് ആയിത്തീര്‍ന്നത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ക്ക് കുറെ പളളിക്കൂടങ്ങള്‍ അനുവദിച്ചുകിട്ടി. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്ഥാപിച്ച സ്കൂളാണ് ഉളവുക്കാട് രാമചന്ദ്ര വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍. പള്ളിക്കല്‍ വാര്‍ഡില്‍ എസ്.കെ.വി. എല്‍ പി എസ് 1937-ലാണ് സ്ഥാപിച്ചത്. പിന്നോക്ക വിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് മഹാത്മാഗാന്ധിയുടെ ഹരിജനോദ്ധാരണത്തില്‍പ്പെടുത്തി കുടശ്ശനാട് സ്ഥാപിച്ച ശങ്കരവിലാസം എല്‍ പി സ്കൂളാണ് എസ്.വി.എച്ച്.എസ് കുടശ്ശനാട് ആയി ഉയര്‍ത്തപ്പെട്ടത്. കുടശ്ശനാട് മിഡില്‍ സ്കൂള്‍ പിന്നീട് എന്‍ എസ് എസ് ഏറ്റെടുക്കുകയും എന്‍ എസ് എസ് യു.പി സ്കൂളായിത്തീരുകയും ചെയ്തു. പിന്നീട് അപ്ഗ്രേഡ് ചെയ്ത് എന്‍ എസ് എസ് ഹൈസ്കൂള്‍ കുടശ്ശനാട് ആയിത്തീരുകയും ചെയ്തു. നാട്ടുകാരുടെ തീവ്രശ്രമഫലമായാണ് പയ്യനല്ലൂര്‍ എല്‍ പി സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. പിന്നീട് യു.പി ആയും തുടര്‍ന്ന് എച്ച്.എസ് ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ പഞ്ചായത്തില്‍ റോഡുകളുടെ ഒരു ബൃഹത്തായ ശൃംഖലതന്നെയുണ്ട്. പ്രശസ്തവും പുരാതനവുമായ കായംകുളം - പുനലൂര്‍ - ചെങ്കോട്ട റോഡ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഞ്ചായത്തിലൊട്ടാകെ 344 റോഡുകളാണുള്ളത്. പാലമേല്‍ പഞ്ചായത്തില്‍ ആദിക്കാട്ടുകുളങ്ങര, നൂറനാട് എന്നീ സ്ഥലങ്ങളില്‍ രണ്ടു പബ്ളിക് മാര്‍ക്കറ്റുകള്‍ നിലവിലുണ്ട്.

സാംസ്കാരികരംഗം

മായ യക്ഷിക്കാവ്, പണയില്‍ ദേവീക്ഷേത്രം, തെഞ്ചേരില്‍ ശിവക്ഷേത്രം, കാവിലമ്മക്കാവ് ദേവീക്ഷേത്രം, കുന്നില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാലാന്തറ ശിവക്ഷേത്രം, പുത്തന്‍വിള ദേവീക്ഷേത്രം, മുതുകാട്ടുകര ദേവീക്ഷേത്രം, നെടുംകുരുന്നി മലനട ക്ഷേത്രം, കാരിമുക്കത്ത് ക്ഷേത്രം, കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, പണയില്‍ ഹെബ്രോന്‍ മാര്‍ത്തോമ്മാ പള്ളി, പണയില്‍ കത്തോലിക്കാ പളളി, നൂറനാട് കത്തോലിക്ക പള്ളി, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചാപ്പല്‍ , നൂറനാട് സെന്റ് റിനാത്തോസ് കത്തോലിക്ക പള്ളി, ശാലോം മാര്‍ത്തോമ്മാ പള്ളി, മാമ്മൂട് ഓര്‍ഡോക്സ് പളളി, കുടശ്ശനാട് കത്തോലിക്കാ പള്ളി, പെന്തക്കോസ്തു പളളി, ആദിക്കാട്ടുകുളങ്ങര മൊഹ്ദീന്‍ പള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. പടനിലം പരബ്രഹ്മ ക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഈ പഞ്ചായത്തില്‍ കെട്ടുത്സവങ്ങള്‍ നടത്തിവരുന്നു. പണയില്‍ അശ്വതി മഹോത്സവത്തിന്റെ ഭാഗമായി ഉളവുക്കാട്, എരുമക്കുഴി, മുതുകാട്ടുകര എന്നീ കരകള്‍ മുഖ്യ പ്രാതിനിധ്യത്തോടുകൂടി നടത്തപ്പെടുന്ന കാളകെട്ട് ഈ പ്രദേശത്തിന്റെ പ്രധാന ഉത്സവമാണ്. കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന പെരുന്നാളാഘോഷവും അതോടനുബന്ധിച്ചുള്ള റാസയും വളരെ പ്രസിദ്ധമാണ്. ആദിക്കാട്ടുകുളങ്ങര, കാവുംപാട്ട് മുസ്ളീം പള്ളികളോടനുബന്ധിച്ചുള്ള ചന്ദനക്കുട ഘോഷയാത്രകളും ഈ പ്രദേശത്തിന് ഉത്സവഛായ പകരുന്നതാണ്. ഈ പഞ്ചായത്തില്‍ 4 സ്കൂള്‍ ലൈബ്രറികളും, ഗ്രന്ഥശാലാ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള 4 ലൈബ്രറികളും, പഞ്ചായത്തിന്റെ ചുമതലയിലുള്ള സാംസ്കാരിക നിലയങ്ങളുടെ ഭാഗമായ 3 ലൈബ്രറികളും, പബ്ളിക്ക് ലൈബ്രറിയും ഉള്‍പ്പെടെ 12 ലൈബ്രറികളാണ് പ്രവര്‍ത്തിക്കുന്നത്. മുപ്പതോളം കലാ-കായിക സമിതികളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.