പാലമേല്‍

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ ഭരണിക്കാവ് ബ്ളോക്കിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പാലമേല്‍. 25.60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പന്തളം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പള്ളിക്കല്‍ , താമരക്കുളം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നൂറനാട് പഞ്ചായത്തുമാണ്. 1948-ല്‍ സി. ഭാര്‍ഗ്ഗവന്‍ പിള്ള പ്രസിഡന്റായുള്ള വില്ലേജു യൂണിയനായിരുന്നു പഞ്ചായത്തിന്റെ ആദ്യഭരണസമിതി. 1954-ല്‍ കെ. ഗോപിന്ദപിള്ള പ്രസിഡന്റായി ആദ്യത്തെ ജനകീയ ഭരണസമിതി നിലവില്‍ വന്നു. ആലപ്പുഴ ജില്ലയുടെ കിഴക്ക് തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്നതും ചെറുതും വലുതുമായ 40-ല്‍ പരം ചെറുകുന്നുകളും, മലകളുമായി കിടക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് പാലമേല്‍ ഗ്രാമപഞ്ചായത്ത്. മുഖ്യമായും കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന ഒരു ഇടനാടു ഗ്രാമപ്രദേശമാണിത്. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി പുരാതനങ്ങളായ ക്ഷേത്രങ്ങളും, കാവും കുളവുമുളള നാഗരാജ ക്ഷേത്രങ്ങളും, മലനാടകളും, ക്രിസ്ത്യന്‍ പള്ളികളും, മുസ്ളീം ദേവാലയങ്ങളുമുണ്ട്.