പാലക്കാട്

പാലക്കാട് ജില്ലയില്‍ പാലക്കാട് താലൂക്കിലാണ് പാലക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടുമ്പ്, കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂര്‍, മുണ്ടൂര്‍ എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ബ്ളോക്ക് പഞ്ചായത്ത്. പാലക്കാട്, ആനക്കര, ചാലിശ്ശേരി, കാപ്പൂര്‍, നാഗലശ്ശേരി, പളളിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാലക്കാട് ബ്ളോക്ക് പഞ്ചായത്തിന് 205.88 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 14 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് മലമ്പുഴ, മണ്ണാര്‍ക്കാട് ബ്ളോക്കുകളും, കിഴക്കുഭാഗത്ത് മലമ്പുഴ, കുഴല്‍മന്ദം ബ്ളോക്കുകളും, തെക്കുഭാഗത്ത് കുഴല്‍മന്ദം ബ്ളോക്കും, പടിഞ്ഞാറു ഭാഗത്ത് ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ളോക്കുകളുമാണ് പാലക്കാട് ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ചെറുകുന്നുകളും തോടുകളും പുഴകളും നിറഞ്ഞ പാലക്കാട് ബ്ളോക്കിന്റെ ഭൂപ്രകൃതി ഇടനാട് മേഖലയില്‍ ഉള്‍പ്പെടുത്താം. നെല്‍കൃഷിക്കനുയോജ്യമായ എക്കല്‍മണ്ണ് വ്യാപകമായി കാണപ്പെടുന്നതും, ചെറുകുന്നുകളും തോടുകളും പുഴകളും ഇടകലര്‍ന്നതുമായ പാലക്കാട് ബ്ളോക്കിന്റെ ഭൂപ്രകൃതി ഇടനാട് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ചെറുതും വലുതുമായ പാടശേഖരങ്ങളും, നാണ്യവിളകള്‍ നിറഞ്ഞു നില്‍ക്കുന്ന കരഭൂമിയും ഇടകലര്‍ന്ന ഇവിടുത്തെ ഭൂപ്രദേശങ്ങള്‍ക്ക് അസുലഭമായ പ്രകൃതിസൌന്ദര്യവുമുണ്ട്. നെല്‍കൃഷിയാണ് കാര്‍ഷികമേഖലയുടെ അടിത്തറയെങ്കിലും ഈ കൃഷി ഇന്ന് നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങള്‍ വിളയുല്‍പാദനം വന്‍തോതില്‍ കുറയുവാന്‍ കാരണമായിട്ടുണ്ട്. കേരളത്തിന്റെ നെല്ലറയെന്ന് വിളിക്കപ്പെടുന്ന പാലക്കാട് ബ്ളോക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നെല്‍കൃഷിയുടെ സ്ഥാനം ഇന്ന് റബ്ബര്‍ ഏറ്റെടുത്തിരിക്കുന്നു. ഇവിടുത്തെ കരപ്രദേശങ്ങളില്‍ ചെമ്മണ്ണും ചരല്‍മണ്ണും ചില പ്രദേശങ്ങളില്‍ പാറക്കൂട്ടങ്ങളും കാണപ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രധാന നദിയായ ഭാരതപ്പുഴയുടെ ഏകദേശം 30 കിലോമീറ്റര്‍ ഭാഗം ഈ ബ്ളോക്കു പ്രദേശത്തു കൂടിയാണ് കടന്നുപോകുന്നത്. പശ്ചിമഘട്ട മലനിരകള്‍ അതിരിടുന്ന പാലക്കാട് ജില്ലയുടെ ഭാഗമായ ഈ ബ്ളോക്കിന്റെ കാലാവസ്ഥയില്‍ സഹ്യപര്‍വ്വതനിരകളുടെ സ്വാധീനം നന്നായി ദര്‍ശിക്കാം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ കാലവര്‍ഷവും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മഞ്ഞുകാലവും അനുഭവപ്പെടുമ്പോള്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഉഷ്ണത്തിന്റെ രൂക്ഷത അനുഭവപ്പെടുന്നു. പാലക്കാടന്‍ ചൂരത്തിലൂടെ തമിഴ്നാട്ടില്‍ നിന്നും എത്തുന്ന കാറ്റ്, ഈ പ്രദേശത്തെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. 1952 ഒക്ടോബര്‍ 2-നാണ് പാലക്കാട് ബ്ളോക്ക് പ്രവര്‍ത്തനമാരംഭിച്ചത്.