ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
തരിശ്ശായ പാറപ്രദേശം എന്ന അര്‍ത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അര്‍ത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേര്‍ന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേള്‍ക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവര്‍ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേര്‍ ലഭിച്ചതെന്നു മറ്റൊരു കൂട്ടര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, പാലമരങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനില്‍ക്കുന്നുണ്ട്. ടിപ്പുസുല്‍ത്താന്റെയും ഹൈദരാലിയുടെയും പടയോട്ടം നടന്ന സ്ഥലമാണ് പാലക്കാട്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച പുരാതനകോട്ട ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. ആധുനിക മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛന്‍ അവസാനകാലം വരെ താമസിച്ചിരുന്നത് ചിറ്റൂരിലെ ശോകനാശിനി തീരത്തായിരുന്നു. കൂടാതെ മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതമണ്ഡലവും പാലക്കാടായിരുന്നു. സാമൂഹികതിന്മകളെ ആക്ഷേപഹാസ്യത്തിലൂടെ എതിര്‍ത്ത കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്നതും പാലക്കാട് ജില്ലയിലാണ്. പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്രദ്ധേയമായ കാല്‍വെയ്പായിരുന്നു റേറ്റ് സ്കൂളിന്റെ സ്ഥാപനം. 1866-ല്‍ പാലക്കാട് റേറ്റ് സ്കൂള്‍ നിലവില്‍ വന്നു. പിന്നീട് ഇത് ഗവ.വിക്ടോറിയ കോളേജായി വികസിച്ചു. 1858-ല്‍ മലബാര്‍ ബേഡല്‍ മിഷന്റെ ആഭിമുഖ്യത്തിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥാപിതമായി. 1858-ല്‍ പാലക്കാട് ജനിച്ച പുന്നശ്ശേരി നീലകണ്ഠശര്‍മ്മ സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി 1888-ല്‍ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. 1921-ല്‍ കോളേജ് ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. വിജ്ഞാനചിന്താമണി പ്രസ് സ്ഥാപിതമായതും ഇവിടെയായിരുന്നു. വി.ടി.ഭട്ടതിരിപ്പാട് രൂപംനല്‍കിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍ ഇവിടെ നടന്ന സേവനങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. കോയമ്പത്തൂര്‍-പാലക്കാട്, തിരൂരങ്ങാടി-ഫറോക്ക്, കോയമ്പത്തൂര്‍-മണ്ണാര്‍ക്കാട്, അങ്ങാടിപ്പുറം-ഫറോക്ക്, പാലക്കാട്-ലക്കിടി, ഒറ്റപ്പാലം-തൃത്താല-താനൂര്‍, പാലക്കാട്-ഡിണ്ടികല്‍, പാലക്കാട്-കൊല്ലങ്കോട് എന്നീ റോഡുകള്‍ ടിപ്പുസുല്‍ത്താന്‍ നിര്‍മിച്ച പ്രധാന ഗതാഗതപാതകളാണ്. 1960-ല്‍ നിര്‍മിക്കപ്പെട്ട ഒലവക്കോട്-പളളിപ്പുറം റെയില്‍വെ ലൈനാണ് ജില്ലയില്‍ ആദ്യത്തേത്. 1888-ല്‍ ഒലവക്കോട്-പാലക്കാട്, 1926-ല്‍ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റോഡ്, 1932-ല്‍ പാലക്കാട്-പൊളളാച്ചി എന്നീ റെയില്‍ ലൈനുകള്‍ നിര്‍മിക്കപ്പെട്ടു. കല്പാത്തി, ചിറ്റൂര്‍കാവ്, നെല്ലിക്കുളങ്ങര, മണപുളിക്കാവ്, കാച്ചാംകുറിച്ചി, പല്ലാവൂര്‍ ശിവക്ഷേത്രം, പല്ലശ്ശനക്കാവ്, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, മഞ്ഞക്കുളം മുസ്ളീം പള്ളി എന്നിവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. മലമ്പുഴ ഡാമും, അവിടുത്തെ പാര്‍ക്കും അനേകം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത മലമ്പുഴയക്ഷി എന്ന ശില്‍പം വളരെ പ്രസിദ്ധമാണ്. പാലക്കാട് കോട്ട, ധോണി വെള്ളച്ചാട്ടം, സിരുവാണി നെല്ലിയം, സൈലന്റ് വാലി എന്നിവയും പ്രമുഖ ടൂറിസ്റ്റ് സ്പോട്ടുകളാണ്. ലോകപ്രശസ്തിയാര്‍ജിച്ച പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം ഈ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.