ജില്ലയിലൂടെ

തരിശ്ശായ പാറപ്രദേശം എന്ന അര്‍ത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അര്‍ത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേര്‍ന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേള്‍ക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവര്‍ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേര്‍ ലഭിച്ചതെന്നു മറ്റൊരു കൂട്ടര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, പാലമരങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. വടക്കുഭാഗത്ത് മലപ്പുറം ജില്ല, തമിഴ്നാട് എന്നിവിടങ്ങള്‍ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് വരേയും, തെക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ വരേയും അതിരുകള്‍ വ്യാപിച്ചുകിടക്കുന്ന പാലക്കാട് ജില്ലയ്ക്ക് 4480 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, അട്ടപ്പാടി, പാലക്കാട്, കുഴല്‍മന്ദം, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, മലമ്പുഴ എന്നിങ്ങനെ 13 ബ്ളോക്കുപഞ്ചായത്തുകളാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 13 ബ്ളോക്കുകളിലായി 91 ഗ്രാമപഞ്ചായത്തുകളും 162 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, ചിറ്റൂര്‍-തത്തമംഗലം എന്നിങ്ങനെ 4 മുനിസിപ്പാലിറ്റികള്‍ പാലക്കാട് ജില്ലയിലുണ്ട്. ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. പാലക്കാട് ജില്ലാപഞ്ചായത്തില്‍ ആകെ 29 ഡിവിഷനുകളുണ്ട്. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് കിഴക്കരികിലായി തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന ജില്ലയാണ് പാലക്കാട്. ജില്ലയിലെ പ്രധാനകൃഷി നെല്ലാണ്. ഉയര്‍ന്ന മലമ്പ്രദേശങ്ങള്‍, കുന്നുകള്‍, ചെരിവുകള്‍, സമതലങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാവുന്ന ഭൂപ്രകൃതിയാണ് പാലക്കാടിനുളളത്. കടല്‍ത്തീരബന്ധമില്ലാത്ത ജില്ലയാണ് പാലക്കാട്. പൊതുവെ ജില്ലയെ ഇടനാട്, മലനാട് എന്നിങ്ങനെ രണ്ടു ഭൂവിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 20 മുതല്‍ 2386 മീറ്റര്‍ വരെ ഉയരമുളള പ്രദേശങ്ങള്‍ ജില്ലയില്‍ കാണപ്പെടുന്നു. പശ്ചിമഘട്ടവും, പാലക്കാട് ചുരവും ജില്ലയുടെ പ്രത്യേകതകളാണ്. ജില്ലയിലെ വലിയൊരുഭാഗം ക്രിസ്റ്റലൈന്‍ പാറകളാണ്. ഇടനാട്ടില്‍ ലാറ്ററൈറ്റ് മണ്ണ് കൂടുതലായി കാണപ്പെടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. 1956 വരെ പാലക്കാട് അടക്കമുളള മലബാര്‍ ജില്ല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം 1957 ജൂണ്‍ 1-ന് മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്നായി വിഭജിച്ചു. മലബാര്‍ ജില്ലയിലെ പാലക്കാട്, വളളുവനാട്, പൊന്നാനി, പെരിന്തല്‍മണ്ണ എന്നീ താലൂക്കുകള്‍ക്കൊപ്പം കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂര്‍ താലൂക്കും ചേര്‍ത്തുകൊണ്ടാണ് പാലക്കാട് ജില്ല രൂപീകരിച്ചത്. 1969 ജൂണ്‍ 16-ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകള്‍ മലപ്പുറം ജില്ലയിലായി.