പായിപ്പാട്
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ മാടപ്പള്ളി ബ്ളോക്കില്‍ പായിപ്പാട്, ചങ്ങനാശ്ശേരി എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പായിപ്പാട് ഗ്രാമപഞ്ചായത്ത്. 20.88 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കിഴക്ക് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍, കുന്നന്താനം പഞ്ചായത്തുകള്‍, തിരുവല്ല മുനിസിപ്പാലിറ്റി, തെക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റി, പെരിങ്ങര പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്ത്, പടിഞ്ഞാറ് ആലപ്പുഴ ജില്ലയിലെ തലവടി, മുട്ടാര്‍, രാമങ്കരി പഞ്ചായത്തുകള്‍ എന്നിവയാണ്. ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പള്ളി പകുതി വില്ലേജില്‍ ഉള്‍പ്പെട്ടിരുന്ന തൃക്കൊടിത്താനം, പായിപ്പാട് എന്നീ കരകള്‍ ചേര്‍ത്ത് പായിപ്പാട് എന്ന നാമധേയത്തില്‍ പഞ്ചായത്ത് 1953 ല്‍ നിലവില്‍ വന്നു. രണ്ട് പ്രാവശ്യം പായിപ്പാട് പഞ്ചായത്തിന്റെ പ്രസിഡന്റ് പദം അലങ്കരിച്ച പ്രഥമപൌരനായിരുന്ന കെ.പി.ജോസഫ് വെട്ടികാടന്‍ നാടിന്റെ സാംസ്കാരികചരിത്രത്തിലെ പ്രാത:സ്മരണീയനാണ്. മദ്യവര്‍ജ്ജനപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവും പണ്ഡിതനും പ്രൊഫസറും കവിയും ഉജ്ജ്വലവാഗ്മിയുമായ തൃക്കൊടിത്താനം ഗോപിനാഥന് നായര്‍ ആയിരുന്നു ഈ പഞ്ചായത്തിന്റെ പ്രഥമ സാരഥി. പുണ്യപുരാതനമായ പുത്തന്‍കാവ് ക്ഷേത്രത്തില്‍ തലമുറകളായി നിലനിന്നു പോന്നിരുന്ന തിരുവുത്സവമായ പടയണിയുടെ ഓരോ ചടങ്ങിലും വിവിധ ജാതികള്‍ക്കും മതങ്ങള്‍ക്കും പ്രത്യേകമായ അവകാശങ്ങള്‍ നല്‍കിയിരുന്നു. തടികൊണ്ട് നിര്‍മ്മിച്ച ഗംഭീരമായ എരിത്തലില് അനേകം കാളകളുടെ കമനീയമായ രൂപങ്ങളും ദേവീദേവന്മാരുടെ വിഗ്രഹങ്ങളും ഒരുക്കി ഉയര്‍ത്തി ക്ഷേത്രത്തിന് ചുറ്റും കെട്ട് കാഴ്ചയാടിയിരുന്നത് ഹൈന്ദവരും ക്രൈസ്തവരും ഇസ്ളാം സഹോദരങ്ങളും ഒന്നിച്ചായിരുന്നു. പായിപ്പാട് ശ്രീ മഹാദേവര്‍ ക്ഷേത്രം, പുത്തന്‍കാവ് ഭഗവതി ക്ഷേത്രം, ചെങ്ങന്കുളങ്ങര മഹാവിഷ്ണുക്ഷേത്രം, പായിപ്പാട് മാര്‍ക്കറ്റിന് സമീപം സ്ഥിതിചെയ്യുന്ന മുസ്ളീം പള്ളി എന്നിവ ഇവിടുത്തെ പുരാതനമായ ആരാധനാലയങ്ങളാണ്. കോണ്‍വെന്റ് ജംഗ്ഷന് കിഴക്ക് വശം സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് യു.പി.സ്കൂളാണ് പായിപ്പാട്ടെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസസ്ഥാപനം. 1938-ല്‍ ആരംഭിച്ചതാണ് കോണ്‍വെന്റ് പ്രൈമറി സ്കൂള്‍. ജാതിമത ചിന്തകള്‍ക്കും സാമ്പത്തിക ഉച്ചനീചത്വത്തിനും എതിരായി പിന്നോക്കസമുദായങ്ങളെ അണിനിരത്തി സമരങ്ങള്‍ സംഘടിപ്പിക്കുകയും അവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അനവരതം ശ്രമിക്കുകയും ചെയ്ത വ്യക്തികളാണ് കളത്തില്‍ എം.ആര് ഗോവിന്ദനും, മാന്താനം കേശവനും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഊര്ജ്ജതന്ത്ര പ്രൊഫസറായിരുന്ന പി.കെ.കൃഷ്ണപിള്ള ഇന്നാട്ടുകാരനായിരുന്നു.