ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടടുത്ത ഘട്ടത്തില്‍ പ്രദേശത്തിന്റെ ഭൂരിഭാഗവും വനമായിരുന്നു. ചരിത്രത്താളുകളില്‍, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍, ചിറക്കല്‍ താലൂക്കില്‍, ഇരിക്കൂര്‍ എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. പില്‍ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഇരിക്കൂര്‍ ഫര്‍ക്കയില്‍ 45 ചതുരശ്രമൈല്‍ വിസ്തൃതിയുണ്ടായിരുന്ന പ്രദേശത്തിന്റെ ആസ്ഥാനം എള്ളരിഞ്ഞി ആയിരുന്നു. ഭരണാധികാരി കരിക്കാട്ടിടം നായനാര്‍ ആയിരുന്നു. അധികാരി, മേനോന്‍മാര്‍, കോലക്കാര്‍ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥ രീതിയായിരുന്നു അന്നുണ്ടായിരുന്നത്. പാരമ്പര്യ രീതിയിലായിരുന്നു ഭരണക്കാരെ നിശ്ചയിച്ചിരുന്നത്. അധികാരം പിന്‍തുടര്‍ച്ചയായിരുന്നു. ഭൂനികുതി പിരിക്കാനും, നീതിന്യായം നടത്താനും ജനനമരണം രജിസ്റ്റര്‍ ചെയ്യാനും ഉള്ള അധികാരം അധികാരികള്‍ക്കുണ്ടായിരുന്നു. അധികാരി, ഗ്രാമമുന്‍സിഫ്, ഗ്രാമമജിസ്ട്രേട്ട്, ജനനമരണ രജിസ്ട്രാര്‍, പൌണ്ട് കീപ്പര്‍ എന്നീ ഔദ്യോഗിക നാമങ്ങളും അധികാരിക്കുണ്ടായിരുന്നു. വിസ്തൃതമായ ഈ ഭൂവിഭാഗത്തില്‍ ജനവാസം വളരെ പരിമിതമായിരുന്നു. സാമുദായിക അടിസ്ഥാനത്തിലാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. മുച്ചിലോട്ടു ഭഗവതിക്ഷേത്രം, ഗണപതിക്ഷേത്രം എന്നിവ പ്രധാന ആരാധനാലയങ്ങളായിരുന്നു. ആദിവാസി വിഭാഗക്കാരായ കരിമ്പാലര്‍, മാവിലര്‍ എന്നിവരും ഈ പ്രദേശങ്ങളില്‍ അധിവസിച്ചിരുന്നു. കരിമ്പാലര്‍ സ്ഥിരതാമസക്കാരും മാവിലര്‍ മാറിമാറി താമസിച്ച് വന്നിരുന്നവരുമാണ്. മുസ്ളീങ്ങളും നാമമാത്രമായി ഇവിടെയുണ്ടായിരുന്നു. സവര്‍ണ്ണ മേധാവിത്വം നിലനിന്ന അക്കാലത്തു ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കുമാത്രമായിരുന്നു. 1938-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അഖിലേന്ത്യാകര്‍ഷകസംഘം ജനറല്‍ സെക്രട്ടറി സ്വാതന്ത്ര്യസമര ദേശീയ പ്രസ്ഥാനത്തിലെ ഭാഗമായി പഞ്ചായത്തില്‍ പ്രസംഗിച്ചു. എ.കെ.ജി, കെ.പി.ആര്‍.ഗോപാലന്‍ തുടങ്ങിയവര്‍ അഭിനയിച്ച പാട്ടബാക്കി എന്ന നാടകം അവതരിപ്പിച്ചു. രണ്ടാംലോക മഹായുദ്ധാനന്തര പട്ടിണിയും ജന്മിമാരുടെ വിലക്കുകളും അതിജീവിക്കുന്നതിനായുള്ള സമരങ്ങളില്‍ ഭാരതീയന്‍, കേരളീയന്‍, സുബ്രഹ്മണ്യഷേണായി, എ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുച്ചിലോട്ട് ഭഗവതി, വേട്ടക്കൊരു മകന്‍, തീച്ചാമുണ്ഡി തുടങ്ങി നിരവധി ക്ഷേത്രങ്ങളും അതുപോലെ തന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളും ഏതാനും മുസ്ളീം പള്ളികളുമാണ് ആദ്യ കാലം മുതല്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക വേദിയില്‍ നിറഞ്ഞു നിന്ന പ്രധാന ആരാധനാലയങ്ങള്‍.