പഞ്ചായത്തിലൂടെ

പടിയൂര്‍ - 2010

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ഇരിക്കൂര്‍ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പടിയൂര്‍. 1955 ഏപ്രില്‍ 20-നാണ് ഈ പഞ്ചായത്ത് നിലവില്‍ വന്നത്. പഞ്ചായത്തിന്റെ വിസ്തൃതി 55.40 ച.കി.മീ. ആണ്. കിഴക്ക് : ഉളിക്കല്‍, പായം, കീഴൂര്‍ചാവശ്ശേരി ഗ്രാമപഞ്ചായത്തുകളും, വടക്ക് : പയ്യാവൂര്‍, ഉളിക്കല്‍, ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് : ഇരിക്കൂര്‍, ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്ക് : കീഴൂര്‍ചാവശ്ശേരി, ഇരിക്കൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്ന് ഈ പഞ്ചായത്തിന് അതിരിടുന്നു. 20562 വരുന്ന ജനസംഖ്യയില്‍ 10300-പേര്‍ സ്ത്രീകളും, 10262-പേര്‍ പുരുഷന്‍മാരുമാണ്. പഞ്ചായത്തിലെ ജനങ്ങളുടെ സാക്ഷരതാ നിരക്ക് 90 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് പടിയൂര്‍ ഒരു മലനാട് പ്രദേശമാണ്. റബ്ബര്‍, തെങ്ങ്, കശുമാവ്, കുരുമുളക്, കവുങ്ങ്, നെല്ല് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. വളപട്ടണംപുഴ, നുച്യാട്പുഴ എന്നിവ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. 24 കുളങ്ങളും 63 പൊതുകിണറുകളും ഈ പഞ്ചായത്തിലുണ്ട്. കൈക്കൂലിത്തട്ട്, പന്ന്യാംകുന്ന്, പറന്തലാട്ട് മല, വാര്‍മല എന്നിവ ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കുന്നുകളും മലകളുമാണ്. പഞ്ചായത്തില്‍ ശുദ്ധജലത്തിനായി 16 പൊതുകുടിവെള്ള ടാപ്പുകളുണ്ട്. വൈദ്യുതിവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ 187 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പെരുമണ്ണ് മീന്‍കടവാണ് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം. ഇരിട്ടി-തളിപ്പറമ്പ്, ബ്ളാത്തൂര്‍-ഇരിക്കൂര്‍, കല്ല്യാട്-ഊരത്തൂര്‍-തേര്‍മല, പടിയൂര്‍-കൊമ്പന്‍പാറ പെരുവന്‍പറമ്പ്, കല്ലുവയല്‍, നെല്ലിക്കാംപൊയില്‍ റോഡ്, കണിയാര്‍വയര്‍, കാഞ്ഞിലേരി, ഉളിക്കല്‍ റോഡ്, പൂവ്വം, കല്ല്യാട് റോഡ് എന്നിവ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളാണ്. ഇരിട്ടി, ഇരിക്കൂര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ബസ്സ്റ്റാന്റുകള്‍. പെരുമണ്ണ്-പൊറോറ, തിരൂര്‍-ചമതച്ചല്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ജലഗതാഗത കേന്ദ്രങ്ങള്‍. മംഗലാപുരമാണ് തൊട്ടടുത്ത തുറമുഖം. കണ്ണൂര്‍ റെയില്‍വേസ്റ്റേഷനാണ് ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍. വിദേശയാത്രക്കായി ഗ്രാമവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തേയാണ്. പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എടുത്ത് പറയത്തക്ക വന്‍കിടവ്യവസായങ്ങള്‍ ഒന്നുംതന്നെയില്ല. ചെറുകിട മേഖലയില്‍ തേനീച്ച വളര്‍ത്തല്‍, പച്ചക്കറി, ന്യൂട്രി മിക്സ്, മറ്റ് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, നെയ്ത്ത്, മത്സ്യകൃഷി എന്നിവ നിലവിലുണ്ട്. ഇത് കൂടാതെ ഇന്റര്‍ലോക്ക് ബ്രിക്സ് കമ്പനി, മരമില്ലുകള്‍, റൈസ് മില്ലുകള്‍, ഫര്‍ണിച്ചര്‍ ഷോപ്പ്, വെല്‍ഡിംഗ് ഷോപ്പ്, പെയിന്റ് ഫാക്ടറി എന്നീ ഇടത്തരം വ്യവസായങ്ങളും ഈ പഞ്ചായത്തിലുണ്ട്. പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ മാവേലിസ്റ്റോറും, നീതിസ്റ്റോറും ഓരോന്നു വീതം ഈ പഞ്ചായത്തിലുണ്ട്. പുലിക്കാട്, ബ്ളാത്തൂര്‍, തിരൂര്‍, പടിയൂര്‍, കുയിലൂര്‍, കല്ല്യാട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അയ്യന്‍കോവില്‍ ശ്രീമഹാവിഷ്ണുക്ഷേത്രം നെടിയോടി, കല്ല്യാട് ഗണപതിക്ഷേത്രം, പൊടിക്കളം ക്ഷേത്രം - പടിയൂര്‍ തുടങ്ങി 16 ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പടിയൂര്‍ ജുമാഅത്ത് പള്ളി, പെടിയന്‍കോട് ജുമാ മസ്ജിദ്, മണ്ണേരി ജുമാഅത്ത് പള്ളി, ബ്ളാത്തൂര്‍ ജുമാമസ്ജിദ്, പെടയന്‍കോട് കുഞ്ഞിപ്പള്ളി, ബ്ളാത്തൂര്‍ ടൌണ്‍ പള്ളി, ബ്ളാത്തൂര്‍ അരയാല്‍ സമീപംപള്ളി എന്നിവയാണ് പഞ്ചായത്തിലെ മുസ്ളീം പള്ളികള്‍. കല്ലുവയല്‍ സെന്റ് ആന്റണീസ് ചര്‍ച്ച്, പടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി, സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് തിരൂര്‍, സെന്റ് തോമസ് ചര്‍ച്ച് മാംകുഴി, സി.എസ്.ഐ ചര്‍ച്ച് പള്ളിത്തല, സെവന്‍ത്ഡേ അഡ്വന്‍ന്റിജിസ്റ്റ് ചര്‍ച്ച്- കൊമ്പന്‍പാറ എന്നീ ക്രിസ്ത്യന്‍ പള്ളികളും ഇവിടെയുണ്ട്. തെയ്യം തിറമഹോത്സവം, ഓണം, വിഷു, ക്രിസ്തുമസ്, ഈദുല്‍ ഫിത്തര്‍, ബക്രീദ്, റംസാന്‍, തെയ്യാട്ടം, നെയ്യമൃത് മഠം, തിറമഹോത്സവം, ബ്ളാത്തൂര്‍ മൂത്തേടം ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. സ്വാതന്ത്ര്യസമര സേനാനിയും, രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന കോയാടന്‍ നാരായണന്‍ നമ്പ്യാര്‍, സാംസ്കാരിക പ്രവര്‍ത്തകരായിരുന്ന പി.നാരായണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ കുരുക്കള്‍, തണ്ടേല്‍ കേശവന്‍ എന്നിവരും ഭൌതിക ശാസ്ത്ര അദ്ധ്യാപകനായിരുന്ന കെ.ടി.ഹരിചന്ദ്രന്‍ മാസ്റ്റര്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കളായിരുന്ന കല്ല്യാട് കൂനന്‍ പൈതല്‍ ചെട്ടിയാര്‍, എ.കുഞ്ഞികണ്ണന്‍ എം.വി.ആര്‍, ഒ.പി.അനന്തന്‍ മാസ്റ്റര്‍, എന്‍.നാരായണന്‍ കോയാടന്‍, നാരായണന്‍ നായര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ സന്തതികളായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ മുല്ലപ്പള്ളി കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബ്ളാത്തൂര്‍ എ.പി.ശാദുലി എന്നിവര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രമുഖരാണ്. യുവധാര കലാകായിക വേദി-കല്ല്യാട്, റെഡ്സ്റ്റാര്‍ കലാകായിക വേദി-കല്ല്യാട്, പ്രതിഭ കലാകായിക വേദി എന്നിവ ഈ പഞ്ചായത്തിലെ കലാരംഗത്തെ സ്ഥാപനങ്ങളാണ്. സന്തോഷ് റിക്രിയേഷന്‍ ക്ളബ്ബ്-ഊരത്തൂര്‍, സംഗമം തിയേറ്റേഴ്സ്-കുയിലൂര്‍, ടോപ്പ്ടോണ്‍-പടിയൂര്‍, ഇ.എം.എസ്. ഗ്രന്ഥാലയം ആന്റ് നവശക്തി വനിതാ ക്ളബ്ബ്- പെരുവണ്ണ എന്നിവ സാംസ്കാരിക രംഗത്തെ സ്ഥാപനങ്ങളാണ്. നാഷണല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബ്ബ്-കല്ല്യാട്, വിശ്വഭാരതി-കല്ല്യാട്, വിറ്റ്നസ്-ഊരത്തൂര്‍ തുടങ്ങി കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന 9 സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ആരോഗ്യമേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഊരത്തൂരില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ബ്ളാത്തൂര്‍, പടിയൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. പടിയൂരില്‍ ഒരു ആയുര്‍വദ ഡിസ്പെന്‍സറിയും, ബ്ളാത്തൂര്‍, കുയിലൂര്‍ എന്നിവിടങ്ങളില്‍ ഓരോ ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണ രംഗത്ത് പഞ്ചായത്തിന്റേതായി ബ്ളാത്തൂര് ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ പടിയൂര്‍, കുയിലൂര്‍ എന്നിവിടങ്ങളില്‍ ഐ.സി.ഡി.പി. ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂള്‍ പടിയൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയില്‍ എസ്.എന്‍.ഡി.പി.യു.പി. സ്കൂള്‍-പടിയൂര്‍, കല്ല്യാട് യു.പി. സ്കൂള്‍, ബ്ളാത്തൂര്‍ ഗാന്ധി വിലാസം എല്‍.പി.സ്കൂള്‍, ഊരത്തൂര്‍ എല്‍.പി.സ്കൂള്‍, പെരുമണ്ണ് നാരായണ വിലാസം സ്കൂള്‍, കുയിലൂര്‍ എല്‍.പി.സ്കൂള്‍, കല്ലുവയല്‍ സെന്റ് ആന്റണീസ് എല്‍.പി. സ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സിബ്ഗ കോളേജാണ് പഞ്ചായത്തിലെ ഒരേയൊരു കോളേജ്. പടിയൂര്‍, കല്ല്യാട് എന്നിവിടങ്ങളില്‍ വൃദ്ധജനങ്ങള്‍ക്കും, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുമുള്ള വിശ്രമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, എസ്.ബി.റ്റി. ബ്ളാത്തൂര്‍ എന്നീ ദേശസാല്‍കൃത ബാങ്കുകളും, കല്ല്യാട് സര്‍വ്വീസ് സഹകരണ ബാങ്ക്, ഉളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്-പടിയൂര്‍, വനിതാ സഹകരണസംഘം പടിയൂര്‍, കല്ല്യാട് എന്നീ സഹകരണ ബാങ്കുകളും ഈ പഞ്ചായത്തിലെ ധനകാര്യ സ്ഥാപനങ്ങളാണ്. നെടിയോടി ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥശാല, പടിയൂര്‍ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, കുയിലൂര്‍ പൊതുജന വായനശാല, ബ്ളാത്തൂര്‍ സി.ആര്‍.സി. ഗ്രന്ഥാലയം, ആലത്തൂര്‍ പി കുമാരന്‍ സ്മാരക ഗ്രന്ഥാലയം എന്നിവ പഞ്ചായത്തിലെ ഗ്രന്ഥശാലകളാണ്. എ.കെ.ജി.സ്മാരക വായനശാല ഊരത്തൂര്‍, തിരൂര്‍ പൊതുജന വായനശാല, നെടിയോടി പൊതുജന വായനശാല, എ.കെ.ജി. വായനശാല കരവൂര്‍, ഐക്യോദയ വായനശാല ചടച്ചിക്കുണ്ടം, കല്ല്യാട് സാംസ്കാരിക നിലയം വായനശാല എന്നീ വായനശാലകളും പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. കല്ല്യാട് സാംസ്കാരിക  നിലയം, ചടച്ചിക്കുണ്ടം കമ്മ്യൂണിറ്റി ഹാള്‍, മാങ്കുഴി പട്ടികവര്‍ഗ്ഗ കമ്മ്യൂണിറ്റിഹാള്‍, തിരൂര്‍ സാംസ്കാരിക നിലയം എന്നിവ പടിയൂരിലെ കമ്മ്യൂണിറ്റി ഹാളുകളാണ് ശ്രീമൂത്തേടം ഓഡിറ്റോറിയമാണ് പഞ്ചായത്തിലെ പ്രധാന കല്യാണ മണ്ഡപം. പടിയൂര്‍ ബ്രാഞ്ച് പോസ്റ്റോഫീസ്, കല്ലുവയല്‍ ബ്രാഞ്ച് പോസ്റ്റോഫീസ്, കല്ല്യാട് ബ്രാഞ്ച് പോസ്റ്റോഫീസ്, കൊശവന്‍ വയല്‍ ബ്രാഞ്ച് പോസ്റ്റോഫീസ്, റീജനല്‍ റബര്‍ റിസര്‍ച്ച് സ്റ്റേഷന്‍, പടിയൂര്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ എന്നിവയാണ് പഞ്ചായത്തിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍. പെരുമണ്ണയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസും, പടിയൂര്‍, കല്ല്യാട് എന്നിവിടങ്ങളില്‍ വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്നു. പഞ്ചായത്തിലെ കൃഷിഭവന്‍ സ്ഥിതിചെയ്യുന്നത് കല്ല്യാടാണ്. പെരുമണ്ണയില്‍ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പഞ്ചായത്തിന്റേതായി പ്രവര്‍ത്തിക്കുന്നു.