പടിയൂര്‍

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ഇരിക്കൂര്‍ ബ്ളോക്കില്‍ പടിയൂര്‍, കല്യാട്, വയത്തൂര്‍, നുച്യാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പടിയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 55.40 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് : ഉളിക്കല്‍, പായം, കീഴൂര്‍ചാവശ്ശേരി ഗ്രാമപഞ്ചായത്തുകളും, വടക്ക് : പയ്യാവൂര്‍, ഉളിക്കല്‍, ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് : ഇരിക്കൂര്‍, ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്ക് : കീഴൂര്‍ചാവശ്ശേരി, ഇരിക്കൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുമാണ്. 1962-ല്‍ നിലവില്‍ വന്ന പഞ്ചായത്തിന്റെ ചുമതലയേറ്റത് ടി.ആര്‍ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു. ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ മുകള്‍തട്ട് സമതലം, വലിയ ചെരിവ്, ഇടത്തരം ചെരിവ്, ചെറിയ ചെരിവ്, തീരതാഴ്വര സമതലം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കരിമണ്ണ്, ചെമ്മണ്ണ്, മണല്‍മണ്ണ്, ചരല്‍മണ്ണ് , പശിമരാശി മണ്ണ് എന്നീ മണ്ണിനങ്ങളാണ് ഈ പഞ്ചായത്തില്‍ സാധാരണയായി കണ്ടുവരുന്നത്. കൈക്കൂലിത്തട്ട്, പന്ന്യാംകുന്ന്, പറന്തലാട്ട് മല, വാര്‍മല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉയര്‍ന്ന പ്രദേശങ്ങള്‍. തെയ്യം, തിറമഹോല്‍സവം, നെയ്യാട്ടം, , ബ്ളാത്തൂര്‍ മൂര്‍ത്തേടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര ഉത്സവം എന്നിവ ഈ പ്രദേശത്തെ സാംസ്കാരിക ഉന്നതിയുടെ തെളിവുകളാണ്. നിരവധി പ്രതിഭാധനന്‍മാരെ സംഭാവന ചെയ്ത നാടാണ് പടിയൂര്‍. പി.നാരായണന്‍ നമ്പ്യാര്‍ - സാംസ്കാരികം, കെ.ടി.ഹരിശ്ചന്ദ്രന്‍ മാസ്റ്റര്‍ (മണി മാസ്റ്റര്‍) ഭൌതികശാസ്ത്രം, ഗോവിന്ദന്‍ കോരന്‍- സാംസ്കാരികം, കോയാടന്‍ നാരായണന്‍ നമ്പ്യാര്‍ - സ്വാതന്ത്ര്യ സമരസേനാനി, കല്ല്യാട് കൂനന്‍ പൈതല്‍ ചെട്ടിയാര്‍  എ.കുഞ്ഞിക്കണ്ണന്‍, എം.സി.ആര്‍,ഒ.പി. അനന്തന്‍ മാസ്റ്റര്‍, എന്‍.നാരായണന്‍, കോയാടന്‍ നാരായണന്‍ നായര്‍(സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍) മാങ്ങോടന്‍ ഗോവിന്ദന്‍, മുല്ലപ്പള്ളി കുഞ്ഞിരാമന്‍ നമ്പ്യാര്‍- ആലത്തുപറമ്പ, ബ്ളാത്തൂര്‍ എ.പി.ശാദുലി(- സ്വാതന്ത്ര്യസമര സേനാനികള്‍) എന്നിവര്‍ എക്കാലത്തും പഞ്ചായത്തിന്റെ ആദരണീയ വ്യക്തിത്വങ്ങളാണ്. പടിയൂര്‍ ,കുയിലൂര്‍, ബ്ളാത്തൂര്‍ എന്നിവിടങ്ങളിലെ ഗ്രന്ഥാലയങ്ങളും എ.കെ.ജി. സ്മാരക വായനശാല(ഊരത്തൂര്‍) തിരൂര്‍ പൊതുജന വായനശാല,എ.കെ.ജി. വായനശാല (കരവൂര്‍) ഐക്യോദയ വായനശാല (ചടച്ചിക്കുണ്ടം )എന്നിവയും പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയില്‍ ജനങ്ങള്‍ക്ക് വഴികാട്ടിയായി നില കൊള്ളുന്നു.