ചരിത്രം
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യത്താകമാനം നടന്ന സ്വാതന്ത്ര്യസമരത്തോടൊപ്പം മലബാര്‍ പ്രദേശത്ത് നടന്ന മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി ബ്രിട്ടീഷ് ഭരണാധികാരികള്‍ അന്നത്തെ ജന്മി നാടുവാഴികളെ കൂട്ടുപിടിക്കുകയും സമരത്തില്‍ പങ്കെടുത്തിരുന്നവര്ക്കെതിരെ കൊടിയ മര്‍ദ്ധനമുറകള്‍ സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷവും ഈ പ്രദേശങ്ങളില്‍ കടുത്ത ജാതിവിവേചനവും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു. ഇതിനെതിരായി കേളപ്പജിയുടെ ശിഷ്യനായിരുന്ന കറുത്താട്ടില്‍ ബാലചന്ദ്രമേനോന്റെ നേതൃത്വത്തില്‍ താഴ്ന്ന ജാതിക്കാരായ ആളുകളെ അമ്പലത്തില്‍ കയറ്റുക, അമ്പലക്കുളത്തില്‍ കുളിപ്പിക്കുക തുടങ്ങിയ സമരമുറകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ ഹിന്ദുക്കളും, മുസ്ളീങ്ങളും പഴയകാലം മുതല്‍ തന്നെ നടത്തിവരുന്ന ഉത്സവങ്ങളും നേര്‍ച്ചകളും എടുത്തുപറയത്തക്കതാണ്. അയ്യായയിലെ ഭഗവതിത്തറ ആട്ട്, കക്കാട്ട്കുന്ന് വേല, ചേന്നംകുളം ഭഗവതിയാട്ട്, വിവിധ കുടുംബ ക്ഷേത്രങ്ങളില്‍ നടത്താറുള്ള കലങ്കരി, ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്ന ഉത്സവങ്ങള്‍, അയ്യായ നേര്‍ച്ച, പുത്തന്‍പളളി നേര്‍ച്ച തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണ.് 1910 കാലഘട്ടത്തിലും അതിനുശേഷവും വിദ്യ അഭ്യസിക്കുന്നതിന് എഴുത്തുപള്ളികളും ഓത്ത് പളളികളുമാണ് അന്നത്തെ പൂര്‍വ്വികര്‍ ആശ്രയിച്ചിരുന്നത്. ഈ ഓത്തുപ്പള്ളിയില്‍ നിന്നുള്ള അറബി മലയാള പഠനം ഒരു വിധത്തില്‍ ജനങ്ങളെ സാക്ഷരരാക്കിയിരുന്നു. ഒഴൂര്‍ പഞ്ചായത്തില്‍ ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത് മണലിപ്പുഴയിലും, ഓമച്ചപ്പുഴയിലും, ഓഴൂരിലുമാണെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും കരിങ്കപ്പാറയിലും ഒഴൂരിലുമുള്ള എല്‍.പി.സ്ക്കൂളുകള്‍ 1915-ല്‍ സ്ഥാപിച്ചതാണെന്ന് രേഖകളില്‍ കാണുന്നു. 1951-ന് ശേഷമാണ് ഒഴൂര്‍ പഞ്ചായത്തില്‍ പോസ്റ്റ് ഓഫീസ് നിലവില്‍ വന്നത്. സി.എച്ച്.മുഹമ്മദ് കോയ സ്മാരക സാംസ്ക്കാരിക നിലയം പഞ്ചായത്താഫീസിന് സമീപം സ്ഥിതി ചെയ്യുന്നു.പഞ്ചായത്തിലെ റോഡുകളില്‍ ആദ്യം നിര്‍മ്മിച്ചത് അയ്യായ-വെള്ളച്ചാല്‍, വെള്ളച്ചാല്‍-തെയ്യാല എന്നീ റോഡുകളാണ്. യാത്രാസൌകര്യത്തിന് മഞ്ചലുകളയായിരുന്നു അക്കാലങ്ങളില്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഓനച്ചപ്പുഴ, മണലിപ്പുഴ ഭാഗങ്ങളില്‍ വെള്ളം തങ്ങിനിന്ന് പുഴ പോലെയാവുകയും കടത്തുതോണികള്‍ ഇവിടെ യാത്രക്ക് ഉപയോഗിച്ചതായും പറയുന്നു. കോല്‍ക്കളി, പരിചമുട്ടുകളി, പടകളി, ദഫ്മുട്ട്, കാറത്തട്ട്, കൈകൊട്ടിപ്പാട്ട്, കന്ന് ഊര്ച്ചകള് എന്നിവയാണ് പഞ്ചായത്തിലെ ആദ്യകാല വിനോദങ്ങള്‍.അയിത്തോച്ചാടനത്തിനെതിരായി കറുത്താട്ടില്‍ ബാലചന്ദ്രമേനോന്റെയും, പൈക്കാട്ടില്‍ വേലായുധന് മാസ്റ്ററുടേയും നേതൃത്വത്തില്‍ ധീരമായ പ്രക്ഷോഭ നടപടികള്‍ ഇവിടെ നടന്നിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പോരാളികളെ പുറത്തു ചാടിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സൈന്യം വെടിവെച്ച പാടുകള്‍ അയ്യായ ഭാഗത്തുള്ള നരിമട എന്ന ഗുഹയില്‍ ഇന്നും കാണാം. മതസൌഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായ ധാരാളം ഉത്സവങ്ങള്‍ ഇവിടത്തുകാര്‍ ആഘോഷിക്കാറുണ്ട്. പ്രാദേശിക ഉത്സവങ്ങളില്‍ ഇവിടെ പ്രധാനമായും ആഘോഷിക്കുന്നവ കക്കാട്ട്കുന്ന് ഉത്സവം, കുണ്ടിലകത്ത് ഉത്സവം, അയ്യായകുന്ന് നേര്‍ച്ച മുതലായവയാണ്. കൂടാതെ ഓരോ പ്രദേശത്തും കലങ്കരി, ആട്ട് മുതലായ സ്വകാര്യ ഉത്സവങ്ങളും നടത്താറുണ്ട്. ഒരു കാലത്ത് സമൂഹത്തിലും വ്യക്തികളിലും വാമൊഴിയായും കെട്ടുപാട്ടായും, നാടന്‍ ശീലുകളായും നിലനിന്നിരുന്നതും കര്‍ഷകരുടെ ഇടയിലുള്ള കൊയ്ത്ത് നടീല്പ്പാട്ടുകളും പരിചമുട്ടുകളി, കോല്‍ക്കളി, ചവിട്ടുപാട്ട് തുടങ്ങിയ ഗ്രാമീണ കലകളും ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.