ചരിത്രം

സാമൂഹ്യചരിത്രം 

 ഇന്നത്തെ പൂഴനാട് വാര്‍ഡിലുള്‍പ്പെട്ട പുകിലന്തറ ശാസ്താക്ഷേത്രത്തില്‍ നിന്നും കുഴിച്ചെടുത്ത ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് 1000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് പുരാവസ്തുഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉദ്ദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേണാടിനെ ആക്രമിച്ച മുകിലനും സൈന്യവും പടയോട്ടം നടത്തി അംബാസമുദ്രം വഴി പ്രകൃതിരമണീയവും വിസ്തൃതവുമായിരുന്ന ഈ സ്ഥലത്ത് എത്തി താവളമടിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മുകിലന്‍ വന്ന് താവളമിട്ടതുകൊണ്ട് ഈ സ്ഥലത്തിന് മുകിലന്‍തറ എന്ന പേരുവന്നു. കാലക്രമത്തില്‍ ഈ വാമൊഴിയ്ക്ക് മാറ്റം വന്നാണ് പുകിലന്തറയായി തീര്‍ന്നതെന്ന് അനുമാനിക്കാം. ഒരോ സ്ഥലനാമങ്ങള്‍ക്കും ഇത്തരത്തിലുള്ള കഥകള്‍ പറയാനുണ്ടാകും. ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഒറ്റശേഖരമംഗലം പ്രാചീനകാലം മുതല്‍തന്നെ ഒരു ജനവാസകേന്ദ്രം ആയിരുന്നുവെന്നാണ്. പൂഴനാട് മുസ്ലീംപള്ളിക്കും, കുന്നത്തുനാട് ക്രിസ്ത്യന്‍ദേവാലയത്തിനും രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. മതപരമായ സഹിഷ്ണുതയും യോജിപ്പും വളരെ മുമ്പുമുതല്‍ക്കു തന്നെ നിലനിന്നിരുന്നുവെന്നുള്ളതുതന്നെ ജനങ്ങളുടെ സംസ്കാരസമ്പന്നതയ്ക്ക് ഉദാഹരണമാണ്. ഈ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖല റിസര്‍വ്വുവനവും കാണിപ്പറ്റ് പ്രദേശമുള്‍പ്പെട്ടതുമായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം നിത്യസംഭവമായിരുന്നു. 1950-കള്‍ക്കു ശേഷം ഈ വനഭൂമി ചെറുകിട റബ്ബര്‍തോട്ടങ്ങള്‍ക്ക് വഴി മാറിക്കൊടുത്തു. കൊല്ലവര്‍ഷം 1108-ല്‍ ഈ പ്രദേശത്ത് മലമ്പനി പടര്‍ന്നുപിടിച്ചിരുന്നു. മലമ്പനിയ്ക്ക് പ്രതിരോധമരുന്നായ കൊയ്നാ എത്തിക്കാനായി പണി കഴിപ്പിച്ച റോഡ് ഇന്നും ഈ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ദുരിത്വശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഈ പ്രദേശത്തെത്തിയിരുന്നു. ഇതിലേക്കായി ആലച്ചക്കോണത്ത് സ്ഥാപിച്ച മലേറിയ ഡിസ്പെന്‍സറിയാണ് ഇന്നത്തെ പൂഴനാട് സര്‍ക്കാരാശുപത്രി. 1930-തിലുണ്ടായി ഒരാഴ്ചക്കാലം നീണ്ടുനിന്ന, വെള്ളപ്പൊക്കം നദികളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തിനുണ്ടാക്കിയ ദുരിതം ചില്ലറയില്ല. 1950-കള്‍ വരെ ഈ പഞ്ചായത്തിലെ 90 ശതമാനം ഭൂമിയും ജനസംഖ്യയുടെ 5 ശതമാനത്തോളം വരുന്ന, നായര്‍, നമ്പൂതിരി സമുദായങ്ങളിലെ, ധനികകൃഷിക്കാരുടെ കൈവശമായിരുന്നു. ഭൂപരിഷ്കരണനിയമവും മക്കത്തായ രീതിയിലുള്ള ഭാഗം വയ്ക്കലും ഭൂവികേന്ദ്രീകരണത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. ഭൂരഹിതരായ അനേകം കര്‍ഷകത്തൊഴിലാളികള്‍ക്കും മറ്റ് അധ:സ്ഥിതര്‍ക്കും ഇതുമൂലം ഭൂമി ലഭിച്ചു. ഈ പ്രദേശത്തുനിന്ന് ഉദ്ദേശം 11 കിലോമീറ്റര്‍ അകലെയാണ് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രം. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ കൊടുങ്കാറ്റുയര്‍ന്ന 1930-കളിലെ ദേശീയ പ്രബുദ്ധതയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഈ ഭൂമികയും വേദിയായി. ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസും അതില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും തുടര്‍ന്നു രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ നാട്ടിലെ സാമൂഹ്യമുന്നേറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. 1949-50 കാലഘട്ടത്തില്‍ ഭൂരഹിതകര്‍ഷകര്‍ ഭൂമിയ്ക്കുവേണ്ടി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടം വന്‍ ജനമുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. നിരവധി കര്‍ഷകര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ നിമിത്തം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന ഈ പഞ്ചായത്തില്‍ 1957-ല്‍ സ്ഥാപിച്ച ഒറ്റശേഖരമംഗലം ഹൈസ്കൂള്‍ (ഇന്നത്തെ ജനാര്‍ദ്ദനപുരം എച്ച്.എസ്) നാടിന്റെയും സമീപസ്ഥലമായ അഞ്ചു പഞ്ചായത്തുകളുടേയും വിദ്യാഭ്യാസ മണ്ഡലത്തില്‍ വരുത്തിയ പരിവര്‍ത്തനം അനിര്‍വചനീയമാണ്. 1948-ല്‍ ഒറ്റശേഖരമംഗലത്ത് ആദ്യത്തെ അഞ്ചലാഫീസ് സ്ഥാപിതമായി. വേലായുധന്‍പിള്ളയായിരുന്നു ആദ്യത്തെ അഞ്ചലോട്ടക്കാരന്‍.