ഒറ്റപ്പാലം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പാറ, അനങ്ങടി, ചളവറ, ലക്കിടി-പേരൂര്‍, വാണിയംകുളം എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത്. അമ്പലപ്പാറ, അനങ്ങനടി, ചളവറ, ലക്കിടി-പേരൂര്‍, വാണിയംകുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്തിന് 165.07 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 15 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ശ്രീകൃഷ്ണപുരം ബ്ളോക്കും, കിഴക്കുഭാഗത്ത് പാലക്കാട് ബ്ളോക്കും, തെക്കുഭാഗത്ത് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും, ഭാരതപ്പുഴയും, പടിഞ്ഞാറു ഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയും, പട്ടാമ്പി ബ്ളോക്കുമാണ് ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. വടക്കുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന അനങ്ങന്‍മലയും, തെക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയും അതിരിടുന്ന പ്രകൃതിമനോഹരമായ ഭൂപ്രദേശമാണ് ഒറ്റപ്പാലം ബ്ളോക്ക്. ഏതാണ്ട് 800 മീറ്ററോളം ഉയരമുള്ള അനങ്ങന്‍ മല കഴിഞ്ഞാല്‍ ബാക്കി ഭൂവിഭാഗങ്ങളെ പൊതുവായി കുത്തനെയുള്ള ചെരിവ്, ചെരിഞ്ഞ പ്രദേശങ്ങള്‍, സമതലങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. പാലക്കാട് നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തു മാറിയാണ് ഒറ്റപ്പാലം ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലം വികസന ബ്ളോക്കിന്റെ പ്രവര്‍ത്തനം 1963-ലാണ് ആരംഭിച്ചത്. രൂപീകരണഘട്ടത്തില്‍ ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ എന്നീ പഞ്ചായത്തുകള്‍ കൂടി ബ്ളോക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. പില്‍ക്കാലത്ത് 1978-ല്‍ ഇവ രണ്ടും മുനിസിപ്പാലിറ്റിയായി മാറുകയും ബ്ളോക്കിന്റെ അതിര്‍ത്തിയില്‍ മാറ്റം സംഭവിക്കുകയും ചെയ്തു. ഷൊര്‍ണൂരും, ഒറ്റപ്പാലവും മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയതോടെ ബ്ളോക്കിന്റെ പരിധിയിലുള്ള പഞ്ചായത്തുകളുടെ എണ്ണം അഞ്ചായി ചുരുങ്ങി. വികസന ബ്ളോക്ക് രൂപം കൊണ്ട ആദ്യനാളുകളില്‍ ഭരണകാര്യങ്ങള്‍ ഉദ്യോഗസ്ഥ നിയന്ത്രണത്തിലായിരുന്നു നടന്നിരുന്നത്. ബ്ളോക്ക് ഡവലപ്മെന്റ് കമ്മിറ്റികളെന്ന സമിതികള്‍ക്ക് രൂപം കൊടുത്തതോടെ ബ്ളോക്കുതലത്തില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം നിലവില്‍ വന്നു. ഇ.പി.ശ്രീധരന്‍ ആയിരുന്നു ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍. പാലക്കാട്-പൊന്നാനി സംസ്ഥാനഹൈവേ ഈ പ്രദേശത്തു കൂടിയാണ് കടന്നുപോകുന്നത്.