പഞ്ചായത്തിലൂടെ

ഓങ്ങല്ലൂര്‍ - 2010

പഞ്ചായത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശം മലനിരകള്‍ നിറഞ്ഞതും, തെക്കു പടിഞ്ഞാറന്‍പ്രദേശമായ ഭാരതപ്പുഴയോരം പൊതുവേ താഴ്ചയുള്ള സമതലവുമാണ്. കുന്നിന്‍പ്രദേശം, താഴ്വര, സമതലം എന്നിങ്ങനെ കിടക്കുന്ന ഓങ്ങല്ലൂരിന്റെ ഉയര്‍ന്ന സ്ഥലങ്ങളില്‍ കറുത്ത പശിമരാശിയുള്ള മണ്ണും, കുന്നിന്‍ ചരിവില്‍ ചരല്‍ കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണൂം, സമതലപ്രദേശങ്ങളില്‍ നെല്ലുല്‍പ്പാദനാനുയോജ്യമായ ജൈവാംശം കൂടുതലുള്ള പശിമരാശി മണ്ണും, പുഴയോരങ്ങളില്‍ കളിമണ്ണും കാണപ്പെടുന്നു. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴ, 163 കുളങ്ങള്‍ എന്നിവ പ്രധാന ജലസ്രോതസ്സുകളാണ്. പാമ്പാടിപാടം, ചെങ്ങനംകുന്ന്, കണ്ടാറിതൊടി എന്നീ കനാലുകള്‍  പ്രധാന ജലസേചന സൌകര്യങ്ങളാണ്. നെല്ല്, പയര്‍, എള്ള്, പച്ചക്കറികള്‍, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, പ്ളാവ്, കശുമാവ്, റബര്‍, കവുങ്ങ്, ഇഞ്ചി, ചേന എന്നീ വിളകളാണ് ഇപ്പോള്‍ ഓങ്ങല്ലൂരില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഭാരതപ്പുഴയുടെ വടക്കായി സ്ഥിതി ചെയ്യുന്ന ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 1963-ലാണ് രൂപീകൃതമായത്. 31.68 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍  വടക്ക് കൊപ്പം, വല്ലപ്പുഴ പഞ്ചായത്തുകള്‍, തെക്ക് ഭാരതപ്പുഴ, കിഴക്ക് പട്ടാമ്പി പഞ്ചായത്ത്, പടിഞ്ഞാറ് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി എന്നിവയാണ്. ഓങ്ങല്ലൂരിലെ  ജനസംഖ്യ 37,555 ആണ്. 294 പൊതുകുടിവെള്ളടാപ്പുകളും, 247 പൊതുകിണറുകളും പഞ്ചായത്തില്‍ വിതരണത്തിനായി ഉപയോഗപ്പെടുത്തുന്നു. 163 കുളങ്ങളും, പാമ്പാടിപാടം, ചെങ്ങനംകുന്ന്, കണ്ടാറിതൊടി എന്നീ കനാലുകളും, ഭാരതപ്പുഴയും മറ്റ് ജലസ്രോതസ്സുകളാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ പൊതുവെ ഇല്ലെങ്കിലും രാമരിക്കുന്ന്, തുലാംമിറ്റം, തൂപ്രക്കുന്ന് എന്നീ കുന്നുകള്‍ ഇവിടത്തെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഗ്രാമവികസനത്തിന്റെ ഭാഗമായി 580 തെരുവ് വിളക്കുകള്‍ ഈ പഞ്ചായത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. 241 വ്യാപരകേന്ദ്രങ്ങളും, 12 സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പൊതുവിതരണ മേഖലയില്‍ 10 റേഷന്‍ കടകളും, 2 നീതി സ്റ്റോറുകളും,ഒരു മാവേലി സ്റ്റോറു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ മുന്നേറുന്നു. പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ കാലോചിതമായ രീതിയില്‍ പരിഷ്കരിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പഞ്ചായത്താണ് ഓങ്ങല്ലൂര്‍. കളിമണ്‍പാത്രങ്ങള്‍, മുള, കൈതോല എന്നിവ കൊണ്ടുള്ള ഉല്പന്നങ്ങള്‍, മരോല്‍പ്പന്നങ്ങള്‍, പപ്പടം നിര്‍മ്മാണം, നെയ്ത്ത്, ഔഷധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമാണ് ഇവിടുത്തെ പ്രധാന പരമ്പരാഗത വ്യവസായങ്ങള്‍. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും ചെറുകിട വ്യവസായങ്ങള്‍ നിരവധിയുള്ള പഞ്ചായത്താണിത്. പ്ളാസ്റ്റിക് ഉല്പന്ന യൂണിറ്റ്, നാളികേര വ്യവസായ യൂണിറ്റും, അനുബന്ധ വ്യവസായങ്ങളും, മരത്തടി വ്യവസായവും അനുബന്ധ യൂണിറ്റുകളും,  സിമന്റ് അധിഷ്ഠിത വ്യവസായങ്ങള്‍, ഇഷ്ടിക, ഓട്, വ്യവസായം, ക്രഷര്‍ മെറ്റല്‍ യൂണിറ്റുകള്‍, റബ്ബര്‍ ഉല്പന്ന യൂണിറ്റ്, ഔഷധ നിര്‍മ്മാണ യൂണിറ്റ്, അച്ചാര്‍, കറി പൌഡര്‍ തുടങ്ങിയ ഭക്ഷ്യവസ്തുനിര്‍മ്മാണ യൂണിറ്റ്, കളിമണ്‍ പാത്ര വ്യവസായം, മധുരപലഹാര നിര്‍മ്മാണം, ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റുകള്‍, സോപ്പ്, വാഷിംഗ് പൌഡര്‍ നിര്‍മ്മാണ യൂണിറ്റ്, തീപ്പെട്ടി വ്യവസായം, പ്രിന്റിംഗ് പ്രസ്സ്, കരകൌശലവസ്തു യൂണിറ്റ്, ബീഡി തെറുപ്പുകേന്ദ്രം, ഐസ് പ്ളാന്റ്, ചന്ദനത്തിരി നിര്‍മ്മാണ യൂണിറ്റ്, ഫെനോയില്‍ ക്ളീനിങ്ങ് പൌഡര്‍ നിര്‍മ്മാണം, കരിങ്കല്‍ ഉപയോഗിച്ചുള്ള ഗൃഹോപകരണങ്ങളുടെയും  ശില്പങ്ങളുടേയും നിര്‍മ്മാണം എന്നിവയാണ് പഞ്ചായത്തിലെ ചെറുകിട വ്യവസായങ്ങള്‍. ഒരു പെട്രോള്‍പമ്പും ഓങ്ങല്ലൂരില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. 241 ചെറിയ വ്യാപര കേന്ദ്രങ്ങള്‍ ഇവിടുണ്ട്. ഹയ്യാത്ത് ഷോപ്പിംങ്ങ് കോംപ്ളക്സാണ് പഞ്ചായത്തിലെ ഏക ഷോപ്പിംങ്ങ് കോംപ്ളക്സ്. ഓങ്ങല്ലൂരില്‍ ഉല്പന്നങ്ങള്‍ സംഭരിക്കുന്നതിനും, വിപണനം നടത്തുന്നതിനുമായി മാര്‍ക്കറ്റുകള്‍ ഇല്ലാത്തത് ഒരപര്യാപതയാണ്. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ ആദ്യവിദ്യാലയം ജി.എച്ച്.എസ്.വാടനാംകുറുശ്ശിയാണ്. ഈ വിദ്യാലയം ഉള്‍പ്പെടെ സര്‍ക്കാര്‍ -സര്‍ക്കാരേതര 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നീ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. എ.എം.യു.പി.സ്കൂള്‍ കാരക്കാട്, അല്‍-ഹുദാ ഇംഗ്ളീഷ്മീഡിയം സ്കൂള്‍ ഓങ്ങല്ലൂര്‍, മോണിംങ്ങ് സ്റ്റാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എ.എല്‍.പിസ്കൂള്‍  മരുതൂര്‍, എ.എം.എല്‍.പി.എസ്.പാറപ്പുറം, ജി.എച്ച്.എസ്.വാടാനാംകുറുശ്ശി, ജി.എല്‍.പി.എസ.കള്ളാടിപാറ്റ, എല്‍.പി.എസ്.മരുതൂര്‍, എ.എല്‍.പി.എസ്.മുലൂര്‍ക്കര,  എ.എല്‍.പി.എസ്.കുണ്ടൂര്‍ക്കര, എല്‍.പി.എസ്. പോക്കുപടി എന്നിവയാണ് പഞ്ചായത്തിലെ വിദ്യാലയങ്ങള്‍. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനം  ശ്രീനാരായണ എഞ്ചിനീയറിംങ്ങ് കമ്പനിയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഷൊര്‍ണൂര്‍ കോ-ഓ‍പ്പറേറ്റീവ് സര്‍വ്വീസ് ബാങ്ക്, പട്ടാമ്പി കോ-ഓ‍പ്പറേറ്റീവ്  സര്‍വ്വീസ് ബാങ്ക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പണമിടപാട് സ്ഥാപനങ്ങള്‍. മരുതൂര്‍, വാടാനംകുര്‍ശ്ശി എന്നിവിടങ്ങളില്‍ വില്ലേജ് ഓഫീസുകള്‍, ഓങ്ങല്ലൂരില്‍ ഒരു കൃഷിഭവന്‍, മരുതൂര്‍, കള്ളാടിപ്പറ്റ, വാടാനംകുര്‍ശ്ശി, കൊണ്ടൂര്‍ക്കര എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. വിവാഹത്തിനും മറ്റും ആവശ്യങ്ങള്‍ക്കുമായി പഞ്ചായത്തിനുള്ളില്‍ തന്നെ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളും, മൂന്ന് കല്യാണ മണ്ഡപങ്ങളും ഉണ്ട്. സര്‍ക്കാര്‍-സാര്‍ക്കാരേതര 12 വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പാലക്കാട്-ഗുരുവായൂര്‍  സംസ്ഥാന പാത ഓങ്ങല്ലൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പട്ടാമ്പി-ചെര്‍പ്പുള്ളശ്ശേരി റോഡ് പഞ്ചായത്തില്‍ കൂടെ കടന്നുപോകുന്ന പ്രധാന റോഡാണ്. വ്യോമഗതാഗതത്തിനായി ഇവിടുത്തെ ജനങ്ങള്‍ ആശ്രയിക്കുന്നത് അടുത്തുള്ള കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. പഞ്ചായത്തിനികത്ത് തന്നെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഉള്ളത് റെയില്‍ഗതാഗതം സുഗമമാക്കുന്നു. കാരക്കാട്,വാടാനാംകുര്‍ശ്ശി എന്നിവിടങ്ങളിലാണ് റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഓങ്ങല്ലൂരിന് ഏറ്റവും അടുത്തുള്ള തുറമുഖം കൊച്ചി തുറമുഖമാണ്. പഞ്ചായത്തിന് തൊട്ടടുത്തുള്ള പ്രധാന ബസ് സ്റ്റാന്റ് പട്ടാമ്പി ബസ് സ്റ്റാന്റാണ്. പഞ്ചായത്തിനടുത്തുള്ള മലമ്പുഴയാണ് പ്രധാന ജലഗതാഗതകേന്ദ്രം. മതസഹിഷ്ണുതയുടെ പ്രതീകമായി 13 ക്ഷേത്രങ്ങളും, 8 മുസ്ളീം പള്ളികളും പഞ്ചായത്തിലുണ്ട്. ചോറൂട്ടൂര്‍കാവ്, വൈരീലികാവ് എന്നിവിടങ്ങളിലെ പൂരം ജനങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. കഥകളി കലാകാരനായിരുന്ന കാട്ടാളത്തുഗോപാലന്‍നായര്‍, കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ യശസ്സുയര്‍ത്തിവരാണ്. പ്രശസ്ത സാഹിത്യകാരന്‍ കൊട്ടി രാവുണ്ണി മേനോന്‍ ഈ പഞ്ചായത്തിലുള്ള വ്യക്തിയാണ്. ഈ പഞ്ചായത്തില്‍ ഇന്നും നിലനില്‍ക്കുന്ന കലാരൂപമാണ് ചവിട്ടുകളി. സാംസ്കാരികപൈതൃകം നിലനിര്‍ത്താന്‍ ഇവിടുത്തെ ഗ്രന്ഥശാലകളും കലാ-സാംസ്കാരിക സ്ഥാപനങ്ങളും അശ്രാന്തമായി പരിശ്രമിക്കുന്നു. പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന സേവന ആശുപത്രിയാണ് അലോപ്പതി ചികിത്സാരംഗത്തുള്ള ഏകസ്ഥാപനം. ഓങ്ങല്ലൂരിലുള്ള ആരോഗ്യകേന്ദ്രവും അതിന്റെ 6 ഉപകേന്ദ്രങ്ങളും ജനങ്ങള്‍ക്ക്  ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നു. സേവന ആശുപത്രിയുടെയും, പട്ടാമ്പി ഗവ.ആശുപത്രിയുടേയും ആംബുലന്‍സ് സൌകര്യം ഈ പഞ്ചായത്തിന് ലഭിക്കുന്നുണ്ട്.