ഓമല്ലൂര്‍

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ ബ്ളോക്കിലാണ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 14.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ 14 വാര്‍ഡുകളുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനംതിട്ട മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് വള്ളിക്കോട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തുമാണ്. പത്തനംതിട്ട ജില്ലാ കേന്ദ്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഓമല്ലൂര്‍. അച്ചന്‍കോവിലാറിന്റെ വടക്കേ തീരത്ത് മനോഹരങ്ങളായ കുന്നുകളും, വിശാലമായ നെല്‍പ്പാടങ്ങളും, ഫലഭൂയിഷ്ഠമായ സമതലപ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ഗ്രാമം. വിശാലമായ നെല്‍വയലുകള്‍ ഉള്ളതിനാല്‍ ഓമനനെല്ലൂര് എന്നു വിളിക്കപ്പെട്ട ഈ ഗ്രാമം പല്‍ക്കാലത്ത് ഓമല്ലൂരായി മാറി എന്നാണ് പ്രബലമായ ഒരു സ്ഥലനാമഐതിഹ്യം. മനോഹരമായ പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഓമല്‍ ഊര് എന്നു വിളിക്കപ്പെട്ടതാണ് പിന്നീട് ഓമല്ലൂരായതെന്നു മറ്റൊരു അഭിപ്രായവുമുണ്ട്. 1941-ലാണ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. ഈ പഞ്ചായത്തിന്റെ തെക്കും, തെക്കുകിഴക്കും, തെക്കുപടിഞ്ഞാറും ഭാഗങ്ങളെ ചുറ്റി അച്ചന്‍കോവിലാറ് ഒഴുകുന്നു. ഭൂരിപക്ഷമാളുകളും കാര്‍ഷിക വൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഫലഭൂയിഷ്ഠമായ ഭൂപ്രദേശമാണ് ഇവിടെയുള്ളത്. പത്തംതിട്ട ജില്ലയിലെ ഏറ്റവും വലിയ പൊതുമാര്‍ക്കറ്റുകളില്‍ ഒന്നാണ് ഓമല്ലൂര്‍ മാര്‍ക്കറ്റ്. പൌരാണിക കാലം മുതല്‍ വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന വയല്‍ വാണിഭം ഈ മാര്‍ക്കറ്റിന്റെ നിലനില്‍പിനും, ഈ ഗ്രാമത്തിന്റെ വളര്‍ച്ചയിലും മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.