ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ഇവിടെ മനുഷ്യവാസം തുടങ്ങിയിട്ട് ആയിരത്തില്‍പ്പരം വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. മധ്യതിരുവിതാംകൂര്‍ പ്രദേശം ചെറിയ നാട്ടുരാജ്യങ്ങളായി തിരിച്ച് രാജാക്കന്മാര്‍ ഭരണം നടത്തിയിരുന്ന കാലത്ത് അവയില്‍ പ്രധാനപ്പെട്ടവയായിരുന്നു കായംകുളം, പന്തളം, ചെമ്പകശ്ശേരി, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍. പന്തളം മുതല്‍ കിഴക്കോട്ടുള്ള പ്രദേശങ്ങള്‍ പന്തളംരാജാവിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. പന്തളം രാജാവിന്റെ കീഴില്‍ സാമന്തന്മാരായി പ്രവര്‍ത്തിച്ചിരുന്ന തമ്പുരാക്കന്മാരെന്നു വിളിക്കപ്പെട്ട ഒരു കൂട്ടരായിരുന്നു ഓമല്ലൂരിന്റെ ആധിപത്യവും ഭരണക്രമവും കൈയ്യാളിയിരുന്നത്. ഇവരുടെ ആസ്ഥാനത്തിന് കോയിക്കല്‍ എന്നാണ് പേര്. ഈ ഗ്രാമത്തിലെ ഭൂമിയാകെത്തന്നെ കോയിക്കലുകാരുടെ നിയന്ത്രണത്തിലും അധീനതയിലും ആയിരുന്നു. എ.ഡി. 1740-50 കാലയളവില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊല്ലം മുതല്‍ വടക്കോട്ട് കൊച്ചിരാജ്യത്തിന് തെക്കുവരെയുള്ള നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കി തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ചു. അക്കൂട്ടത്തില്‍ പന്തളംരാജ്യവും അതിന്റെ ഭാഗമായ ഓമല്ലൂരും ഉള്‍പ്പെടുന്നു. ചരിത്രപ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍വാണിഭം പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ ഏറ്റവും വലിയ കാര്‍ഷിക-വ്യാപാരമേളയായിരുന്നു. ഇതിന്റെ ആരംഭം എന്നായിരുന്നുവെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിവച്ച ഈ മേളയെപ്പറ്റി പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. തെക്കന്‍ തിരുവിതാംകൂറിലെ വെളിനല്ലൂര്‍ വയല്‍വാണിഭസ്ഥലത്തു നിന്നും ഒരു കാളക്കൂറ്റന്‍ ഹാലിളകി വടക്കോട്ടോടി ഓമല്ലൂര്‍ വയലില്‍ എത്തിയെന്നും ഇവിടെയുള്ള ഒരു കര്‍ഷകകാരണവര്‍ ആ കാളക്കൂറ്റനെ വയലിന്റെ മധ്യത്തില്‍ ഒരു പാലക്കുറ്റിയില്‍ ബന്ധിച്ചെന്നുമാണ് കഥ. ഈ പാലക്കുറ്റി കിളിച്ചുവളര്‍ന്ന് ഒരു പാലമരമായി. വയല്‍വാണിഭത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തിക്കൊണ്ട് ഒരു സ്മാരകമെന്നവണ്ണം ഓമല്ലൂര്‍ വയലില്‍ ഈ പാല ഇന്നും നിലനില്‍ക്കുന്നു. ഈ സംഭവത്തെ ആസ്പദമാക്കി എല്ലാവര്‍ഷവും മീനമാസം ഒന്നാം തീയതി മുതല്‍ വയല്‍വാണിഭം കൊണ്ടാടിവരുന്നു. ആദ്യകാലങ്ങളില്‍ ഒരാഴ്ചയിലധികം നീണ്ടുനിന്നിരുന്ന കാളവാണിഭവും ഒരു മാസക്കാലത്തെ മറ്റിനങ്ങളുടെ വ്യപാരമേളയും നടന്നുവന്നിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും കന്നുകാലികളുമായി കര്‍ഷകര്‍ വ്യാപാരത്തിന് എത്തിച്ചേര്‍ന്നിരുന്നു. വാണിഭം പ്രമാണിച്ച് ആദ്യകാലത്ത് ചെങ്ങന്നൂരില്‍ നിന്നും, പിന്നീട് പത്തനംതിട്ടയില്‍ നിന്നും തഹസില്‍ മജിസ്ട്രേറ്റ് കോടതി ഓമല്ലൂരില്‍ സ്പെഷ്യല്‍ സിറ്റിംഗ് നടത്തി കേസുകള്‍ കേട്ട് തീര്‍പ്പുകല്‍പിച്ചിരുന്നു. ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രവും, താഴൂര്‍ ഭഗവതിക്ഷേത്രവും ഉള്‍പ്പെടെ പുരാതനമായ നിരവധിക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. 800-ലധികം വര്‍ഷം പഴക്കമുള്ള ഓമല്ലൂര്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഒന്‍പതു ദിവസവും ആറാട്ടെഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലില്‍ തീര്‍ത്ത നാഗസ്വരവും, ചേങ്ങലയും പ്രസിദ്ധമായ പുരാവസ്തുക്കളാണ്. ഓമല്ലൂര്‍ വലിയപള്ളിക്ക് 400 വര്‍ഷത്തിലധികം പഴക്കമുണ്ട്. മഞ്ഞിനിക്കരയിലെ പറയകുന്നില്‍ പള്ളി പണിയുന്നതിന് തടസ്സം ഉണ്ടായപ്പോള്‍ പന്തളം രാജാവിന്റെ അനുവാദത്തോടെ ഓമല്ലൂര്‍ ക്ഷേത്രത്തിന് അര കിലോമീറ്റര്‍ പടിഞ്ഞാറ് കോയിക്കല്‍ വക പുരയിടത്തില്‍ പള്ളി പണി കഴിപ്പിക്കുകയാണുണ്ടായത്. 1909-ല്‍ ഓമല്ലൂരില്‍ ഒരു സ്കൂള്‍ അനുവദിച്ചപ്പോള്‍ (ഇന്നത്തെ ഗവ.ഹൈസ്കൂള്‍) അത് താല്‍ക്കാലികമായി ഈ പള്ളിയുടെ കെട്ടിടത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഓമല്ലൂര്‍ ഗ്രാമത്തിലെ പ്രസിദ്ധമായ മറ്റൊരു പള്ളിയാണ് മഞ്ഞിനിക്കരപള്ളി. എല്ലാവര്‍ഷവും ഫെബ്രുവരി 13-ന്(കുംഭം ഒന്ന്) കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ കാല്‍നടയായി ഈ പള്ളിയില്‍ തീര്‍ത്ഥാടനം നടത്തിവരുന്നു. 1110-ല്‍ ഓമല്ലൂര്‍ ആല്‍ത്തറ മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഹരിജന്‍നേതാവായ പി.സി.ആദിച്ചനും ബ്രാഹ്ണവിഭാഗത്തില്‍പ്പെട്ട പ്രമുഖ വ്യക്തികളും പ്രസംഗിക്കുകയുണ്ടായി. രാഷ്ട്രപിതാവയ മഹാത്മാഗാന്ധിക്ക് 1937-ല്‍ ഓമല്ലൂരില്‍ ഗംഭീരസ്വീകരണം നല്‍കുകയുണ്ടായി. ദേശീയനേതാക്കളായ വിനോബാഭാവേ, ജയപ്രകാശ് നാരായണന്‍ എന്നിവര്‍ക്കും ഓമല്ലൂര്‍ നിവാസികള്‍ സ്വീകരണം നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്ന ചന്ത്രക്കാരില്‍ ഒരാള്‍ ക്രിസ്ത്യന്‍ കുടുംബമായ വടക്കേടത്ത് വീട്ടിലെ അംഗമായിരുന്നു. 1930-ല്‍ ആരംഭിച്ച് എല്ലാവര്‍ഷവും കൊണ്ടാടിവരുന്ന ഓമല്ലൂരിലെ സംയുക്തക്രിസ്തുമസ് ആഘോഷം പൊതുസ്ഥലത്തു നടക്കുന്ന, മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ക്രിസ്തുമസ് പരിപാടികളിലൊന്നാണ്. യാക്കോബായ സഭയുടെ പരമോന്നതനായിരുന്ന മൊറാന്‍ മാര്‍ ഏലിയാസ് തൃതിയന്‍  പാത്രിയാര്‍ക്കീസ് ബാവ സിറിയയിലെ അന്ത്യോക്യായില്‍ നിന്നു തിരുവിതാംകൂറില്‍ എത്തി പര്യടനം നടത്തിവരവെ 1932-ല്‍ മഞ്ഞിനിക്കര പള്ളിയില്‍ വച്ച് നിര്യാതനായപ്പോള്‍ മൃതദേഹം കൊണ്ടുപോകാതെ ഇവിടെത്തന്നെ കബറടക്കണമെന്ന് താല്‍പര്യപ്പെടുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തത് ഹിന്ദുക്കളും കൂടിയായിരുന്നു. ഓമല്ലൂര്‍ ഗ്രാമത്തില്‍ എക്കാലവും മതസൌഹാര്‍ദ്ദം നിലനിന്നതിന്റെ തെളിവാണിത്. സംസ്കൃത വിദ്യാഭ്യാസത്തിന് പേരുകേട്ട സ്ഥലമാണ് ഓമല്ലൂര്‍. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട സംസ്കൃതസ്കൂളായിരുന്നു ആര്യഭാരതി വിദ്യാപീഠം. വിദൂരസ്ഥലങ്ങളില്‍ നിന്നും സംസ്കൃതപഠനത്തിന് ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ആര്യഭാരതി വിദ്യാപീഠം പില്‍ക്കാലത്ത് മലയാളം മീഡിയം ഹൈസ്കൂളായി മാറുകയുണ്ടായി. വാസ്തുശില്പകലയില്‍ പ്രാവീണ്യം നേടിയ ഒരു സംഘമാളുകള്‍ ഓമല്ലൂരില്‍ ജീവിച്ചിരുന്നു. ഓമല്ലൂര്‍ ക്ഷേത്രത്തിലെ കരിങ്കല്ലുനാഗസ്വരം, ചേങ്ങല തുടങ്ങിയവ ഇവരുടെ കരവിരുതിന്റെ തെളിവുകളാണ്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍രാജ്യം സ്ഥാപിച്ചതിനുശേഷമാണ് ഈ പ്രദേശത്ത് സിവില്‍ഭരണക്രമം നടപ്പിലായത്. പത്തനംതിട്ട താലൂക്ക് നിലവില്‍ വരുന്നതിനുമുമ്പ് ദീര്‍ഘകാലം ഓമല്ലൂര്‍പ്രദേശം ചെങ്ങന്നൂര്‍ മണ്ഡപത്തുംവാതുക്കലിന്റെ (താലൂക്കും, ട്രഷറിയും ചേര്‍ന്ന ഓഫീസ്) കീഴില്‍ ആയിരുന്നു. തിരുവിതാംകൂര്‍ അസംബ്ളിയിലും, തിരു-കൊച്ചി അസംബ്ളിയിലും ഓമല്ലൂര്‍ നിയോജകണ്ഡലം നിലവിലുണ്ടായിരുന്നു. ഇന്നത്തെ പത്തനംതിട്ട അസംബ്ളി മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഓമല്ലൂര്‍ നിയോജകമണ്ഡലം. പിന്നീട് 1957-ലാണ് പത്തനംതിട്ട അസംബ്ളിമണ്ഡലം രൂപംകൊണ്ടത്. പഞ്ചായത്തുഭരണം ഓമല്ലൂരില്‍ നിലവില്‍ വന്നത് 1941-ല്‍ ആണ്. തിരു-കൊച്ചി സംസ്ഥാനത്തു നടന്ന ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ (1953 ആഗസ്റ്റ്) ഓമല്ലൂര്‍ പഞ്ചായത്തില്‍ മഞ്ഞിനിക്കര വെളിയത്തുമുറി കോയിക്കല്‍ വീരകേരളവര്‍മ്മരാജാ പ്രസിഡന്റായി ഒരു കമ്മിറ്റി നിലവില്‍ വന്നു. കേരളസംസ്ഥാനം രൂപം കൊണ്ടതിനുശേഷം 1963-ല്‍ നടന്ന പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ഓമല്ലൂര്‍ പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള കമ്മിറ്റി നിലവില്‍ വന്നു. ടി.എന്‍.പാപ്പിയായിരുന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.