ഒളവണ്ണ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് ബ്ളോക്കില്‍ ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. 23.43 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് പെരുമണ്ണ, വാഴയൂര്‍ (മലപ്പുറം) ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് കോഴിക്കോട് കോര്‍പ്പറേഷന്‍, തെക്ക് ചെറുവണ്ണൂര്‍ നല്ലളം, രാമനാട്ടുകര ഗ്രാമപഞ്ചായത്തുകള്‍, വടക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ കിഴക്കുമാറി കോഴിക്കോട് കോര്‍പ്പറേഷനുമായി  തൊട്ടു കിടക്കുന്ന പ്രകൃതി മനോഹരമായ ഒരു ഗ്രാമമാണ് ഒളവണ്ണ. ഇരിങ്ങല്ലൂര്‍ വില്ലേജ് മാത്രം ഉള്‍പ്പെട്ടുകൊണ്ട് 1954-1955-ല്‍ ഇരിങ്ങല്ലൂര്‍ പഞ്ചായത്ത് രൂപം കൊണ്ടു. നാരാട്ട് ദാമോദരക്കുറുപ്പ് ആയിരുന്നു ഇരിങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്. കൈപൊക്കി വോട്ട് ചെയ്താണ് തെരഞ്ഞെടുപ്പ് നടന്നത്. വര്‍ഷത്തില്‍ രണ്ടായിരം രൂപ മാത്രമായിരുന്നു പഞ്ചായത്തിന്റെ വരുമാനം. ജനസഹകരണത്തോടെ പെരിങ്കൊല്ലന്‍ തോട് ചീര്‍പ്പ്, മാത്തറ-പാലാഴി നടപ്പാത നിര്‍മ്മാണം എന്നിവയായിരുന്നു മുഖ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഒളവണ്ണ, കൊടല്‍ പ്രദേശങ്ങള്‍ രണ്ട് വില്ലേജുകള്‍ മാത്രമായിരുന്നു. ഇരിങ്ങല്ലൂര്‍ പഞ്ചായത്തും, ഒളവണ്ണ, കൊടല്‍ വില്ലേജുകളും കൂട്ടിച്ചേര്‍ത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ല്‍ രൂപം കൊണ്ടു. ഒളവണ്ണ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം.കെ. കണ്ടക്കുട്ടിയായിരുന്നു. 1995 ഓക്ടോബര്‍ 2-ന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒളവണ്ണ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടു. കോഴിക്കോട് നഗരത്തിനോട് ചേര്‍ന്നുകിടക്കുന്ന ഒളവണ്ണ, പന്തീരാങ്കാവ് റവന്യൂ വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഒരു കാലത്ത് പൂര്‍ണ്ണ കാര്‍ഷികമേഖലയായിരുന്നു. തെക്കുഭാഗം 5.5 കിലോമീറ്റര്‍ ചാലിയാറും തെക്കു പടിഞ്ഞാറ് 6.5 കിലോമീറ്റര്‍ ചെറുപുഴയും വടക്കും, വടക്കുപടിഞ്ഞാറുഭാഗവും കോഴിക്കോട് കോര്‍പ്പറേഷനും, കിഴക്ക് പെരുവയല്‍ പഞ്ചായത്തും ഉള്‍ക്കൊള്ളുന്നതാണ് പഞ്ചായത്തിന്റെ അതിരുകള്‍. പെരുവയല്‍ പഞ്ചായത്തില്‍ കൂടി ഒഴുകിവരുന്ന മാമ്പുഴ, പഞ്ചായത്തിനെ നെടുകെ മുറിച്ചുകൊണ്ട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തിലൂടെ 6.5 കലോമീറ്റര്‍ ഒഴുകി കല്ലായി പുഴയുമായി ചേരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും കുറഞ്ഞഉയരം 2.5 മീറ്ററും ഏറ്റവും കൂടിയ ഉയരം 49 മീറ്ററും ആകുന്നു. ഏറ്റവും ഉയരം കൂടിയ പാലകുറുമ്പ കുന്നടക്കം 32 കുന്നുകള്‍ പഞ്ചായത്തിലുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനായി വളരാന്‍ സാധ്യതയുള്ള പ്രകൃതിരമണീയമായ ഇരങ്ങല്ലൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പലയിനം ഔഷധച്ചെടികളടക്കം 4000-ത്തില്‍ പരം സസ്യഇനങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ചുവരുന്നു. സസ്യശാസ്ത്ര സംബന്ധമായ ഗവേഷണനിരീക്ഷണങ്ങളും ഇവിടെ നടത്തിവരുന്നുണ്ട്. പന്തീരാങ്കാവിനടുത്ത് തൊണ്ടശ്ശേരി കാവിനോടനുബന്ധിച്ച് (തെണ്ടേരികാവ്) അഞ്ച് ഏക്കറോളം വരുന്ന ഔഷധ സസ്യങ്ങളടക്കമുള്ള ഒരു വനഭൂമിയും ഈ പഞ്ചായത്തിലുണ്ട്. രുദ്രാക്ഷം, ദേവദാരു, പശുവ തുടങ്ങിയ അപൂര്‍വ്വ സസ്യങ്ങളും ഇവിടെ കാണാം. ചാലിയാറില്‍ മണക്കടവ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 12.8 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പെരുവന്‍ തുരുത്തും മുക്കത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 3.5 ഏക്കറും 0.58 ഏക്കര്‍ വിസ്തീര്‍ണ്ണമുളള രണ്ടു തുരുത്തുകളും 96.64 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കാക്കാതുരുത്തിയും പഞ്ചായത്തിന്റെ നാളികേര ഉല്‍പാദന മേഖലയില്‍ ഗണ്യമായ പങ്കുവഹിക്കുന്നു. ഒരുകാലത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമച്വര്‍ നാടകങ്ങള്‍ സജീവമായിരുന്നു. ഒരു പാട് നാടന്‍ കലകളുടെ ഈറ്റില്ലമായിരുന്നു ഗ്രാമപഞ്ചായത്ത്. തിറ, തെയ്യം, കോല്‍ക്കളി, കളംപാട്ട്, ദഫ്മുട്ട്, തായം, ഏറ് എന്നിവ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി നടന്നുവരാറുണ്ട്.