ഓച്ചിറ

ചുറ്റമ്പലമോ ശ്രീകോവിലോ ഇല്ലാത്ത പ്രസിദ്ധമായ പരബ്രഹ്മ മൂര്‍ത്തി ക്ഷേത്രമാണ് ഓച്ചിറയെപറ്റി കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓര്‍മ്മ വരിക. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ ബ്ളോക്കു പരിധിയില്‍ ഉള്‍പ്പെടുന്ന ഓച്ചിറ ഗ്രാമപഞ്ചായത്ത് കൊല്ലത്തുനിന്നും വടക്കുമാറി 28 കിലോമീറ്ററിനും 32 കിലോമീറ്ററിനും മധ്യേ 47-ാം നമ്പര്‍ ദേശീയപാതയുടെ കിഴക്കും, പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയുടേയും ആലപ്പുഴ ജില്ലയുടേയും അതിര്‍ത്തിയില്‍ വരുന്ന ഈ പ്രദേശം 12.86 സ്ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. അക്ഷാംശം 9 ഡിഗ്രി 48 മിനിറ്റ് വടക്കും രേഖാംശം 76 ഡിഗ്രി 19 മിനിറ്റ് കിഴക്കുമായിട്ടാണ് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിനുള്ളില്‍ വരുന്നതും ഓച്ചിറ വില്ലേജുള്‍പ്പെടുന്ന പ്രദേശവുമാണ് ഓച്ചിറ ഗ്രാമപഞ്ചായത്ത്. വടക്ക് കൃഷ്ണപുരം പഞ്ചായത്തും, കിഴക്ക് വള്ളികുന്നം പഞ്ചായത്തും, പടിഞ്ഞാറ് ക്ളാപ്പന, ദേവികുളങ്ങര പഞ്ചായത്തുകളും, തെക്ക് കുലശേഖരപുരം, തഴവാ പഞ്ചായത്തുകളുമാണ് ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍. 1953-ലാണ് ഓച്ചിറ പഞ്ചായത്ത് നിലവില്‍ വരുന്നത്. ഓച്ചിറ എന്നു കേള്‍ക്കുമ്പോള്‍ ഏതൊരാളിന്റെയും മനസ്സില്‍ തെളിഞ്ഞുവരുന്നത് ഇവിടുത്തെ പ്രശസ്തമായ പരബ്രഹ്മ മൂര്‍ത്തി ക്ഷേത്രമാണ്. ചുറ്റമ്പലമോ ശ്രീകോവിലോ ബലിക്കല്ലോ ഇല്ലാത്ത ഇവിടെ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനക്കായെത്തുന്നുണ്ട് എന്നതു മാത്രമല്ല ഈ പ്രശസ്തിക്കു കാരണം. ക്ഷേത്രപ്രവേശന വിളംബരത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ജാതിഭേദമോ സ്ത്രീപുരുഷഭേദമോ കൂടാതെ എല്ലാവര്‍ക്കും പ്രവേശിച്ച് ആരാധന നടത്താന്‍ കഴിഞ്ഞിരുന്നത് ഓച്ചിറയില്‍ മാത്രമാണെന്ന പ്രത്യേകതയും ഈ പ്രശസ്തിക്കു കാരണമാണ്. ആയോധന കലയുടെ മുഴുവന്‍ കരുത്തും സൌന്ദര്യവും സമന്വയിപ്പിച്ച് ആണ്ടോടാണ്ട് നടത്തിവരുന്ന ഓച്ചിറക്കളിയും ഏതോ പുരാതന പാരമ്പര്യത്തിന്റെ ഓര്‍മ്മ പുതുക്കലായാണ് ഗണിക്കപ്പെടുന്നത്. നിരവധി ഐതിഹ്യങ്ങള്‍ ഇതുസംബന്ധിച്ച് പ്രചാരത്തിലുണ്ടെങ്കിലും തിരുവിതാംകൂറിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പടനിലത്തു നടന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി.