ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

ദക്ഷിണഭാരതത്തിലെ മറ്റു സാംസ്ക്കാരികകേന്ദ്രങ്ങള്‍ ശതാബ്ദങ്ങളുടെ കഥ പറയുമ്പോള്‍ നിരണത്തിനു സഹസ്രാബ്ദങ്ങളുടെ കഥ പറയുവാനുണ്ട്. ഇതിഹാസങ്ങളുടെയും പഴഞ്ചാല്ലുകളുടെയും പൌരാണികഏടുകളില്‍ നിന്നും നിരണത്തിന്റെ സാംസ്കാരികചരിത്രം അന്വേഷിച്ചുകണ്ടെത്തുവാന്‍ ഇനിയും ബാക്കിനില്‍ക്കുന്നു. പുരാതനമായ ഇരുപത്തെട്ടോളം ഹൈന്ദവക്ഷേത്രങ്ങളും ഇരുപതോളം ക്രൈസ്തവദേവാലയങ്ങളും രണ്ടു മുസ്ളീംപള്ളികളും ഈ മണ്ണിലുണ്ട്. ഇടനാടിന്റെ സമുദ്രവിമുക്തിക്കുശേഷം സാവധാനം തീരപ്രദേശം തെളിഞ്ഞുവന്നപ്പോള്‍ ആദ്യം രൂപംകൊണ്ട ഒരു ഭൂപ്രദേശമാണ് നിരണം. കടല്‍വച്ച പ്രദേശങ്ങളിലെ ആദ്യജനപഥവും നിരണം തന്നെയാണ്. നിരണത്തിന്റെ പലഭാഗങ്ങളിലും സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ഇന്നും സമുദ്രാവശിഷ്ടങ്ങള്‍ കാണാം. നിരണം വലിയപള്ളിയുടെ സമീപത്തായി ഒരു ഭവനം പട്ടമുക്കില്‍ എന്ന പേരോടുകൂടി അറിയപ്പെടുന്നു. പരശുരാമനും ശിഷ്യഗണങ്ങളും അവിടെയാണു പര്‍ണ്ണശാല ഒരുക്കി വേദാധ്യയനം നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അന്നത്തെ ആ സ്ഥലത്തിന്റെ പേര്‍ ഭക്തഗിരി എന്നായിരുന്നുവത്രെ. ഉത്തരപശ്ചിമഭാരതത്തില്‍ ഹാരപ്പയിലും, മോഹന്‍ജോദാരോയിലും കണ്ടിരുന്ന പരിഷ്കൃതജനതയോളമോ, ദ്രാവിഡ സംസ്കാരത്തോളമോ ചരിത്രമുള്ള വികസിതഭൂപ്രദേശമായിരുന്നു നിരണവും. എ.ഡി.400 വരെ ബുദ്ധമതത്തിന്റെ സാന്നിധ്യവും ഇവിടെ നിലനിന്നിരുന്നു. നിരണത്തില്‍ വളരെ പണ്ടു മുതല്‍തന്നെ വിശാലമായ അഞ്ചു പാടശേഖരങ്ങള്‍ ഉണ്ടായിരുന്നു. ഒരുകാലത്ത് ഭൂസുരന്മാരുടെ വകയായിരുന്ന ഫലഭൂയിഷ്ഠമായ ഈ പാടശേഖരങ്ങള്‍ ഇന്നും നിരണത്തിന്റെ സമ്പല്‍സമൃദ്ധിയെ സ്വാധീനിക്കുന്നു. ഈ സമൃദ്ധമായ പാടശേഖരങ്ങളെ നനച്ചുകൊണ്ട് മനുഷ്യനിര്‍മ്മിതമായ ഒരു നദിയൊഴുകുന്നു. കൊലറയാര്‍ എന്ന ഈ നദിയുടെ പൌരാണികനാമം കോവിലറയാര്‍ എന്നാണ്. ഈ നദി പമ്പാനദിയില്‍ നിന്നാരംഭിച്ച് നിരണത്തെ നനച്ചുകൊണ്ട് ഗ്രാമത്തിന്റെ പശ്ചിമ തീരത്തുകൂടി പമ്പയില്‍ തന്നെ വിലയം പ്രാപിക്കുന്നു. അന്നും ഇന്നും നിരണത്തിന്റെ ജീവസ്രോതസ്സായിരുന്നു ഈ നദി. നിരണത്തിന്റെ പല ഭാഗങ്ങളിലായി ബ്രാഹ്മണജന്മിമാര്‍ സമ്പന്നതയുടെ പരമകാഷ്ഠയില്‍ നാടുവാണിരുന്നു. പുരാതനമായ വിദ്യാഭ്യാസപാരമ്പര്യം നിരണത്തിനുണ്ട്. തൃക്കപാലേശ്വര ക്ഷേത്രത്തിന് അല്‍പം വടക്കുമാറി രണ്ടുക്ഷേത്രങ്ങളും നഷ്ടപ്രതാപവുമായി ഒരു വിശാലമായ മൈതാനവും കാണാം. ചാലയില്‍ മൈതാനം എന്നാണ് ഇന്നത് അറിയപ്പെടുന്നത്.  നിരണം ശാലയില്‍ ദക്ഷിണഭാരതത്തിന്റെ സമസ്തമേഖലകളില്‍ നിന്നും വിപുലമായ വിദ്യാര്‍ത്ഥിസംഘങ്ങള്‍ എത്തി വിവിധ വിഷയങ്ങളില്‍ വിദ്യാഭ്യാസം നടത്തിയിരുന്നു. നിരണംശാലക്ക് പുറമേ പ്രസിദ്ധമായ രണ്ടു ലളിതകലാകേന്ദ്രങ്ങള്‍ കൂടി കോവിലറയാറിന്റെ തീരങ്ങളില്‍ ഉണ്ടായിരുന്നു. കപാലേശ്വരക്ഷേത്രത്തിനു തെക്കുപടിഞ്ഞാറായി കോവിലറയാറിന്റെ തീരത്തുള്ള കലാക്ഷേത്രമായിരുന്നു കൂത്തുതറപള്ളി. ഇന്നത് കൂത്തറപ്പളളി എന്നറിയപ്പെടുന്നു. ഇവിടെനിന്നും അല്‍പം തെക്കുപടിഞ്ഞാറായി കോവിലറയാറിന്റെ തീരത്തുതന്നെ മുന്നുറ്റിമംഗലം മഹാക്ഷേത്രത്തിനുതൊട്ട് പുരോഭാഗത്തായി കൂത്തുനടയില്‍ എന്നൊരു ഭവനമുണ്ട്. ഇതും ശതാബ്ദങ്ങള്‍ക്കുമുമ്പ് പ്രസിദ്ധമായ ലളിതകലാകേന്ദ്രമായിരുന്നു. ബി.സി.72-ല്‍ രചിച്ച ടോളമിയുടെ സഞ്ചാരരേഖകളില്‍ പുറക്കാട്ടുനിന്നും നിരണത്തേക്കുള്ള മാര്‍ഗ്ഗരേഖയുടെ വ്യക്തമായ സൂചനയുണ്ട്. നിരണത്തിന്റെ 2000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥ പറയുന്നത് പാശ്ചാത്യരായ ടോളമിയും, പ്ളീനിയും, പെരിക്ളിപ്പസും ആണ്. അവരുടെ സഞ്ചാരരേഖകളില്‍ സമ്പല്‍സമൃദ്ധമായ വാണിജ്യകേന്ദ്രമായിരുന്നു നിരണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പ്രാചീനഭാരതത്തിലെ അതിപ്രധാനമായ രണ്ടു അന്തര്‍ദ്ദേശീയ വ്യാപാരകേന്ദ്രങ്ങളായിരുന്നു മുസ്സരീസ്സും(കൊടുങ്ങല്ലൂരും), നെല്‍ക്കണ്ടിയും(നിരണം). നിരണത്തെ നിയാസണ്ടി എന്ന് പ്ളീനിയും, മേല്‍ക്കണ്ടി എന്ന് ടോളമിയും, നില്‍സണ്ടാ എന്ന് പ്ളൂട്ടന്‍ഗേറിയസ്ടേബിള്‍സിലും രേഖപ്പെടുത്തിയിരിക്കുന്നു. ഉണ്ണുനീലിസന്ദേശത്തില്‍ നിരണത്തിന്റെ വശ്യതയേയും സമ്പല്‍സമൃദ്ധിയേയും പറ്റി പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്തുദേവന്റെ ശിഷ്യനായ സെന്റ്തോമസ്സ് ഏതാണ്ട് എ.ഡി 52-ഓടെ ഇവിടെ എത്തിച്ചേര്‍ന്നു. നിരണം എന്ന സ്ഥലനാമത്തിന്റെ അര്‍ത്ഥം രണമില്ലാത്ത, യുദ്ധമില്ലാത്ത, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമിയെന്നാണ്. ഇസ്ളാം ഫക്കീറായിരുന്ന മാലിക് ദിനാര്‍ കപ്പല്‍മാര്‍ഗ്ഗം നിരണത്തെത്തിച്ചേര്‍ന്നിരുന്നു. നിരണംശാലയുടെ അല്‍പം വടക്കുമാറി ഒരു മുസ്ളീംപള്ളി സ്ഥാപിച്ചതും അദ്ദേഹമാണ്. ഒരു ഹൈന്ദവദേവാലയത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയം ഇന്നാട്ടുകാരുടെ ഉയര്‍ന്ന മതസൌഹാര്‍ദ്ദ-സഹിഷ്ണുതാബോധത്തിന്റെ പ്രാചീനചരിത്രത്തിലേക്ക് നീളുന്ന പാരമ്പര്യത്തെ സൂചിപ്പിക്കുന്നു. ഈ പള്ളിക്ക് 900 വര്‍ഷത്തെ പഴക്കമുള്ളതായി രേഖകള്‍ വ്യക്തമാക്കുന്നു. നിരണംകവികളെന്ന് അറിയപ്പെട്ടിരുന്ന കണ്ണശ്ശര്‍ അഥവാ കരുണാകരപണിക്കര്‍, കൂടാതെ ആ പരമ്പരയില്‍പെട്ട മാധവപണിക്കര്‍, ശങ്കരപണിക്കര്‍, അവരുടെ സഹോദരി ദേവകി എന്നീ കവിശ്രേഷ്ഠര്‍ ജീവിച്ചിരുന്ന പുണ്യഭൂമിയാണ് കപാലേശ്വരക്ഷേത്രത്തിന്റെ പടിഞ്ഞാറായി കാണുന്ന കണ്ണശ്ശന്‍പറമ്പ്.