പഞ്ചായത്തിലൂടെ

ആലപ്പുഴജില്ലയിലെ നിരണംതാലൂക്കില്‍ പുളിക്കീഴ് ബ്ളോക്കിലാണ് നിരണം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്ര, നിരണം എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് നിരണം. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 13.17 ചതുരശ്രകിലോമീറ്ററും വാര്‍ഡുകളുടെ എണ്ണം 13-മാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കടപ്ര, എടത്വാ, തലവടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കടപ്ര, വീയപുരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വീയപുരം, എടത്വാ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കടപ്ര പഞ്ചായത്തുമാണ്. നിരണത്തിന്റെ ഭൂപ്രകൃതി മറ്റു പടിഞ്ഞാറന്‍കുട്ടനാടന്‍ പ്രദേശവുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടുകിടക്കുന്നു. കുട്ടനാട്ടിലെ വളരെ താഴ്ന്ന പ്രദേശങ്ങളേക്കാള്‍ അല്‍പം കൂടി ഉയര്‍ന്ന ഭൂപ്രകൃതിയാണു നിരണത്തിന്റേത്. ഇതിനെ അപ്പര്‍ കുട്ടനാട് എന്നു വിളിക്കുന്നു. വര്‍ഷങ്ങളോളം നിരണം ആലപ്പുഴ ജില്ലയൂടെ ഭാഗമായിരുന്നു. ജില്ലകളുടെ പുനര്‍നിര്‍ണ്ണയം നടന്നപ്പോള്‍ ഈ പ്രദേശം പത്തനംതിട്ട ജില്ലയുടെ ഭാഗമായി. തിരുവല്ലാ താലൂക്കിന്റെ തെക്കുപടിഞ്ഞാറായി നിരണം സ്ഥിതി ചെയ്യുന്നു. തെക്കു പടിഞ്ഞാറായി പമ്പാനദിയും, നിരണത്തിന്റെ ഹൃദയഭാഗത്തുകൂടി പമ്പാനദിയില്‍ നിന്നും പുറപ്പെട്ട് പമ്പയില്‍തന്നെ ലയിക്കുന്ന കോവിലറയാറും ഒഴുകുന്നു. നിരണത്തിന്റെ നാലതിരുകളും ഉയര്‍ന്ന ജനസാന്ദ്രതയുള്ള ജനവാസകേന്ദ്രങ്ങളാണ്. നിരണത്ത് വിശാലമായ നാലു പാടശേഖരങ്ങള്‍ സ്ഥിതി ചെയ്യുന്നു. നാലു പാടശേഖരങ്ങളുടെയും മണ്ണിന്റെ സ്വഭാവം ഒന്നുതന്നെയാണ്. പണ്ടുകാലത്ത് കടല്‍ മൂടിക്കിടന്ന ഇടനാടിന്റെ സമുദ്രവിമുക്തിക്കുശേഷം സാവധാനം തീരപ്രദേശം ദൃശ്യമായിവന്നപ്പോള്‍ സമുദ്രത്തില്‍ നിന്നും ആദ്യം രൂപംകൊണ്ട ഭൂപ്രദേശങ്ങളിലൊന്നാണ് നിരണം. ഈ പ്രദേശത്തെ ആദ്യ ജനപഥവും നിരണം തന്നെയാണ്. നിരണത്തിന്റെ പല ഭാഗങ്ങളിലും സഹസ്രാബ്ദങ്ങള്‍ക്കുശേഷവും സമുദ്രാവശിഷ്ടങ്ങള്‍ കണ്ടുകിട്ടുന്നുണ്ട്. പാശ്ചാത്യരായ ടോളമിയും, പ്ളീനിയും, പെരിക്ളിപ്പസും അവരുടെ സഞ്ചാരരേഖകളില്‍ സമ്പല്‍സമൃദ്ധമായ വാണിജ്യകേന്ദ്രമായിരുന്നു നിരണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പ്രാചീനഭാരതത്തിലെ അതിപ്രധാനമായ രണ്ടു അന്തര്‍ദ്ദേശീയ വ്യാപാരകേന്ദ്രങ്ങളായിരുന്നു മുസ്സരീസ്സും(കൊടുങ്ങല്ലൂരും), നെല്‍ക്കണ്ടിയും(നിരണം). നിരണത്തെ നിയാസണ്ടി എന്ന് പ്ളീനിയും, മേല്‍ക്കണ്ടി എന്ന് ടോളമിയും, നില്‍സണ്ടാ എന്ന് പ്ളൂട്ടന്‍ഗേറിയസ്ടേബിള്‍സിലും രേഖപ്പെടുത്തിയിരിക്കുന്നു. ഉണ്ണുനീലി സന്ദേശത്തില്‍ നിരണത്തിന്റെ വശ്യതയേയും സമ്പല്‍സമൃദ്ധിയേയും പറ്റി പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ളീഹാ എ.ഡി 52-ഓടെ നിരണത്തും എത്തിച്ചേര്‍ന്നതായി ചരിത്രം പറയുന്നു. നിരണം എന്ന സ്ഥലനാമത്തിന്റെ അര്‍ത്ഥം രണമില്ലാത്ത, യുദ്ധമില്ലാത്ത, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമി എന്നാണ്.