സാമൂഹ്യ ചരിത്രം
ഇന്ന് നീലേശ്വരം ബ്ളോക്കിലുള്പ്പെടുന്ന ഗ്രാമപ്രദേശങ്ങള്‍, പണ്ടുകാലത്ത് നീലേശ്വരം രാജവംശത്തിന്റെ അധീനതയിലായിരുന്നു. പുരാതനകാലം മുതല്‍ തന്നെ കൃത്യമായി പറഞ്ഞാല്‍, ഏ.ഡി 1293-നു മുമ്പുതന്നെ വിദേശരാജ്യങ്ങളുമായി നീലേശ്വരത്തിന് വാണിജ്യബന്ധങ്ങള്‍ നിലനിന്നിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നീലേശ്വരത്തിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ നിന്നും ശേഖരിക്കുന്ന മലഞ്ചരക്ക്, കാര്യങ്കോട് പുഴ വഴി കോട്ടപ്പുറത്ത് എത്തിച്ച്, അവിടെ നിന്നായിരുന്നു ഡച്ചുകാര്‍ അവ കയറ്റി അയച്ചിരുന്നത്. വ്യാപാരാവശ്യത്തിനായി അവര്‍ നിര്‍മ്മിച്ച കാവല്കേന്ദ്രങ്ങള് ചരിത്രസ്മാരകങ്ങളായി ഇന്നും നിലനില്ക്കുന്നു. ചെറുവത്തൂരിനടുത്ത വീരമല കുന്നിലും കയ്യൂരിലെ ചൂട്ടേന്പാറയിലും കിണാനൂര്‍ കുന്നിലെ കയനിമൂലയിലും മറ്റും അവര്‍ നിര്‍മ്മിച്ച കാവല്‍ കേന്ദ്രങ്ങളെ കുറിച്ച് ചരിത്രരേഖകളിലും കാണാം. കാട്ടാനകളും വന്യമൃഗങ്ങളും യഥേഷ്ടം വിഹരിച്ചിരുന്ന ഇവിടുത്തെ മലയോരമേഖലകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗിരിവര്‍ഗ്ഗക്കാരും അത്യാവശ്യം ജന്മികളും മാത്രമേ താമസിച്ചിരുന്നുള്ളൂ. കഠിനാധ്വാനികളായ ആദിവാസികള്‍ കാട്ടുമൃഗങ്ങളോടും ഒപ്പം മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളോടും മല്ലടിച്ചുകൊണ്ടാണ് ജീവിച്ചിരുന്നത്. കാലാകാലങ്ങളില്‍ കാടുവെട്ടിത്തളിച്ച് പുനം കൃഷി ചെയ്യുകയായിരുന്നു ഇവരുടെ മുഖ്യ തൊഴില്‍. അതോടൊപ്പം തുവര, ചാമ, മുത്താറി, തിന, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയും വ്യാപകമായി കൃഷി ചെയ്തിരുന്നു. നീലേശ്വരം കോവിലകം, ചെറുവത്തൂര്‍ ദേവസ്വം, താഴക്കാട്ടുമന, ഏച്ചിക്കാനം, കോടോത്ത് തുടങ്ങിയ ജന്മികുടുംബങ്ങളും ദേവസ്വങ്ങളുമായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. ഈ മേഖലയില്‍ കാലക്രമേണ കുരുമുളകു കൃഷി വ്യാപകമായി തീര്‍ന്നു. ഇവിടെ ഉല്പാദിപ്പിച്ചിരുന്ന കുരുമുളക്, വയനാടന്‍ മുളകിനോട് കിടപിടിക്കുന്നതും, വിദേശവിപണിയില്‍ പ്രിയമേറിയതുമായിരുന്നു. എന്നാല്‍ വിസ്തൃതിയേറിയ കുരുമുളകു തോട്ടങ്ങളുണ്ടായിരുന്ന ഈ കുന്നിന് പ്രദേശങ്ങള്‍ ഇന്ന്, കുരുമുളകുകൃഷി തന്നെ അന്യം നിന്നുപോകുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കാലചക്രത്തിന്റെ അവിരാമമായ തിരച്ചിലില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ച പ്രദേശമാണിത്. മധ്യതിരുവിതാംകൂറില്‍ നിന്നും മറ്റുമുള്ള കുടിയേറ്റക്കാരുടെ വരവ് ഈ ബ്ളോക്കിന്റെ കിഴക്കന്‍ മലയോരമേഖലയുടെ മുഖഛായ തന്നെ മാറ്റിമറിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഇവിടുത്തെ വാണിജ്യ, ചെറുകിട വ്യവസായ മേഖലകളിലും അതുവഴി സാമ്പത്തിക മേഖലയിലും എടുത്തു പറയത്തക്ക മുന്നേറ്റവും അതുവഴിയുണ്ടായി. മധ്യതിരുവിതാംകൂറില്‍ നിന്നും ഈ മേഖലയിലേക്കുള്ള കര്‍ഷകരുടെ കുടിയേറ്റം, 1940-ഓടെ തുടങ്ങുകയും കേരളപ്പിറവിയോടെ വ്യാപകമാവുകയും ചെയ്തു. മലയോരമേഖലയിലെ സാംസ്കാരിക-സാമൂഹ്യരംഗത്തെ വളര്‍ച്ചയില്‍ മധ്യതിരുവിതാംകൂറില്‍ നിന്നുമുണ്ടായ കുടിയേറ്റക്കാരുടെ വരവ് വലിയ പങ്കുവഹിച്ചു. അതോടുകൂടി പരമ്പരാഗത കൃഷിരീതിയില്‍ കാതലായ മാറ്റം സംഭവിക്കുകയും കപ്പ, കാച്ചില്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ഹ്രസ്വകാലവിളകളോടൊപ്പം തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവയും കൃഷി ചെയ്തുതുടങ്ങി. ഇന്ന് ഈ മേഖല കാര്‍ഷികമായി സമ്പന്നമാണ്. ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയാണ് ഈ പ്രദേശം. ഒളവറക്കു സമീപം കെ.കേളപ്പന്റെ നേതൃത്വത്തില്‍ 1930-ല്‍ നടന്ന ഉപ്പുസത്യാഗ്രഹം, 1939-ല്‍ കൊടക്കാട് നടന്ന കര്‍ഷക സമ്മേളനം, നീലേശ്വരത്തെ വിഖ്യാതമായ അരയാല്‍ത്തറ സമരം തുടങ്ങിയവയാണ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇവിടെ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രധാന പരിപാടികള്‍. ദേശീയസമരങ്ങളില്‍ പങ്കാളികളാകാനും നേതൃത്വം വഹിക്കാനും അവസരങ്ങള്‍ ലഭിച്ചവരും നിരവധിയുണ്ട് ഈ പ്രദേശത്ത്. രാഷ്ട്രപിതാവായ ഗാന്ധിജിയേയും, രവീന്ദ്രനാഥ ടാഗോറിനേയും പോലുള്ള മഹാരഥന്മാരുടെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ ഭൂമിയാണിവിടം. കര്‍ഷക സമരങ്ങള്‍ കൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിച്ച കയ്യൂരും മുനയംകുന്നും ഈ ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. 1941-ലെ വിഖ്യാതമായ കയ്യൂര്‍ സമരം, മുനയന്‍ കുന്ന് സമരം, 1946-ലെ തിമിരി വിളകൊയ്ത്ത് സമരം തുടങ്ങിയവ കര്‍ഷക പ്രസ്ഥാനത്തോടനുബന്ധിച്ച് ഈ പ്രദേശത്ത് നടത്തപ്പെട്ട പ്രധാന പ്രക്ഷോഭങ്ങളാണ്. ലോകത്തില്‍ ആദ്യമായി 1957-ല്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമരക്കാരനെ തെരഞ്ഞെടുത്തയച്ച നിയോജക മണ്ഡലം എന്ന നിലയില്‍ നീലേശ്വരം ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പരമ്പരാഗതമായി കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരാണ് ഈ നാട്ടില്‍ ഏറിയപങ്കും. നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, വാഴ എന്നിവയാണ് ഇവിടുത്തെ പ്രധാനകൃഷികള്‍. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെ ജന്മിത്വവും കൂട്ടുകുടുംബ സമ്പ്രദായവും അവസാനിക്കുകയും അതിന്റെ ഫലമായി കൃഷിഭൂമി തുണ്ടുതുണ്ടുകളായി വിഭജിക്കപ്പെടുകയും ചെയ്തു. കൈവശഭൂമിയുടെ വ്യാപ്തി കുറഞ്ഞതിനാല്‍ ആദായകരമായി കൃഷി എടുക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണിന്ന് നിലവിലുള്ളത്. കുടിയേറ്റഗ്രാമങ്ങളായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിണാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി എന്നിവിടങ്ങളില്‍ 1942 മുതല്‍ 1966 വരെ ഗതാഗതത്തിന് പൂര്‍ണ്ണമായും ആശ്രയിക്കപ്പെട്ടത്, കാര്യങ്കോട് പുഴയില്‍ കൂടിയുള്ള ജലഗതാഗതം തന്നെയാണ്. റോഡുഗതാഗത സൌകര്യം വര്‍ദ്ധിച്ചതോടു കൂടി കോട്ടപ്പൂറം മുതല്‍ പെരുമ്പട്ട വരെയുള്ള ജലഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഗുരുകുല സമ്പ്രദായം നിലനില്‍ക്കെത്തന്നെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ വിദ്യാഭ്യാസത്തിനായി എഴുത്തുപള്ളികളും എഴുത്താശാന്മാരും മിക്ക ഗ്രാമങ്ങളിലും ഉണ്ടായിരുന്നു. കുടിയേറ്റക്കാരും ക്രിസ്ത്യന്‍ മിഷനറിമാരും അറബി സൂഫിവര്യന്മാരും ഈ രംഗത്ത് ഏറെ സംഭാവന ചെയ്തിട്ടുണ്ട്. സാമൂഹ്യ പുരോഗമന പ്രസ്ഥാനങ്ങളുടെ പരിശ്രമങ്ങളും, അതോടൊപ്പം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഔപചാരിക സഹായവും ഒത്തുചേര്‍ന്നപ്പോള്‍, 1920 മുതല്‍ തന്നെ പൊതുമേഖലയില്‍ വിദ്യാലയങ്ങള്‍ ഉടലെടുത്തു. ആധുനിക രീതിയിലുള്ള വിദ്യാലയങ്ങള്‍ സ്വകാര്യ മേഖലയിലും താലൂക്കു ബോര്‍ഡിന് കീഴിലും പിന്നീട് ജില്ലാ ബോര്‍ഡിന് കീഴിലും പ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍ 250 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ തടിയന്കൊവലില് താളിയോലഗ്രന്ഥങ്ങളുപയോഗിച്ചുള്ള പഠനകേന്ദ്രങ്ങള്‍ നടന്നുവന്നിരുന്നതായി അറിയുന്നു. ആയൂര്‍വ്വേദം, ഇന്ദ്രജാലം, മഹേന്ദ്രജാലം തുടങ്ങിയ വിദ്യകളില്‍ പ്രാവീണ്യം നേടിയിരുന്ന പഴയകാലത്തെ പ്രസിദ്ധനായ ഗുരുവായിരുന്നു പാഞ്ചാലി ഗുരുക്കള്‍. സവര്‍ണ്ണ മേധാവിത്വം, വിദ്യാഭ്യാസ മേഖലയില്‍ അക്കാലത്ത് നിലനിന്നിരുന്നങ്കിലും, അതിനൊരപവാദമായിരുന്നു പിലിക്കോട് വയലില്‍ 75 വര്‍ഷം മുന്‍പ് സ്ഥാപിതമായ പിന്നോക്ക ജാതി സ്കൂള്‍. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പാരമ്പര്യമുള്ള വിദ്യാലയമാണ് നീലേശ്വരം രാജാസ് ഹൈസ്കൂള്‍. മംഗലാപുരം മുതലുള്ള വിദ്യാര്‍ത്ഥികള്‍ ആദ്യകാലത്ത് അധ്യയനം നടത്തിയിരുന്ന ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമായിരുന്നു ഇത്. നീലേശ്വരം രാജവംശത്തിന്റെ മാനേജുമെന്റിന് കീഴിലുള്ള ഈ സ്ഥാപനം സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രഗല്ഭരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. മഹാകവി കുട്ടമത്ത് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. പ്രൈമറി വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ മിഷണറിമാരാല്‍ സ്ഥാപിക്കപ്പെടുകയും, പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്ത 100 വര്‍ഷം പൂര്‍ത്തീകരിച്ച ഒരു വിദ്യാലയമാണ് നീലേശ്വരം ഗവ.എല്‍.പി സ്കൂള്‍. അതുപോലെ പോലെ സൌത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലം മുതല്‍ പ്രവര്‍ത്തിച്ചു വന്ന സ്ക്കൂളാണ് മുഴക്കോം കുലേരി എന്നിവിടങ്ങളില്‍ നിലവിലുളളത്. നീലേശ്വരം ബ്ളോക്കില്‍ ഇന്ന് 122 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ ബ്ളോക്ക് പ്രദേശത്തുള്ള കിനാനൂര്‍-കരിന്തളം പാറ എന്ന സ്ഥലത്തും പരിസരങ്ങളിലും വ്യാപകമായി ബോക്സൈറ്റ് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരവ്യവസായത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന പ്രദേശമാണിത്. കിഴക്കന്‍ മേഖലയിലെ അപൂര്‍വ്വമായ വനസമ്പത്താണ് ഈ ബ്ളോക്ക് പ്രദേശത്തെ മറ്റൊരു പ്രത്യേകത. റബ്ബറും, തെങ്ങും, മരച്ചീനിയും ഇവിടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. കടലോരപ്രദേശത്ത് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ ഒരു കാലത്ത് ഈ പ്രദേശത്തെ സമ്പദ്വ്യവസ്ഥയില് നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നങ്കിലും ഈ മേഖലയില്‍ ഇന്ന് ഉല്പാദനം ഗണ്യമായി കുറഞ്ഞിരിക്കുന്നു.
സാംസ്ക്കാരിക ചരിത്രം
നാനാജാതിമതസ്ഥരുടെ വൈവിധ്യമാര്‍ന്ന സാംസ്ക്കാരികത്തനിമകളുടെ സമന്വയഭൂമിയാണ് ഈ ബ്ളോക്ക് പ്രദേശം. ആദ്യകാലങ്ങളില്‍ ഒട്ടനവധി പീഡനങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന ഇവിടുത്ത സാമാന്യജനത ദേശീയ പ്രസ്ഥാനങ്ങളിലൂടെയും, കര്‍ഷക പ്രക്ഷോഭങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുത്ത കരുത്തില്‍ നിന്നാണ് ഒരു പുതിയ ജീവിതസംസ്കാരത്തിനു വിത്തുപാകിയത്. പ്രസ്തുത കാലഘട്ടത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊണ്ടുകൊണ്ടാണ് നാട്ടിലങ്ങിങ്ങായി വായനശാലകളും ഗ്രന്ഥശാലകളും ഉദയം ചെയ്തുതുടങ്ങിയത്. ഇത് ജനങ്ങളുടെ സാംസ്കാരിക മുന്നേറ്റത്തിലും വളരെയേറെ സ്വാധീനം ചെലുത്തുകയുണ്ടായി. വളരെയെറെ പൌരാണികമായ ക്ഷേത്രങ്ങളുടെയും പള്ളികളുടേയും സൌഹൃദസംഗമ ഭൂമിയാണ് ഇവിടം. നാടന്കലകളേയും ആയോധനകലകളേയും പ്രോത്സാഹിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലും നിലനിര്‍ത്തുന്നതിലും കരിന്തളംകളരി പോലുള്ള ആരാധനാലയങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ചില ക്ഷേത്രങ്ങളിലെയും പള്ളികളിലേയും ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ഇതര മതസ്ഥരുമായി ആചാരപരമായ ചില കൊടുക്കല്‍വാങ്ങലുകള്‍ ഇവിടെ നിലനില്‍ക്കുന്നത് മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി കാണാം. മഹാകവി കട്ടമത്ത്, ടി.എസ്.തിരുമുമ്പ്, നിരഞ്ജന തുടങ്ങിയ സാഹിത്യ പ്രതിഭകളും, ശില്പികളായ കാനായി കുഞ്ഞിരാമന്, കണ്ണന് കേരളവര്‍മ്മന്‍, വിശ്വപ്രശസ്ത തെയ്യം കലാകാരനായ കണ്ണന് പെരുവണ്ണാന്, തുള്ളല്‍ വിദഗ്ധനായ മലബാര്‍ വി.രാമന് നായര്‍ തുടങ്ങിയവരുടെ കര്മ്മമണ്ഡലമാവാന് ഭാഗ്യം സിദ്ധിച്ച നാടാണ് നീലേശ്വരം. മലബാറിന്റെ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ മാത്രം പരമ്പരാഗത കലാരൂപമായ പൂരക്കളി, മറത്തുകളി എന്നിവയ്ക്ക് പണ്ടുണ്ടായിരുന്ന പ്രചാരം ഇന്ന് കുറഞ്ഞുവരുന്നു. ചില പ്രത്യേക മാസങ്ങളില്‍ ഏതാനും സമുദായങ്ങള്‍ അവതരിപ്പിക്കുന്ന അനുഷ്ഠാന കലാരൂപമെന്ന നിലയിലായിരിക്കുന്നു പൂരക്കളിയുടെ സ്ഥാനം. ഒരു കാലഘട്ടത്തില്‍ നാടിന്റെ ഏത് മുക്കിലും മൂലയിലും കാണുമായിരുന്ന ദഫ്മുട്ട് കളി, കോല്‍ക്കളി സംഘങ്ങള്‍ ഇന്ന് നാമാമാത്രമായിക്കഴിഞ്ഞിരിക്കുന്നു. പിലിക്കോട് പോലുള്ള ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന “ശാലിയ പൊറാട്ട്” വളരെയേറെ ജനശ്രദ്ധ ഇന്നും ആകര്‍ഷിക്കുന്നുണ്ട്. പട്ടികവിഭാഗങ്ങളില്‍ ചിലരുടെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് തുടിതാളത്തിനുസരിച്ച് സ്ത്രീകളും പുരുഷന്മാരും ചെയ്യുന്ന നൃത്തരൂപമായ “മംഗലം കളി” എന്ന കലാരൂപവും ഇന്ന് മിക്കവാറും അന്യം നിന്നുപോകുന്ന അവസ്ഥയിലാണ്. മലബാര്‍ മേഖലയില്‍ അറിയപ്പെടാതിരുന്ന മാര്‍ഗ്ഗംകളി ക്രൈസ്തവ കുടിയേറ്റക്കാരുടെ വരവോടെയാണ് ഇവിടങ്ങളില്‍ പ്രചാരത്തില്‍ വന്നതെങ്കിലും ഈ നാടന്‍ കലാരൂപവും ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. നാടന്‍പാട്ടുകളും കൈകൊട്ടിക്കളികളും ഒരുകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ആക്ഷേപഹാസ്യരൂപമായ ഓട്ടന്തുള്ളല് പോലും ഇന്ന് നാമാവശേഷമായ മട്ടാണ്. അനുഷ്ഠാന കലകള്‍ക്ക് ദൈവിക പരിവേഷമുള്ളതുകൊണ്ട് ഒരു പരിധി വരെയെങ്കിലും നിലനില്ക്കുന്നു. നീലേശ്വരത്ത് വച്ച് 1949-ല്‍ സമസ്ത കേരള സാഹിത്യ പരിഷത് സമ്മേളനത്തിനു ശേഷം എത്രയെത്ര മഹത്തായ സാംസ്കാരിക സംഭവങ്ങള്‍ ഇവിടെ അരങ്ങേറി. മഹാകവി കുട്ടമത്തും, ടി.എസ്.തിരുമുമ്പും, മഹാകവി പി.കുഞ്ഞിരാമന് നായരും, വിദ്വാന് പി.കേളു നായരും മറ്റും മറ്റും ഈ പ്രദേശത്ത് പാറി നടന്ന പൂങ്കുയിലുകളായിരുന്നുവെന്ന് പറയാം.