ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
മലപ്പുറം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ തമിഴ്നാടിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതും, പുഴകളും, മലകളും, നിബിഡവനങ്ങളും നിറഞ്ഞതുമായ പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് നിലമ്പൂര്‍. നായ്ക്കന്മാര്‍, ചോലനായ്ക്കന്മാര്‍, മലമുത്തന്മാര്‍, പണിയര്‍ തുടങ്ങിയ ആദിവാസി ഗോത്രസമൂഹങ്ങളാണ് ഇവിടത്തെ ആദിമജനത. നിലമ്പന്മാരുടെ അഥവാ ദേവന്മാരുടെ വാസസ്ഥലം എന്ന അര്‍ത്ഥത്തിലാണ് നിലമ്പൂര്‍ എന്ന പേരുണ്ടായതെന്നൊരു ഐതിഹ്യം ഇവിടെ പ്രചാരത്തിലുണ്ട്. കേരളത്തിന്റെ സാംസ്ക്കാരിക ഭൂപടത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്താവുന്ന സാംസ്കാരികപൈതൃകമാണ് നിലമ്പൂരിനുള്ളത്. ചാലിയാര്‍ പുഴയും കൈവഴികളും ചേര്‍ന്ന് ഒരുക്കിയെടുത്ത ഫലഭൂയിഷ്ഠമായ ഈ മണ്ണില്‍ വികസിച്ചുവന്ന ജനപദത്തിന്റെ സാംസ്കാരികചരിത്രം എവിടെ നിന്നാരംഭിക്കുന്നുവെന്ന് കൃത്യമായി പറയുകവയ്യ. രാജഭരണത്തിന്റെ തണലില്‍ വേരോടിയ ഒരു സാംസ്കാരികാടിത്തറ ഇവിടെയുണ്ട്. നെടിയിരുപ്പ് ഏറാടിമാര്‍ കൈയ്യടക്കിയ കിഴക്കന്‍ ഏറനാടിന്റെ ഹൃദയമാണ് നിലമ്പൂര്‍ ബ്ളോക്ക്. ഒരുകാലത്ത് നിബിഡ വനങ്ങളായിരുന്ന ഇവിടം ഇന്ന് നാഗരികതയിലെത്തി നില്‍ക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും കുടിയേറിപാര്‍ത്തവരും, തദ്ദേശവാസികളുമടങ്ങുന്ന നാനാജാതിമതസ്ഥരുടെ ജനപദമാണ് ഇന്ന് നിലമ്പൂര്‍. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മലപ്പുറം ജില്ലയുടെ പലഭാഗത്തും വര്‍ഗ്ഗീയ ലഹളകള്‍ പൊട്ടിപുറപ്പെട്ടപ്പോഴും മാതൃകാപരമായ സാമുദായിക സൌഹാര്‍ദ്ദം പുലര്‍ത്തിയ പ്രദേശമാണ് നിലമ്പൂര്‍. നിബിഡ വനങ്ങള്‍ നിലമ്പൂരിന്റെ പ്രകൃതിസമ്പത്താണ്. റിസര്‍വ്വ് ഫോറസ്റ്റും സ്വാഭാവിക വനവും ഇവിടെ ദര്‍ശിക്കാം. കേന്ദ്രസര്‍ക്കാര്‍ ആന സംരക്ഷണ വനമായി പ്രഖ്യാപിച്ച മുണ്ടേരി ഫോറസ്റ്റ് ഈ ബ്ളോക്കിന്റെ പരിധിയിലാണ്. ലോക പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോ. സലിം അലി പല തവണ തന്റെ ഗവേഷണ-നിരീക്ഷണങ്ങള്‍ക്കായി നിലമ്പൂര്‍ പ്രദേശങ്ങളിലെ വനഭൂമി സന്ദര്‍ശിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ വന്യജീവികളും വിഹരിക്കുന്ന വനപ്രദേശങ്ങളിവിടെയുണ്ട്. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന തേക്കുതോട്ടങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിന്‍തോട്ടം സ്ഥിതി ചെയ്യുന്നതും നിലമ്പൂരില്‍ തന്നെ. ഇവിടെയുള്ള ജനങ്ങളില്‍ 75 ശതമാനം കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവരാണ്. 1970-കള്‍ക്കു ശേഷം ഇവിടുത്തെ നെല്‍പ്പാടങ്ങളുടെ അളവും ഉല്‍പാദനക്ഷമതയും കുറഞ്ഞുവരികയാണ്. ഒരു കാലഘട്ടത്തില്‍ ഇവിടെ നിന്നും ലോഡു കണക്കിന് നെല്ല് പുറത്തേക്ക് കയറ്റിപ്പോയിരുന്നു. 1960 വരെ നാമമാത്രമായേ ഈ പ്രദേശത്ത് തെങ്ങുകൃഷി ഉണ്ടായിരുന്നുള്ളു. ഈ മേഖല തെങ്ങു കൃഷിക്ക് അനുയോജ്യമല്ല എന്നായിരുന്നു അതുവരെയുള്ള വിലയിരുത്തല്‍. റബ്ബര്‍കൃഷിക്കനുയോജ്യമായ മണ്ണും കാലാവസ്ഥയും മറ്റനുകൂല സാഹചര്യങ്ങളുമാണ് ഈ മേഖലയിലുള്ളത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രദേശത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും തരിശായി കിടന്നിരുന്ന കരഭൂമിയായിരുന്നു. ആ കാലങ്ങളില്‍ കാലികളെ കൂട്ടംകൂട്ടമായി പുറത്ത് വിട്ട് മേയ്ക്കുന്നതിന് വളരെ സൌകര്യമായിരുന്നു. കാലികളെ ധാരാളമായി ഓരോ കുടുംബവും വളര്‍ത്തിയിരുന്നു. ഏഷ്യയില്‍ ഏറ്റവും കുറവ് പ്രദേശത്തുനിന്നും ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പ്രദേശം എന്ന ബഹുമതി ഈ ബ്ളോക്കില്‍ പെട്ട മൂത്തേടം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. 1950-60 കാലഘട്ടമായപ്പോഴേക്കും മധ്യകേരളത്തില്‍ നിന്നും ധാരാളം പേര്‍ ഈ പ്രദേശത്തേക്ക് കുടിയേറി, തരിശ്ശായി കിടന്നിരുന്ന ഭൂമി വാങ്ങി കാട് വെട്ടിത്തെളിച്ച് റബ്ബര്‍ തുടങ്ങിയ കൃഷികള്‍ ധാരാളമായി കൃഷി ചെയ്യാന്‍ തുടങ്ങി. അതേ തുടര്‍ന്ന് പില്‍ക്കാലത്ത് ജനസാന്ദ്രത വര്‍ദ്ധിച്ച് ഭൂമി മുഴുവന്‍ തുണ്ടുതുണ്ടായി മാറ്റപ്പെട്ടതുകൊണ്ട് കാലികളെ പുറത്തു വിട്ട് മേയ്ക്കാന്‍ സൌകര്യമില്ലാതായി. വൈദ്യശാസ്ത്രത്തിലും, ഭൂമിശാസ്ത്രത്തിലും പ്രായോഗികമായ അറിവു നേടിയിരുന്ന ആദിവാസികളിലാണ് നിലമ്പൂരിലെ വിദ്യാഭ്യാസചരിത്രത്തിന്റെ വേരുകള്‍ കുടികൊളളുന്നത്. ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന നാട്ടാശാന്‍മാരുടെ എഴുത്തുകളരികളും മുസ്ളീംപണ്ഡിതന്‍മാരുടെ മദ്രസകളും നിലമ്പൂര്‍ കോവിലകം രാജാക്കന്‍മാരുടെ സംഭാവനകളും കുടിയേറ്റ കര്‍ഷകരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസമേഖലയെ വളര്‍ത്തിയ പ്രധാനഘടകങ്ങളാണ്. 1903-ല്‍ നിലമ്പൂരില്‍ സ്ഥാപിച്ച ലോലി ബോര്‍ഡു ഹിന്ദു എലിമെന്ററി സ്കൂളാണ് ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം. 1914-ല്‍ ചന്തക്കുന്നില്‍ സ്ഥാപിച്ച മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍, 1918-ല്‍ രൂപം കൊണ്ട വെള്ളയൂരിലെ വിദ്യാലയം, 1921-ല്‍ സ്ഥാപിച്ച ബോര്‍ഡ് ഓഫ് ബോയ്സ് സ്കൂള്‍ അമരമ്പലം, 1928-ല്‍ മൂത്തേടത്ത് ആരംഭിച്ച മാപ്പിള ബോര്‍ഡു സ്കൂള്‍, അതേ വര്‍ഷം ആരംഭിച്ച എരഞ്ഞിമങ്ങാട് എല്‍.പി, ചുങ്കത്തറ ജി.എല്‍.പി, 1941-ല്‍ കരുളായിയില്‍ തുടങ്ങിയ ഡി.എം.ആര്‍.റ്റി വിദ്യാലയം, 1940-ല്‍ സ്ഥാപിച്ച നിലമ്പൂര്‍ മാനവേദന്‍ ഹൈസ്കൂള്‍, 1951-ല്‍ സ്ഥാപിച്ച സി.കെ.എച്ച്.എസ് മണിമൂളി എന്നിവയാണ് ഈ മേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 1930-ല്‍ കാളികാവില്‍ സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു പെണ്‍സ്കൂള്‍ സ്ഥാപിച്ചിരുന്നു. നിലമ്പൂര്‍ ബ്ളോക്കില്‍ 60 എല്‍.പി.സ്കൂളും 38 യു.പി.സ്കൂളും 15 ഹൈസ്കൂളുകളുമുണ്ട്.1982-ന് ശേഷം ചാലിയാറിന് കുറുകെ മൈലാടിപ്പാലവും പുന്നപ്പുഴക്ക് കുറുകെ കാറ്റാടി കടവ് പാലവും പണി തീര്‍ത്തത് ബ്ളോക്കിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. 1927-ല്‍ ബ്രിട്ടീഷുകാര്‍ പണിത ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ റെയില്‍വേ പാത നിലമ്പൂര്‍ പഞ്ചായത്തില്‍ വന്ന് അവസാനിക്കുകയാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കത്തക്കവിധം ലോക ടൂറിസം ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ച ഒട്ടനവധി പ്രദേശങ്ങള്‍ നിലമ്പൂരിലുണ്ട്. 1844-ല്‍ മലബാര്‍ കളക്ടറായിരുന്ന എച്ച്.വി കനോലി നിലമ്പൂരില്‍ വെച്ചുപിടിപ്പിച്ച തേക്കിന്‍തോട്ടമാണ് ലോകത്തിലെ ആദ്യത്തെ തേക്കിന്‍തോട്ടം. കൂടാതെ നിലമ്പൂരിലെ തേക്ക് മ്യൂസിയം, ആഡ്യന്‍പാറ എന്നിവിടങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിത്തുകൃഷി തോട്ടമാണ് ഇവിടുത്തെ മുണ്ടേരി വിത്തു കൃഷിത്തോട്ടം. നിലമ്പൂരിലെ ചാലിയാര്‍ തടം കേരളത്തില്‍ മണ്ണിന്റെ ഫലഭൂയിഷ്ഠതയില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നു. പുഴയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിലൂടെ ലഭിക്കുന്ന ജൈവവള സമ്പത്തായിരിക്കണം ഇതിനു കാരണം. ഇന്ന് കേരളത്തില്‍ തന്നെ റബ്ബര്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നായി നിലമ്പൂര്‍ മാറിയിരിക്കുന്നു. ഒട്ടനവധി സാംസ്കാരിക നായകന്മാരെയും പ്രൊഫഷണല്‍ മാജിക് രംഗത്ത് ലോകപ്രസിദ്ധരായ പ്രതിഭകളെയും മറ്റും വളര്‍ത്തിയെടുക്കുവാന്‍ നിലമ്പൂരിന് സാധിച്ചിട്ടുണ്ട്. നിലമ്പൂര്‍പാട്ട് ലോക പ്രസിദ്ധം തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് നിലമ്പൂരില്‍ നിലവില്‍ വന്ന നിലമ്പൂര്‍ യുവജന കലാസമിതി ഏറനാടിന്റെയും മലബാറിന്റെയും സാംസ്കാരിക മുന്നേറ്റത്തിന് വഹിച്ച പങ്ക് ഏറെയാണ്. ഡോ.എം.ഉസ്മാന്‍, ഇ.കെ.അയമു, കെ.ടി.മുഹമ്മദ് തുടങ്ങിയ കഥാകൃത്തുകളും, നടനും സംവിധായകനുമായ നിലമ്പൂര്‍ ബാലന്‍, നിലമ്പൂര്‍ ആയിഷ, സീനത്ത്, കുഞ്ഞാണ്ടി തുടങ്ങിയവരും പിന്നണിഗായകന്‍ കൃഷ്ണ ചന്ദ്രന്‍, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ നിലമ്പൂരിന്റെ സംഭാവനയാണ്. നൃത്തകാരനും അതുപോലെ സംഗീത നിപുണനുമായ രാഘവവര്‍മ്മ നിലമ്പൂരിലെ പ്രശസ്ത വ്യക്തിത്വമാണ്. നാടക രംഗത്ത് ഒട്ടനവധി പ്രാദേശിക പുരസ്കാരങ്ങള്‍ വാരികൂട്ടിയ ആളാണ് മുഹമ്മദ് മേസ്ത്രി. നാടകരംഗത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട മുസ്ളീം വനിത നിലമ്പൂര്‍ ആയിഷ ആയിരുന്നു എന്നത് ഈ നാടിന്റെ സാംസ്ക്കാരികത്തനിമയെയാണ് എടുത്തു കാട്ടുന്നത്. നിലമ്പൂരിന്റെ ദേശീയോല്‍സവമായി കൊണ്ടാടുന്ന പാട്ടുത്സവം ഇന്നും പഴമ കൈവിടാതെ തുടര്‍ന്നു പോരുന്നു. വിദേശ വിനോദ സഞ്ചാരികളെപ്പോലും ആകര്‍ഷിക്കുന്ന പ്രസിദ്ധമായ ആഡ്യന്‍പാറ ഈ ബ്ളോക്കിലെ ചാലിയാര്‍ പഞ്ചായത്തിലാണ്. മാജിക് ലോകത്തെ അത്ഭുതങ്ങളായ ഗോപി മുതുകാടും, ആര്‍.കെ.മലയത്തും, ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ മജിഷ്യയായ നിര്‍മ്മലാ മലയത്തും ഈ ബ്ളോക്ക് പഞ്ചായത്തുകാരാണ്. 1927-ല്‍ ബ്രിട്ടീഷുകാര്‍ പണിത ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാത നിലമ്പൂര്‍ ബ്ളോക്കിലാണ് അവസാനിക്കുന്നത്. കോഴിക്കോട്-നിലമ്പൂര്‍-ഊട്ടി പാതയാണ് നിലമ്പൂര്‍ ബ്ളോക്കിലൂടെ കടന്നുപോകുന്ന പ്രധാന റോഡ്.